27 കോടിയുടെ എഫ്പിഒയുമായി ഓംഫർൺ ഇന്ത്യ
- ഓഹരികൾ 2017ൽ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യപ്പെട്ടു
- ഇഷ്യൂ മാർച്ച് 22-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 71-75 രൂപ
ഫർണിച്ചർ കമ്പനിയായ ഓംഫർൺ ഇന്ത്യയുടെ എഫ്പിഒ മാർച്ച് 20-ന് ആരംഭിക്കും. ഇഷ്യൂ വഴി 36 ലക്ഷം ഓഹരികൾ നൽകി 27 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഓംഫർൺ ഇന്ത്യയുടെ ഓഹരികൾ 2017ൽ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. നിലവിൽ 87.90 രൂപയിലാണ് ഓഹരികളുടെ വ്യാപാരം.
ഇഷ്യൂ മാർച്ച് 22-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 26-ന് പൂർത്തിയാകും. ഓഹരികൾ മാർച്ച് 28-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 71-75 രൂപയാണ്. കുറഞ്ഞത് 2400 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 180,000 രൂപയാണ്.
ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക പ്ലാൻ്റും മെഷിനറികളും സ്ഥാപിക്കുന്നതിനുള്ള ചെലവുകൾ, കമ്പനിയുടെ വായ്പകളുടെ തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
രാജേന്ദ്ര ചിത്ബഹൽ വിശ്വകർമ, മഹേന്ദ്ര ചിത്ബഹൽ വിശ്വകർമ, നരേന്ദ്ര ചിത്ബഹൽ വിശ്വകർമ, പ്രശാന്ത് രാജേന്ദ്ര വിശ്വകർമ, പരമാനന്ദ മഹേന്ദ്ര വിശ്വകർമ എന്നിവരാണ് കമ്പനി പ്രൊമോട്ടർമാർ.
1997-ൽ സ്ഥാപിതമായ കമ്പനി ഇന്ത്യയിലെ പ്രീ-ഫിനിഷ്ഡ് വുഡൻ ഡോറുകളുടെയും മോഡുലാർ ഫർണിച്ചറുകളുടെയും നിർമ്മാതാവും വിതരണക്കാരനുമാണ്. മോഡുലാർ കിച്ചൻസ്, വാർഡ്രോബുകൾ, വാനിറ്റീസ്, മോഡേൺ ഓഫീസ് ഫർണിച്ചറുകൾ എന്നിവയ്ക്കായി മരംകൊണ്ടുള്ള വാതിലുകളും ഫർണിച്ചറുകളും കമ്പനി നിർമിച്ചു നൽകുന്നു.
കമ്പനി ഹോട്ടലുകൾ, റെസിഡൻഷ്യൽ, ഓഫീസുകൾ, ഷോപ്പിംഗ് മാളുകൾ, ഹോസ്പിറ്റലുകൾ, ഐടി പാർക്കുകൾ, ഇൻ്റർനാഷണൽ സ്‌കൂളുകൾ എന്നിവയ്ക്കായി പ്രീ-ഫിനിഷ്ഡ് ഡോറുകൾ, ഫയർ റേറ്റഡ് വാതിലുകൾ, ടേൺകീ ഇൻ്റീരിയർ പ്രോജക്റ്റുകൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു. കമ്പനിയുടെ നിർമ്മാണ യൂണിറ്റ് ഉംബർഗാവിലാണ് സ്ഥിതി ചെയ്യുന്നത്.
ഓംഫർൺ ഇന്ത്യ എഫ്പിഒ ആങ്കർ നിക്ഷേപകരിൽ നിന്ന് 7.69 കോടി രൂപ സ്വരൂപിച്ചു. ഗ്രെടെക്‌സ് കോർപ്പറേറ്റ് സർവീസസാണ് എഫ്‌പിഒയുടെ ലീഡ് മാനേജർ, ബിഗ്‌ഷെയർ സർവീസസാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.