തുടർച്ചയായി അഞ്ചാം ദിവസവും ആഭ്യന്തര സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും റെക്കോർഡ് ഉയരം കൈവരിച്ചിരിക്കുകയാണ്. ശക്തമായ മാക്രോ ഇക്കണോമിക് ഡാറ്റയും, ബി ജെ പിക്ക് അനുകൂലമായ തിരഞ്ഞെടുപ്പ് ഫലവും വിപണിയെ സ്വാധീനിച്ചതാണ് കുതിപ്പിനുള്ള കാരണം. ഈ വിജയത്തിൽ ഏറ്റവും വലിയ നേട്ടം കൈവരിച്ചത് അദാനി ഗ്രൂപ്പ് ഓഹരികളാണ്. അദാനി ഗ്രൂപ് ഓഹരികളിൽ മിക്കതും മികച്ച കുതിപ്പിലാണ് വ്യാപാരം ആരംഭിച്ചത്. ഇതോടെ മൊത്തം ഓഹരികളുടെ സംയുക്ത വിപണി മൂലധനം തുടക്ക വ്യാപാരത്തിൽ 12 ലക്ഷം കോടി രൂപ കടന്നു. ഇതിനെത്തുടർന്ന് രണ്ട് ആഭ്യന്തര സൂചികകളിലും ഏറ്റവും ഉയർന്ന നേട്ടം അദാനി ഓഹരികൾ നേടി.
നിഫ്ടിയിൽ അദാനി എന്റർപ്രൈസസും അദാനി പോർട്ട്‌സും യഥാക്രമം 8 ശതമാനവും 5 ശതമാനവും നേട്ടമുണ്ടാക്കി. സെൻസെക്സിലെ അഞ്ച് മികച്ച നേട്ടത്തിൽ നാലെണ്ണവും അദാനി ഗ്രൂപ് ഓഹരികളായിരുന്നു. അദാനി ഗ്രീന്‍ ഓഹരികൾ 8 ശതമാനം ഉയർന്നു. ഉയർന്ന മറ്റ് അദാനി ഓഹരികൾ - അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അദാനി എന്റർപ്രൈസസ് എന്നിവ രാവിലെ 9:30-ക്ക് 6 ശതമാനം വീതം നേട്ടമുണ്ടാക്കി.
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയവും, കഴിഞ്ഞ ആഴ്ച്ചകളിൽ വിപണി സാക്ഷ്യം വഹിച്ച വിദേശ ഫണ്ടുകളുടെ നിക്ഷേപവും, അനുയോജ്യമായ മാക്രോ ഇക്കണോമിക് സാഹചര്യങ്ങളൂം ആഭ്യന്തര സൂചികകളെ നേട്ടത്തിന് കരണമായെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം.
ബിഎസ്ഇ സെൻസെക്‌സ് 877.43 പോയിന്റ് അഥവാ 1.30 ശതമാനം ഉയർന്ന് 68,358.62 എന്ന പുതിയ ഉയരം തൊട്ടു. നിഫ്റ്റി 284.80 പോയിന്റ് അഥവാ 1.41 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന പോയിന്റായ 20,552.70 ലെത്തി.
സെൻസെക്‌സ് സൂചികയിൽ അദാനി എന്റർപ്രൈസസും അദാനി പോർട്ട്‌സും യഥാക്രമം 6.79 ശതമാനവും 4.52 ശതമാനവും ഉയർന്ന നേട്ടവുമായി സൂചികയിൽ മുന്നിലെത്തി.
എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എൻടിപിസി, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയാണ് നേട്ടം കൈവരിച്ച മറ്റ് പ്രധാന കമ്പനികൾ.