വിദേശനാണ്യ കരുതൽ ശേഖരം 1.49 ബില്യൺ ഡോളർ ഇടിഞ്ഞ് 575.27 ബില്യൺ ഡോളറായി
- ഇതിനു മുൻപ് തുടർച്ചയായി മൂന്ന് ആഴ്ച ശേഖരത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
- 2021 ഒക്ടോബറിൽ രാജ്യത്തിൻറെ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന 645 ബില്യൺ ഡോളറിലെത്തിയിരുന്നു.
- സ്വർണ്ണ ശേഖരം 246 മില്യൺ ഡോളർ കുറഞ്ഞ് 43.781 ബില്യൺ ഡോളറിൽ
മുംബൈ : ഫെബ്രുവരി 3 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 1.494 ബില്യൺ ഡോളർ കുറഞ്ഞ് 575.267 ബില്യൺ ഡോളറായി. ഇതിനു മുൻപ് തുടർച്ചയായി മൂന്ന് ആഴ്ച ശേഖരത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
തൊട്ടു മുൻപുള്ള വാരത്തിൽ മൊത്ത ശേഖരം 3.03 ബില്യൺ ഡോളർ വർധിച്ച് 576.76 ബില്യൺ ഡോളറിലെത്തി.
2021 ഒക്ടോബറിൽ രാജ്യത്തിൻറെ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന 645 ബില്യൺ ഡോളറിലെത്തിയിരുന്നു. എന്നാൽ ആഗോള സമ്മർദ്ദങ്ങൾ മൂലം രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് ശേഖരം വിറ്റഴിക്കുകയായിരുന്നു.
ആർബിഐ പുറത്തു വിട്ട പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്പ്ലിമെന്റിലെ കണക്കു പ്രകാരം പോയ വാരത്തിൽ വിദേശ കറൻസി ആസ്തി 1.323 ബില്യൺ ഡോളർ കുറഞ്ഞ് 507.695 ബില്യൺ ഡോളറിലെത്തി.
യു എസ് ഇതര കറൻസികളായ യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യൂണിറ്റുകളുടെ മൂല്യം ശക്തിയാർജിക്കുന്നതിന്റെയോ മൂല്യത്തകർച്ചയുടെയോ ആകെ ഫലമാണ് വിദേശ കറൻസി ആസ്തി.
സ്വർണ്ണ ശേഖരം 246 മില്യൺ ഡോളർ കുറഞ്ഞ് 43.781 ബില്യൺ ഡോളറിലെത്തി.
അപെക്സ് ബാങ്ക് പുറത്തു വിട്ട കണക്കു പ്രകാരം സ്പെഷ്യൽ ഡ്രോവിങ് റൈറ്റ്സ് 66 മില്യൺ വർധിച്ച് 18.544 ബില്യൺ ഡോളറായി. അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയുടെ കരുതൽ ശേഖരം 9 മില്യൺ ഡോളർ ഉയർന്ന് 5.247 ബില്യൺ ഡോളറിലെത്തി.