എംബസി റെയിറ്റിലെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ ബ്ലാക്ക് സ്‌റ്റോണ്‍
- നിലവില്‍ രാജ്യത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റുചെയ്ത നാല് റെയിറ്റുകളുണ്ട്
എംബസി ഓഫീസ് പാര്‍ക്ക്‌സ് റെയിറ്റിലെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ ആഗോള ഫണ്ടിംഗ് സ്ഥാപനമായ ബ്ലാക്ക് സ്‌റ്റോണ്‍. എംബസി ഓഫീസ് പാര്‍ക്ക്‌സ് റെയിറ്റിലെ ബ്ലാക്ക് സ്റ്റോണിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനമാണ്. ഇത് 7,000 മുതല്‍ 7,500 കോടി രൂപ വരെ പണമാക്കി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം.
എംബസി പാര്‍ക്ക്‌സ് റെയിറ്റിന്റെ ഓഹരി വില ഇന്നലെ എൻഎസ്ഇയില്‍ 331.15 രൂപയിലാണ് അവസാനിച്ചത്. അതിന്റെ മൊത്തം വിപണി മൂല്യം 31,805 കോടി രൂപയോളം വരും.
ഇന്ത്യയിലെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റാണ് (ആര്‍ഇഐടി-റെയിറ്റ്) എംബസി ഓഫീസ് പാര്‍ക്ക് റെയിറ്റ്‌സ്. ബ്ലാക്ക് സ്റ്റോണും ബെംഗളുരു ആസ്ഥാനമായുള്ള റിയല്‍റ്റി സ്ഥാപനമായ എംബസി ഗ്രൂപ്പുമാണ് ഇതിന്റെ സ്‌പോണ്‍സര്‍മാര്‍. പബ്ലിക് ഇഷ്യുവിലൂടെ 5,000 കോടി രൂപയോളം സമാഹരിച്ചാണ് 2019 ല്‍ കമ്പനി ലിസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം 325 ദശലക്ഷം ഡോളര്‍ (ഏകദേശം 2,650 കോടി രൂപ) ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിച്ചിരുന്നു. അന്ന് 32 ശതമാനത്തോളം ഓഹരിയാണ് ബ്ലാക്ക് സ്റ്റോണ്‍ വിറ്റഴിച്ചത്.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഹരി വിറ്റഴിക്കല്‍ മൂന്നാമത്തേതാണ്. ഇതോടെ എംബസി ഓഫീസ് പാര്‍ക്ക്‌സ് റെയിറ്റിലെ ബ്ലാക്ക് സ്റ്റോണിന്റെ ഓഹരി പങ്കാളിത്തം പൂര്‍ണമായും ഇല്ലാതാകും.
ബെംഗളൂരു, മുംബൈ, പൂനെ, ഡല്‍ഹി എന്നിവിടങ്ങളില്‍ 45.3 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒമ്പത് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഫീസ് പാര്‍ക്കുകളും നാല് സിറ്റി സെന്റര്‍ ഓഫീസ് കെട്ടിടങ്ങളുമാണ് എംബസി റെയിറ്റിന്റെ ഉടമസ്ഥതയിലുള്ളത്. എംബസി ആര്‍ഇഐടിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ 35.3 ദശലക്ഷം ചതുരശ്ര അടി നിര്‍മാണം പൂര്‍ത്തിയായ ഇടമായാണ് കാണിക്കുന്നത്.
എംബസി റെയിറ്റ്, മൈന്‍ഡ്‌സ്‌പേസ് റെയിറ്റ് എന്നീ രണ്ട് ഓഫീസ് റെയിറ്റുകള്‍ ബ്ലാക്ക്‌സ്റ്റോണ്‍ ഇന്ത്യയില്‍ ആരംഭിച്ചു. ബ്ലാക്ക് സ്‌റ്റോണ്‍ ഇതിനകം മൈന്‍ഡ്‌സ്‌പേസ് റെയിറ്റില്‍ നിന്നും പുറത്തുകടന്നിരുന്നു. ഈ വര്‍ഷം ലിസ്റ്റുചെയ്ത 'നെക്‌സസ് സെലക്ട് ട്രസ്റ്റ്' എന്ന റീട്ടെയില്‍ ആസ്തി പിന്തുണയുള്ള റെയിറ്റിനെയും ബ്ലാക്ക് സ്‌റ്റോണ്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റുചെയ്ത നാല് റെയിറ്റുകളുണ്ട്.