കുതിച്ചുയർന്ന് അപ്പോളോ ടയേഴ്‌സ്: കേരള കമ്പനികളുടെ പ്രകടനം
- എക്കാലത്തെയും ഉയർന്ന വിലയിൽ കല്യാൺ ജ്വലേഴ്‌സ്
- നേട്ടത്തിൽ ഫാക്ട് ഓഹരികൾ
- കുതിപ്പ് തുടർന്ന് വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ്‌സ്
നവംബർ 8-ലെ വ്യാപാരം അവസാനിച്ചപ്പോൾ അപ്പോളോ ടയേഴ്‌സ് 6.82 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 384.10 രൂപയിൽ നിന്നും ഓഹരിയൊന്നിന് 26.2 രൂപ ഉയർന്ന് 410.30 രൂപയിൽ ക്ലോസ് ചെയ്തു. മികച്ച പാദഫലമാണ് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അറ്റാദായം 167 ശതമാനം ഉയർന്ന് 474 കോടി രൂപയായി കമ്പനി രേഖപ്പെടുത്തിയിരുന്നു.
എക്കാലത്തെയും ഉയർന്ന വിലയിൽ കല്യാൺ ജ്വലേഴ്‌സ്. ഓഹരികൾ ഇന്ന് വ്യാപാരമധ്യേ എക്കാലത്തെയും ഉയർന്ന വിലയായ 351.8 രൂപയിൽ എത്തിയിരുന്നു. വ്യാപാരവസാനം 3.25 ശതമാനത്തിന്റെ നേട്ടത്തിൽ ഓഹരികൾ 347.90 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ ഇന്നും രണ്ട് ശതമാനം ഉയർന്നു. ഓഹരികൾ 226.95 രൂപയിൽ ക്ലോസ് ചെയ്തു.
നേട്ടത്തിൽ ഫാക്ട് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 710.05 രൂപയിൽ നിന്നും 4.75 ശതമാനം ഉയർന്ന് 743.75 രൂപയിൽ ഓഹരികൾ വ്യാപാരം നിർത്തി. പാദഫല പ്രഖ്യാപന ദിവസം കമ്പനി 8 രൂപയുടെ ഇടക്കാല വിഹിതവും പ്രഖ്യാപിച്ചിരുന്നു. ഓഹരി വിഭജനത്തിനും കമ്പനിയുടെ ബോർഡ് അംഗീകരം നൽകി. വിഭജന തിയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
കുതിപ്പ് തുടർന്ന് വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ്‌സ്. ഓഹരികൾ ഇന്ന് 4.85 ശതമാനം ഉയർന്നു. കഴിഞ്ഞ 30 ദിവസത്തിൽ ഓഹരികൾ 30 ശതമാനമാണ് ഉയർന്നത്. ഓഹരി ഒന്നിന് 32.75 രൂപയുടെ നേട്ടമാണ് ഒരു മാസത്തിൽ നിക്ഷേപകർക്ക് നൽകിയത്.
ബാങ്കിങ് മേഖലയിൽ സിഎസ്ബി ബാങ്ക് 1.21 ശതമാനം ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് 0.17 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.20 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.85 ശതമാനവും ഇടിവ് രേഖപ്പെടുത്തി.