ഇരുട്ടടി! 61000 കടന്ന് സ്വര്‍ണവില; ഇന്ന് വര്‍ധിച്ചത് 960 രൂപ

Update: 2025-01-31 04:51 GMT

സ്വര്‍ണവിലയിലെ കുതിപ്പില്‍ കണ്ണുതള്ളി കേരളം. ചരിത്രത്തില്‍ രേഖപ്പെടുത്തും എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഉയരത്തിലേക്ക് സ്വര്‍ണവിപണി. പവന് ഇന്ന് 61000 വും കടന്ന് കുതിക്കുകയാണ്. ഇനി ബജറ്റില്‍ ഇറക്കുമതി നികുതി വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില എവിടെ എത്തുമെന്ന് പ്രവചിക്കാനാവില്ല.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 120 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.പവന് ഇതോടെ 960 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് ഇത് കനത്ത ഇരുട്ടടിയായി. സ്വര്‍ണം ഗ്രാമിന് 7730 രൂപയും പവന് 61840 രൂപയുമായി ഉയര്‍ന്നു. ഇതോടെ വിവാഹ പാര്‍ട്ടികള്‍ക്കടക്കം പൊന്ന് ബള്‍ക്കായി വാങ്ങുന്നവര്‍ പ്രതിസന്ധിയിലായി. ഇപ്പോള്‍ തുടര്‍ച്ചയായി സ്വര്‍ണം സ്വന്തം വിലയിലെ റെക്കോര്‍ഡ് തിരുത്തി എഴുതിക്കൊണ്ടിരിക്കുയാണ്.

18 കാരറ്റ് സ്വര്‍ണ വില ഇന്നും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6385 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളിവിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 101 രൂപയാണ് ഇന്നത്തെ വിപണിവില. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ നികുതിയും പണിക്കൂലിയുമടക്കം 67000 രൂപയോളം നല്‍കേണ്ട സ്ഥിതിയാണ് ഉള്ളത്. ബജറ്റില്‍ നികുതി ഉയര്‍ത്തിയാല്‍ ഇത് 70000 വരെ ആകാം.

അന്താരാഷ്ട സ്വര്‍ണവിപണയില്‍ സ്വര്‍ണവില ഉയരുകയാണ്. ഇന്നലെ രാത്രിതന്നെ പൊന്നിന്റെ വില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നിരുന്നു. ഔണ്‍സിന് 2799.09 ഡോളറിലെത്തി. കഴിഞ്ഞ ഒക്ടോബറില്‍ എത്തിയ 2790 ഡോളര്‍ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. സ്വര്‍ണത്തിന്റെ ഫെബ്രുവരി അവധിവില 2849.40 ഡോളറായി. വില 3000 ഡോളറിലേക്കാണ് ക്രമേണ നീങ്ങുന്നതായാണ് വിലയിരുത്തല്‍.

ഈ നില തുടരുകയും, കേന്ദ്ര ബജറ്റില്‍ രണ്ട് ശതമാനം ഇറക്കുമതി ചുങ്കം കൂട്ടുകയും ചെയ്താല്‍ സ്വര്‍ണവില ഗ്രാമിന് 8000 രൂപയ്ക്ക് അടുത്ത് എത്താം. 

Tags:    

Similar News