ബിജെപി വിജയത്തിലാറാടി അദാനി; ഗ്രുപ്പിന്റെ വിപണി മൂല്യം 12 ലക്ഷം കോടി
- അദാനി ഗ്രീൻ എനർജിയാണ് ഏറ്റവും ഉയർന്ന നേട്ടം നൽകിയത്
- എസിസി, അംബുജ സിമന്റ്‌സ് ഓഹരികളും ഉയർന്നു
- അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യത്തിൽ 84,410 കോടി രൂപ ഉയർന്നു
രണ്ട് ദിവസത്തിൽ അദാനി ഓഹരികൾ കുതിച്ചത് 30 ശതമാനം. ഇതോടെ അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യം ചൊവ്വാഴ്ച 12 ലക്ഷം കോടി രൂപയിലെത്തി. അമേരിക്കൻ ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്ന് ഈ വർഷം ആദ്യം ഇടിവ് നേരിട്ട ഓഹരികളുടെ മൂല്യം 12 ലക്ഷം കോടി രൂപയിലെത്തുന്നത് ഇതാദ്യമാണ്.
ഇതിൽ അദാനി എന്റർപ്രൈസസ് ഓഹരികൾ മാത്രം 18 ശതമാനമാണ് ഈ രണ്ട് ദിവസത്തിൽ നേട്ടമുണ്ടാക്കിയത്. മുൻ ദിവസം 10 ശതമാനം ഉയർന്നതിന് ശേഷം ഓഹരികളുടെ വ്യാപാരം താൽക്കാലികമായി നിർത്തിയിരുന്നു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേടിയ വിജയത്തിന്റെ ശേഷമാണ് ഓഹരികളിൽ 30 ശതമാനത്തിന്റെ റാലി ഉണ്ടായത്.
ഇന്നത്തെ വ്യപാര ശേഷം അദാനി എന്റർപ്രൈസസ് 10 ശതമാനം ഉയർന്ന് 6 മാസത്തെ ഏറ്റവും ഉയർന്ന വിലയായ 2,784.30 രൂപയിലെത്തി. അദാനി പോർട്ട്സ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 966.50 രൂപയിലെത്തി, ഓഹരികൾ 10 ശതമാന നേട്ടമാണ് ഇന്നത്തെ വ്യാപാരത്തിൽ കൈവരിച്ചത്.
അദാനി ഗ്രൂപ് ഓഹരികളിൽ നിന്നും അദാനി ഗ്രീൻ എനർജിയാണ് ഏറ്റവും ഉയർന്ന നേട്ടം നൽകിയത്. ഓഹരികൾ 19 ശതമാനം ഉയർന്ന് 6 മാസത്തെ ഏറ്റവും ഉയർന്ന വിലയായ 1341.6 രൂപ തൊട്ടു. അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി വിൽമർ എന്നിവ 6-14 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
മറ്റ് രണ്ട് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളായ എസിസി, അംബുജ സിമന്റ്‌സ് യഥാക്രമം 4 ശതമാനവും 5 ശതമാനവും ഇന്നത്തെ വ്യാപാരത്തിൽ ഉയർന്നിരുന്നു.
ഈ ഓഹരികളിലെ ഒറ്റ ദിവസത്തെ നേട്ടം കൊണ്ട് അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യത്തിൽ 84,410 കോടി രൂപ ഉയർന്നു. ഇതോടെ ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണി മൂല്യം 12.79 ലക്ഷം കോടി രൂപയിലെത്തി.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നവംബർ 24 ന് സുപ്രീം കോടതി വിധി റിസർവ് ചെയ്തതിന് ശേഷം കഴിഞ്ഞ ആഴ്ച മുതൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ റാലി തുടരുകയാണ്.