ഗോ ഡിജിറ്റ് ഐപിഒയുമായി എത്തുന്നു; വിപണിയിലും വിജയഗാഥ തുടരാൻ വിരാട് കോലി
- വിരാട് കോഹ്ലി അനുഷ്ക ശർമ്മ ദമ്പതികൾക്ക് കമ്പനിയിൽ മൊത്തം 2.5 കോടി രൂപയുടെ നിക്ഷേപമുണ്ട്
- ഓഹരിയൊന്നിന് 258-272 രൂപയാണ് പ്രൈസ് ബാൻഡ്
- ഇഷ്യൂ മെയ് 17-ന് അവസാനിക്കും
ഇൻഷുറൻസ് കമ്പനിയായ ഗോ ഡിജിറ്റിന്റെ ഐപിഒ മെയ് 15-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 9.61 കോടി ഓഹരികൾ നൽകി 2,614.65 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 1,125.00 കോടി രൂപയുടെ പുതിയ ഇഷ്യൂവും 1,489.65 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
വിരാട് കോഹ്ലി അനുഷ്ക ശർമ്മ ദമ്പതികൾക്ക് കമ്പനിയിൽ മൊത്തം 2.5 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഓഹരികൾ വിപണിയിലെത്തുന്നതോടെ ദമ്പതികൾക്ക് ലഭിക്കുക 271 ശതമാനം റിട്ടേൺ ആണ്. ദമ്പതികളുടെ മൊത്തം നിക്ഷേപമായ 2.5 കോടി രൂപ 9.25 കോടി രൂപയായി മാറും. മൊത്തം 6.75 കോടി രൂപയുടെ നേട്ടം.
വിരാട് കോഹ്ലി 2020 ജനുവരിയിൽ ഒരു പ്രൈവറ്റ് പ്ലേസ്മെൻ്റ് വഴി ഓഹരിയൊന്നിന് 75 രൂപ നിരക്കിൽ 266,667 ഓഹരികൾ വാങ്ങിയിരുന്നു, അതിൽ അദ്ദേഹത്തിൻ്റെ മൊത്തം നിക്ഷേപം ഏകദേശം 2 കോടി രൂപയായിരുന്നു. അതേസമയം, ഓഹരിയൊന്നിന് 75 രൂപ നിരക്കിൽ കമ്പനിയുടെ 66,667 ഓഹരികളാണ് അനുഷ്ക ശർമ്മ വാങ്ങിയത്. ഇത് മൊത്തം 50 ലക്ഷം രൂപയുടെ നിക്ഷേപമായിരുന്നു. ഓഹരികൾ ലിസ് ചെയ്യുന്നതോടെ ഈ നിക്ഷേപം 1.85 കോടി രൂപയിലെത്തും.
ഇഷ്യൂവിനെ കുറിച്ച്
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 258-272 രൂപയാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 55 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,960 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (770 ഓഹരികൾ), തുക 209,440 രൂപ. ബിഎൻഐഐക്ക് 67 ലോട്ടുകളാണ് (3,685 ഓഹരികൾ), തുക 1,002,320 രൂപ.
ഇഷ്യൂ മെയ് 17-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെൻ്റ് 21-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ മെയ് 23-ന് ലിസ്റ്റ് ചെയ്യും. ആങ്കർ നിക്ഷേപകർക്കുള്ള ബിഡ്ഡിംഗ് മെയ് 14-ന് ആരംഭിക്കും.
പുതിയ ഓഹരികൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുക മൂലധന അടിത്തറ മെച്ചപ്പെടുത്തുന്നതിനും സോൾവൻസി ലെവലുകൾ നിലനിർത്തുന്നതിനും കമ്പനി ഉപയോഗിക്കും. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) നിർദ്ദേശമനുസരിച്ച് ഇൻഷുറൻസ് കമ്പനികൾ 150 ശതമാനം സോൾവൻസി റേഷ്യോ നിലനിർത്തേണ്ടതുണ്ട്.
കാമേഷ് ഗോയൽ, ഗോഡിജിറ്റ് ഇൻഫോ വർക്ക്സ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഒബെൻ വെഞ്ചേഴ്സ് എൽഎൽപി, എഫ്എഎൽ കോർപ്പറേഷൻ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
ഇഷ്യൂവിന്റെ 75 ശതമാനം യോഗ്യതയുള്ള സ്ഥാപന ബയർമാർക്കും (ക്യുഐബികൾക്കും), 15 ശതമാനം ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും (എച്ച്എൻഐകൾ), ബാക്കി 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ചിരിക്കുന്നു.
കമ്പനിയെ കുറിച്ച്
2016 ഡിസംബറിൽ സ്ഥാപിതമായ ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ്, മോട്ടോർ ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ട്രാവൽ ഇൻഷുറൻസ്, പ്രോപ്പർട്ടി ഇൻഷുറൻസ്, മറൈൻ ഇൻഷുറൻസ്, ലയബിലിറ്റി ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ നൽകുന്ന ഇൻഷുറൻസ് ദാതാവാണ്.
എല്ലാ ബിസിനസ് ലൈനുകളിലുമായി മൊത്തം 74 സജീവ ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കമ്പനിക്ക് ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിതരണ കേന്ദ്രങ്ങളുണ്ട്. നിലവിൽ കമ്പനിക്ക് ഇന്ത്യയിലുടനീളം 75 ഓഫിസുകളുണ്ട്.
ഐസിഐസിഐ സെക്യൂരിറ്റീസ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി, ആക്സിസ് ക്യാപിറ്റൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, നുവാമ വെൽത്ത് മാനേജ്മെൻ്റ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.