ആസ്റ്റര്‍ ഗള്‍ഫ് ബിസിനസ് വിൽക്കുന്നു; 15% മുന്നേറി ഓഹരി
- ഏകദേശം 8215 കോടി രൂപയ്ക്കാണ് വില്പന നടക്കുന്നത്
- ചെയര്‍മാന്‍ എന്ന നിലയില്‍ ഡോ. ആസാദ് മൂപ്പന്‍ തുടരും
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ജിസിസി (ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) ബിസിനസ് വില്‍ക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി.
നവംബര്‍ 28-ന് ഇക്കാര്യം കമ്പനി അറിയിച്ചു.
100 കോടി ഡോളറിന്റേതാണ് ഇടപാട്. ഇത് ഏകദേശം 8215 കോടി രൂപയോളം വരും.
യുഎഇ സര്‍ക്കാരിന്റെ പിന്തുണയുള്ള ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള ഒരു കണ്‍സോര്‍ഷ്യത്തിനായിരിക്കും ഇനി ഗള്‍ഫിലെ ആസ്റ്ററിന്റെ ബിസിനസില്‍ 65 ശതമാനം ഉടമസ്ഥാവകാശം. ആസ്റ്ററിന്റെ പ്രൊമോട്ടറായ ഡോ. ആസാദ് മൂപ്പന് 35 ശതമാനം ഓഹരി ഉടമസ്ഥതയുമുണ്ടായിരിക്കും.
2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനി കൈമാറ്റം പൂര്‍ണമാകുമെന്നാണ് പ്രതീക്ഷ.
ഇന്ന് (നവംബര്‍ 29) രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ഓഹരികള്‍ 15 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 381.80 രൂപയിലെത്തി.
ഗള്‍ഫ് ബിസിനസ് വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ വലിയൊരു ഭാഗം കമ്പനി ലാഭവിഹിതമായി നല്‍കുമെന്നും, ഒരു ഭാഗം വളര്‍ച്ചയ്ക്കുള്ള മൂലധനമായി ഉപയോഗിക്കുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ആസ്റ്ററിന്റെ ഇന്ത്യ, ജിസിസി ബിസിനസിന് വിപണി മൂല്യം ഇപ്പോള്‍ 200 കോടി ഡോളറാണു കണക്കാക്കുന്നത്.
ഇന്ത്യയിലെയും ജിസിസിയിലെയും ബിസിനസിന്റെ സ്ഥാപകന്‍, ചെയര്‍മാന്‍ എന്നീ നിലകളില്‍ ഡോ. ആസാദ് മൂപ്പന്‍ തുടരും. ജിസിസി ബിസിനസിന്റെ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായി അലീഷ മൂപ്പന് സ്ഥാനക്കയറ്റം നല്‍കും. ഡോ. ആസാദ് മൂപ്പന്റെ മകളാണ് അലീഷ. ഇപ്പോള്‍ ഡെപ്യൂട്ടി എംഡിയായി പ്രവര്‍ത്തിക്കുകയാണ് അലീഷ.