വിശ്വാസ് അഗ്രി സീഡ്സ് ഐപിഒ മാർച്ച് 21-ന്
- ഇഷ്യൂ മാർച്ച് 26-ന് അവസാനിക്കും
- ഓഹരിയൊന്നിന് 86 രൂപയാണ് ഇഷ്യൂ വില
- ഒരു ലോട്ടിൽ 1600 ഓഹരികൾ
വിതരണ ശൃംഖല വഴി കർഷകർക്ക് വിത്ത് സംസ്കരിച്ച് നൽകുന്ന വിശ്വാസ് അഗ്രി സീഡ്സ് ഐപിഒ മാർച്ച് 21-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 30 ലക്ഷം ഓഹരികൾ നൽകി 25 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഇഷ്യൂ മാർച്ച് 26-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 27-ന് പൂർത്തിയാകും. ഓഹരികൾ ഏപ്രിൽ ഒന്നിന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 86 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 137,600 രൂപ.
അശോക്ഭായ് സിബാഭായ് ഗജേര, ഭാരത്ഭായ് സിബാഭായ് ഗജേര, ദിനേശ്ഭായ് മദാഭായ് സുവാഗിയ എന്നിവരാണ് കമ്പനി പ്രൊമോട്ടർമാർ.
ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക കോർപ്പറേറ്റ് ഓഫീസ് കെട്ടിടം സജ്ജീകരിക്കുന്നതിനും, വിത്ത് പരിശോധനാ ലബോറട്ടറി സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും, ഹരിതഗൃഹം (ഫാൻ-പാഡ് സിസ്റ്റം) സജ്ജീകരിക്കുന്നതിന്, റൂഫ് ടോപ്പ് സോളാർ മോണോക്രിസ്റ്റലിൻ പാനലുകൾ സ്ഥാപിക്കുന്നതിന് (129.6KW), പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2013-ൽ സ്ഥാപിതമായ വിശ്വാസ് അഗ്രി സീഡ്സ് വിതരണ ശൃംഖല വഴി കർഷകർക്ക് വിത്ത് സംസ്കരിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ്. "വിശ്വാസ്" എന്ന ബ്രാൻഡ് നാമത്തിലാണ് കമ്പനി വിത്ത് വിൽക്കുന്നത്. കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ നിലക്കടല, സോയാബീൻ, ഗോതമ്പ്, ജീരകം, പച്ചപ്പയർ, പരുത്തി, കാസ്റ്റൾ, പേൾ മില്ലറ്റ്, ചോളം, ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ, മുളക്, തക്കാളി, വഴുതന, തണ്ണിമത്തൻ, മധുര ചോളം, കാബേജ്, ഉള്ളി, മല്ലി വിത്തുകൾ, ഉലുവ, കടുക്, ലൂസർ, കാരറ്റ് തുടങ്ങിയ വിള വിത്തുകൾ ഉൾപ്പെടുന്നു.
കമ്പനിയുടെ വിത്ത് സംസ്‌കരണ യൂണിറ്റിൻ്റെ വെയർഹൗസും കോൾഡ് സ്റ്റോറേജ് സൗകര്യവും സ്ഥിതി ചെയുന്നത് ഗുജറാത്തിലെ ബാവ്‌ലയിലാണ്.
നിലവിൽ കമ്പനി 40-ലധികം വ്യത്യസ്ത വയൽവിളകൾക്കും പച്ചക്കറികൾക്കും വേണ്ടി വിത്ത് ഉത്പാദിപ്പിച്ചിട്ടുണ്ട്. മൊത്തം 75-ലധികം ഇനം വിളകകൾ കമ്പനിക്ക് കീഴിലുണ്ട്. കമ്പനിക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്.
ഐഎസ്കെ അഡ്വൈസേഴ്സ് ആണ് ഐപിഒയുടെ ലീഡ് മാനേജർ. ബിഗ്ഷെയർ സർവീസസ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.