അന്വേഷണം കടുപ്പിച്ച് യുഎസ്; അദാനി ഓഹരികൾ കുത്തനെ ഇടിഞ്ഞു
- യുഎസ് ഗവൺമെൻ്റിൻ്റെ അന്വേഷണം നേരിടുന്ന അദാനി ഗ്രൂപ്പിൻറെ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കുത്തനെ ഇടിഞ്ഞു.
- അദാനി എൻ്റർപ്രൈസസ് ഓഹരികൾ ഏകദേശം 4 ശതമാനം ഇടിഞ്ഞു
- തുടക്ക വ്യാപാരം മുതൽ തന്നെ അദാനി ഗ്രൂപ്പിലെ 10 ഓഹരികളും ഇടിവിലാണ്.
കൈക്കൂലി വാങ്ങിയെന്ന സംശയത്തെത്തുടർന്ന് യുഎസ് ഗവൺമെൻ്റിൻ്റെ അന്വേഷണം നേരിടുന്ന അദാനി ഗ്രൂപ്പിൻറെ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കുത്തനെ ഇടിഞ്ഞു. തുടക്ക വ്യാപാരം മുതൽ തന്നെ അദാനി ഗ്രൂപ്പിലെ 10 ഓഹരികളും ഇടിവിലാണ്.
അദാനി എൻ്റർപ്രൈസസ് ഓഹരികൾ ഏകദേശം 4 ശതമാനം ഇടിഞ്ഞു, അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഓഹരികൾ മൂന്നു ശതമാനം ഇടിഞ്ഞു. അദാനി വിൽമർ ലിമിറ്റഡ്, അദാനി പവർ ഓഹരികൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ, അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്, അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് എന്നിവ 2-3 ശതമാനം വരെ താഴ്ന്നു.
സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയുടെ നീക്കങ്ങൾ യുഎസ് ഗവൺമെൻ്റ് പരിശോധിച്ച് വരുകയാണ്. ഊർജ പദ്ധതികൾക്ക് മുൻഗണന നൽകുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിൽ അദാനി സ്ഥാപനങ്ങളോ കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളോ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം തുടരുന്നു.
ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോർണി ഓഫീസും ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് ഫ്രോഡ് യൂണിറ്റാണ് അന്വേഷണം കൈകാര്യം ചെയുന്നത്. സ്ഥാപനത്തിനോ അതിൻ്റെ സ്ഥാപകനോ എതിരായ അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നും അദാനി പറഞ്ഞു.
ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട് പുറത്തു വന്ന് ഒരു വർഷത്തിന് ശേഷമാണ് പുതിയ ആരോപണം അദാനി ഗ്രൂപ്പിനെതിരെ എത്തുന്നത്. കമ്പനി ആരോപണങ്ങൾ നിഷേധിക്കുകയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിൽവിൽ അദാനി എൻ്റർപ്രൈസസിൻ്റെ ഓഹരികൾ 2.2 ശതമാനം ഇടിഞ്ഞ് 3,065 രൂപയിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ വർഷം ഓഹരികൾ ഏകദേശം 70 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. മൂന്ന് ശതമാനത്തോളം ഇടിഞ്ഞ അദാനി പോർട്ട്‌സ് ഓഹരികൾ 1,255.85 രൂപയിലെത്തി. കഴിഞ്ഞ വർഷം 87 ശതമാനത്തിലധികം ഓഹരികൾ ഉയർന്നിരുന്നു.