ചരിത്രം രചിക്കാൻ ഹ്യുണ്ടായ്; ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക്
- ഇഷ്യു വഴി 2.5 ബില്യൺ മുതൽ 3 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്
- ഹ്യുണ്ടായിയുടെ ആഗോള വിൽപ്പനയുടെ 13 ശതമാനവും കൈവരിച്ച പ്രധാന വിപണിയാണ് ഇന്ത്യ
- ഇന്ത്യൻ യൂണിറ്റ് സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തി
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായ് മോട്ടോർ കമ്പനി ഐപിഒയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ആഭ്യന്തര ഓഹരി വിപണികളിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ മെഗാ ലിസ്റ്റിംഗിനായുള്ള കാത്തിരിപ്പിലാണ് നിക്ഷേപകർ. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി എന്നീ നിക്ഷേപ ബാങ്കുകളെ തിരഞ്ഞെടുത്തതായും ആഗോള മാധ്യമങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്.
ഇഷ്യു വഴി 2.5 ബില്യൺ മുതൽ 3 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇത് രാജ്യത്തെ എക്കാലത്തെയും വലിയ ഐപിഒ ആയി റാങ്ക് ചെയ്തേക്കാം. 2022 മെയ് മാസത്തിൽ 2.7 ബില്യൺ ഡോളർ സമാഹരിച്ച സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയുടെതാണ് നിലവിലെ റെക്കോർഡ്.
2024 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കിക്ക് ശേഷം വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായിരുന്നു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്.
അവലോകന സാമ്പത്തിക വർഷത്തിൽ 60,000 കോടി രൂപ വരുമാനവും 4,653 കോടി രൂപ ലാഭവുമാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ റിപ്പോർട്ട് ചെയ്തത്. ഇത് രാജ്യത്തെ ലിസ്റ്റ് ചെയ്യപ്പെടാത്ത കാർ നിർമ്മാതാക്കളിൽ ഏറ്റവും ഉയർന്നതാണെന്ന് ഓട്ടോകാർ പ്രൊഫഷണൽ പറയുന്നു.
സാമ്പത്തിക വർഷത്തിലെ ഹ്യുണ്ടായിയുടെ ആഗോള വിൽപ്പനയുടെ 13 ശതമാനവും കൈവരിച്ച പ്രധാന വിപണിയാണ് ഇന്ത്യ. ഐ 20, വെർണ, ക്രെറ്റ, ഔറ, ടക്സൺ എന്നിവയാണ് ഇന്ത്യൻ വിപണിയിലെ കമ്പനിയുടെ ചില കാർ മോഡലുകൾ.
കമ്പനിയുടെ ഇന്ത്യൻ യൂണിറ്റ് സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തി. ഈ കാലയളവിൽ 6,02,111 യൂണിറ്റുകൾ വിറ്റു, മുൻ വർഷത്തെ 5,52,511 യൂണിറ്റുകളെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനവാണിത്. കയറ്റുമതി 10 ശതമാനം ഉയർന്ന് 1,63,675 യൂണിറ്റുകളിലെത്തി. മുൻ വര്രഹസം കയുറ്റുമതി ചെയ്തത്1,48,300 യൂണിറ്റുകളാണ്.
2025-ൽ ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനം (ഇവി) അവതരിപ്പിക്കാനും ഹ്യുണ്ടായ് പദ്ധതിയിടുന്നുണ്ട്.