കുരുമുളക് സംഭരണം ആരംഭിച്ച് ഇടപാടുകാര്‍; ഏലത്തിന് താത്പര്യമേറുന്നു

  • കുരുമുളക് വില ക്വിന്റ്റലിന് 2,000 രൂപ കുറഞ്ഞത് വാങ്ങലുകാരെ ആകര്‍ഷിച്ചു
  • അന്തര്‍ സംസ്ഥാന വാങ്ങലുകാര്‍ ഉല്‍പാദന കേന്ദ്രങ്ങളില്‍ നേരിട്ട് ഇറങ്ങി കുരുമുളക് സംഭരിക്കുന്നുണ്ട്
  • വണ്ടന്‍മേട്ടില്‍ നടന്ന ഏലക്ക ലേലത്തില്‍ വരവ് ഉയര്‍ന്ന അവസരത്തില്‍ കയറ്റുമതിക്കാരില്‍ നിന്നും ആഭ്യന്തര വ്യാപാരികളില്‍ നിന്നുമുളള വാങ്ങല്‍ താല്‍പര്യം ശക്തമായി

Update: 2024-07-19 12:49 GMT

കുരുമുളക് വില ഉയര്‍ന്ന തലത്തില്‍ നിന്നുള്ള സാങ്കേതിക തിരുത്തലിനിടയില്‍ ഉത്തരേന്ത്യയില്‍ നിന്നും പുതിയ അന്വേഷണങ്ങള്‍ എത്തി തുടങ്ങി. ഒരു മാസത്തിനിടയില്‍ ഉല്‍പ്പന്ന വില ക്വിന്റ്റലിന് 2,000 രൂപ കുറഞ്ഞത് വാങ്ങലുകാരെ ആകര്‍ഷിച്ചു. അടുത്തമാസം ഉത്തരേന്ത്യയില്‍ ഉത്സവ സീസണിന് തുടക്കം കുറിക്കും മുന്നേ കൂടുതല്‍ ചരക്ക് വിവിധ സംസ്ഥാനങ്ങളിലെ വന്‍കിട വിപണികളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടപാടുകാര്‍. അന്തര്‍ സംസ്ഥാന വാങ്ങലുകാര്‍ ഉല്‍പാദന കേന്ദ്രങ്ങളില്‍ നേരിട്ട് ഇറങ്ങി കുരുമുളക് സംഭരിക്കുന്നുണ്ട്. ജൂണ്‍ മദ്ധ്യം 67,600 രൂപയില്‍ നിലകൊണ്ട അണ്‍ ഗാര്‍ബിള്‍ഡ് മുളക് വിലയിപ്പോള്‍ 65,600 രൂപയിലാണ്.

ഉത്സവ ഡിമാന്റ് മുന്നില്‍ കണ്ട് ജാതിക്ക, ജാതിപത്രിയും ശേഖരിക്കാന്‍ വ്യവസായികള്‍ ഉത്സാഹിച്ചു. കറിമസാല, ഔഷധ വ്യവസായികളും രംഗത്ത് സജീവമെങ്കിലും വിലയില്‍ മാറ്റം വരുത്താതെയാണ് അവര്‍ ചരക്ക് ശേഖരിക്കുന്നത്. അന്തരീക്ഷ താപനില കുറഞ്ഞതിനാല്‍ ഉണക്ക് കൂടിയ ജാതിക്കയാണ് വ്യവസായികള്‍ വാങ്ങുന്നത്. ഇതിനിടയില്‍ അറബ് രാജ്യങ്ങളുമായി നേരത്തെ ഉറപ്പിച്ച കരാറുകള്‍ മുന്‍ നിര്‍ത്തി ചില കയറ്റുമതിക്കാരും ചരക്ക് സംഭരിക്കുന്നുണ്ട്. മദ്ധ്യ കേരളത്തിലെ വിപണികളില്‍ ജാതിക്ക തൊണ്ടന്‍ കിലോ 250 രൂപയിലും ജാതിപരിപ്പ് 440 രൂപയിലും വിപണനം നടന്നു.

വണ്ടന്‍മേട്ടില്‍ നടന്ന ഏലക്ക ലേലത്തില്‍ വരവ് ഉയര്‍ന്ന അവസരത്തില്‍ കയറ്റുമതിക്കാരില്‍ നിന്നും ആഭ്യന്തര വ്യാപാരികളില്‍ നിന്നുമുളള വാങ്ങല്‍ താല്‍പര്യം ശക്തമായി. മൊത്തം 63,772 കിലോ ഏലക്ക വന്നതില്‍ 58,072 കിലോ ചരക്കും ലേലം കൊണ്ടു. ശരാശരി ഇനങ്ങള്‍ കിലോ 2099 രൂപയായും മികച്ചയിനങ്ങള്‍ 2818 രൂപയിലും ഇടപാടുകള്‍ നടന്നു.

Tags:    

Similar News