പ്രീമിയർ എനർജിസ് ഐപിഒ ഓഗസ്റ്റ് 29 വരെ; ലക്ഷ്യം 2830 കോടി രൂപ

  • 1,291.40 കോടി രൂപയുടെ പുതിയ ഇഷ്യൂവും1,539 കോടി രൂപയുടെ ഓഫർ ഫോർ സെയിലും
  • ഓഹരിയുടെ പ്രൈസ് ബാൻഡ് 427 മുതൽ 450 രൂപ
  • ഒരു ലോട്ടിൽ 33 ഓഹരികൾ

Update: 2024-08-27 09:31 GMT

സോളാർ സെല്ലും സോളാർ പാനലും നിർമ്മിക്കുന്ന പ്രീമിയർ എനർജിസ് ഐപിഒ ഓഗസ്റ്റ് 27-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 6.28 കോടി ഓഹരികളുടെ വില്പനയിലൂടെ 2,830.40 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 1,291.40 കോടി രൂപയുടെ പുതിയ ഇഷ്യൂവും1,539 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

ഒഎഫ്എസിലൂടെ നിക്ഷേപകരായ സൗത്ത് ഏഷ്യ ഗ്രോത്ത് ഫണ്ട് 2.68 കോടി ഓഹരികളും സൗത്ത് ഏഷ്യ ഇബിടി ട്രസ്റ്റ് 1.72 ലക്ഷം ഓഹരികളും വിൽക്കും. പ്രമോട്ടർമാരിൽ ഒരാളായ ചിരഞ്ജീവ് സിംഗ് സലൂജ 72 ലക്ഷം ഓഹരികളും വിറ്റഴിക്കും.

ഇഷ്യൂ ഓഗസ്റ്റ് 29-നാണ് അവസാനിക്കുന്നത്. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഓഗസ്റ്റ് 30-ന് പൂർത്തിയാവും. സെപ്റ്റംബർ 3-ന് ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 427 മുതൽ 450 രൂപയാണ്. ഒരു ലോട്ടിൽ 33 ഓഹരികളാണുണ്ടാവുക. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,850 രൂപയാണ്. റീട്ടെയിൽ നിക്ഷേപകർക്ക് 13 ലൊട്ടുകൾക്ക് വരെ അപേക്ഷിക്കാം.

പ്രൊമോട്ടർമാർക്ക് കമ്പനിയിൽ 72.23 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ബാക്കി 26.12 ശതമാനം ഷെയർഹോൾഡിംഗ് സൗത്ത് ഏഷ്യ ഗ്രോത്ത് ഫണ്ട് II ഹോൾഡിംഗ്സ് എൽഎൽസി ഉൾപ്പെടെയുള്ള പൊതുജനങ്ങളുടേ പക്കലാണ്. 1.65 ശതമാനം ഓഹരികൾ ജീവനക്കാരുടെ ട്രസ്റ്റുകളുടെ പക്കലുമുണ്ട്.

ഇഷ്യൂവിലൂടെ സമാഹരിക്കുന്ന തുകയിൽ നിന്നും 968.6 കോടി രൂപ ഹൈദരാബാദിലെ 4 ജിഗാ വാട്ട് സോളാർ പിവി ടോപ് കോൺ സെല്ലിനും 4 ജിഗാ വാട്ട് സോളാർ പിവി ടോപ് കോൺ മൊഡ്യൂൾ നിർമ്മാണ യൂണിറ്റുകൾക്കുള്ള ചെലവിനായി വിനിയോഗിക്കും. കമ്പനിയുടെ ഉപസ്ഥാപനമായ പ്രീമിയർ എനർജീസ് ഗ്ലോബൽ എൻവയോൺമെൻ്റിലും നിക്ഷേപിക്കുന്നത്തിനായി ഇഷ്യൂ തുക വകയിരുത്തും. ബാക്കി വരുന്ന തുക പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും.

1995 ഏപ്രിലിൽ സ്ഥാപിതമായ പ്രീമിയർ എനർജിസ് സോളാർ സെല്ലും സോളാർ പാനലും നിർമ്മിക്കുന്ന കമ്പനിയാണ്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി ഇൻവെസ്റ്ററായ ജിഇഫ് ക്യാപിറ്റലിൻ്റെ പിന്തുണയുള്ള കമ്പനിയാണ് പ്രീമിയർ എനർജിസ്. നൂതന സാങ്കേതികവിദ്യയിലും ഫോട്ടോവോൾട്ടെയ്ക് ഉൽപ്പന്നങ്ങളും സൊല്യൂഷൻസ് നൽകുന്നതിലും മുൻപന്തിയിലുള്ള കമ്പനിയും കൂടിയാണ് പ്രീമിയർ എനർജിസ്. കമ്പനിക്ക് അഞ്ച് നിർമ്മാണ യൂണിറ്റുകളാണുള്ളത്. ഇവയെല്ലാം ഇന്ത്യയിലെ തെലങ്കാനയിലെ ഹൈദരാബാദിലാണ് സ്ഥിതി ചെയ്യുന്നത്.

സെൽ, സോളാർ മൊഡ്യൂൾ, മോണോഫേഷ്യൽ മൊഡ്യൂളുകൾ, ബൈഫേഷ്യൽ മൊഡ്യൂളുകൾ, ഇപിസി സൊല്യൂഷൻസ്, ഒ ആൻഡ് എം സൊല്യൂഷൻസ് എന്നിവ കമ്പനിയുടെ ഉത്പന്നങ്ങളും സേവനകളുമാണ്.

എൻടിപിസി, ടാറ്റ പവർ സോളാർ സിസ്റ്റംസ്, പാനസോണിക് ലൈഫ് സൊല്യൂഷൻസ്, കൺട്യൂം, ശക്തി പമ്പുകൾ, ഫസ്റ്റ് എനർജി, ബ്ലൂപൈൻ എനർജി, ലുമിനസ്, ഹാർടെക് സോളാർ പ്രൈവറ്റ്, ഗ്രീൻ ഇൻഫ്രാ വിൻഡ് എനർജി (സെംബ്കോർപ്പ് ഗ്രീൻ ഇൻഫ്രായുടെ അനുബന്ധ സ്ഥാപനം), മാധവ് ഇൻഫ്രാ പ്രോജക്ടുകൾ, സോളാർസ്‌ക്വയർ എനർജി, ആക്‌സിടെക് എനർജി ഇന്ത്യതുടങ്ങിയ രാജ്യത്തെ പ്രമുഖ കമ്പനികൾ, കമ്പനിയുടെ ഉപഭോക്താക്കളാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ഹോങ്കോംഗ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നോർവേ, നേപ്പാൾ, ഫ്രാൻസ്, മലേഷ്യ, കാനഡ, ശ്രീലങ്ക, ജർമ്മനി, ഹംഗറി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉഗാണ്ട, തുർക്കി, ദക്ഷിണ കൊറിയ, ചൈന, തായ്‌വാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയുന്നുണ്ട്.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ജെപി മോർഗൻ ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

Tags:    

Similar News