വളർച്ചാ പ്രവചനങ്ങൾ ശക്തം; ആഗോള സൂചികകളും ഉയരത്തിൽ

  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.45 ന് +47.50 പോയിന്റ് ഉയർച്ചയിലാണ് വ്യാപാരം നടക്കുന്നത്.
  • അന്താരാഷ്ട്ര നാണയ നിധി ഇന്ത്യയെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഒരു "തിളങ്ങുന്ന" ഇടമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Update: 2023-01-12 02:45 GMT

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 2022-23 ൽ നേരത്തെ പ്രതീക്ഷിച്ചിരുന്ന 6.9 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി കുറയുമെന്ന് ലോക ബാങ്ക് അതിന്റെ ഏറ്റവും പുതിയ സാമ്പത്തിക അപ്‌ഡേറ്റിൽ പറഞ്ഞു. 2021-22-ൽ വളർച്ചാ നിരക്ക് 8.7 ശതമാനമായിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും വർദ്ധിച്ചുവരുന്ന അനിശ്ചിതത്വവും കയറ്റുമതി, നിക്ഷേപ വളർച്ചയെ ബാധിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ, എന്നിരുന്നാലും, ഏറ്റവും വലിയ ഏഴ് വളർന്നുവരുന്ന-വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ അതിവേഗം വളരുന്ന സമ്പദ്‌ഘടനയായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ സൂചിപ്പിച്ചു. അതുപോലെ, അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) ഇന്ത്യയെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഒരു "തിളങ്ങുന്ന" ഇടമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മധ്യപ്രദേശിൽ ഒരു യോഗത്തിൽ പറഞ്ഞു.

ഇന്ത്യൻ സമ്പദ് ഘടന ശക്തമായി തന്നെ തുടരുമെന്ന ഈ കണക്കുകൾക്കിടയിലും ഇന്നലത്തെ വ്യാപാരത്തിൽ സെൻസെക്സ് 9.98 പോയിന്റ് താഴ്ന്ന് 60,105.50 ലും നിഫ്റ്റി 18.45 പോയിന്റ് താഴ്ന്നു 17,895.15 ലുമാണ് ക്ലോസ് ചെയ്തത്. എന്നാൽ, ബാങ്ക് നിഫ്റ്റി 217.95 പോയിന്റ് ഉയർന്ന് 42,232.70 ൽ അവസാനിച്ചു. ആഗോള വിപണികളെല്ലാം ഇന്നലെ നേട്ടത്തിലാണ് അവസാനിച്ചത്. ഒരു പ്രധാന ആശ്വാസം ആഭ്യന്തര നിക്ഷേപകർ 2,430.62 കോടി രൂപയ്ക്ക് അധികം വാങ്ങി എന്നതാണ്.

ഇൻഫോസിസ്, എച് സി എൽ ടെക് എന്നീ വമ്പന്മാരുടെ മൂന്നാം പാദ ഫലങ്ങൾ ഇന്ന് പുറത്തിറങ്ങുന്നുണ്ട്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.45 ന് +47.50 പോയിന്റ് ഉയർച്ചയിലാണ് വ്യാപാരം നടക്കുന്നത്.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, എന്നിവ ഇന്നലെ പച്ചയിലാണ് അവസാനിച്ചത്. ആസ്റ്റർ ഡി എം, കൊച്ചിൻ ഷിപ് യാർഡ്, ഫെഡറൽ ബാങ്ക്, ജിയോജിത്, കിംസ്, വണ്ടർ ല കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ഫിനാൻസ്, കേരള കെമിക്കൽസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, മുത്തൂറ്റ് ക്യാപ് തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ ശോഭയും പി എൻ സി ഇൻഫ്രയും ലാഭത്തിലായപ്പോൾ പുറവങ്കര നഷ്ടത്തിലായിരുന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 11) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,430.62 കോടി രൂപയ്ക്ക് വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -3,208.15 കോടി രൂപയ്ക്ക് അറ്റ വില്പനക്കാരായി.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ഹായ് (+4.50), ഹോങ്കോങ് ഹാങ്‌സെങ് (+107.77), സൗത്ത് കൊറിയൻ കോസ്‌പി (+6.03), തായ്‌വാൻ (+28.14) എന്നിവ നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ ജപ്പാൻ നിക്കേ (-4.78), ജക്കാർത്ത കോമ്പസിറ്റ് (-38.05) എന്നിവ നേരിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്.

ഇന്നലെ ആഗോള വിപണികൾ ഉയർച്ചയിലായിരുന്നു. ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (+268.91), എസ് ആൻഡ് പി 500 (+50.36), നസ്‌ഡേക് കോമ്പസിറ്റ് (+189.04) എന്നിവയെല്ലാം ഉയരങ്ങളിലാണ് അവസാനിച്ചത്.

യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+173.31), പാരീസ് യുറോനെക്സ്റ്റ് (+55.05), ലണ്ടൻ ഫുട്‍സീ (+30.49) എന്നിവയും നേട്ടത്തിലാണ് അവസാനിച്ചത്.

വിദഗ്ധാഭിപ്രായം

വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി: "ഒരു അസ്ഥിരമായ സെഷനുശേഷം, പണപ്പെരുപ്പ കണക്കുകൾ പുറത്തുവിടുന്നതിന് മുമ്പ് നിക്ഷേപകർ ജാഗ്രത പാലിച്ചതിനാൽ ആഭ്യന്തര വിപണി ഇന്നലെ ഫ്ലാറ്റ് ലൈനിലായിരുന്നു. ഡിസംബറിലെ ഇന്ത്യയുടെ സിപിഐ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് സിപിഐ നവംബറിലെ 7.1 ശതമാനത്തിൽ നിന്ന് കൂടുതൽ മെച്ചപ്പെടുമെന്നാണ് കണക്കാക്കുന്നത്. ആഭ്യന്തര വിപണിയിലെ 'പ്രീമിയം' വില മൂലം എഫ്‌ഐഐ-കൾ നിരന്തരമായ വിൽപ്പന നടത്തുന്നത് വിപണിയെ താഴേക്ക് വലിക്കുന്നുണ്ട്.

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റി ഹ്രസ്വകാലത്തേക്ക്, ഇപ്പോഴത്തെ പ്രവണത വശങ്ങളിലേക്കോ പ്രതികൂലമായോ തുടരാൻ സാധ്യതയുണ്ട്. ഉയർന്ന തലത്തിൽ പ്രതിരോധം 18,000/18,250 ൽ ദൃശ്യമാണ്. താഴെ തട്ടിൽ പിന്തുണ 17,800 ലും കാണാം.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: "ബാങ്ക് നിഫ്റ്റി സൂചിക ഇന്ന് സെഷനിൽ അസ്ഥിരമായി തുടരാൻ സാധ്യതയുണ്ട്. ഇത് 41,700 ന് താഴെയുള്ള ബ്രേക്ക് ഡൗൺ സൈഡിലേക്കുള്ള നീക്കത്തെ ത്വരിതപ്പെടുത്തും. ഇടക്കാല പ്രതിരോധം സോണിന്റെ മുകളിലെ അറ്റത്ത് 42,350-42,400 ൽ കാണപ്പെടുന്നു, കൂടാതെ ഷോർട്ട് കവറിംഗ് 42,700 ലെവലിൽ പ്രതീക്ഷിക്കാം.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ധാതു പര്യവേക്ഷണം, ഊർജം, കൃഷി, പുനരുപയോഗ ഊർജം, കൽക്കരി മേഖലകളിൽ 60,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് തുറമുഖ-ഊർജ്ജ രംഗത്തെ പ്രമുഖരായ അദാനി ഗ്രൂപ്പ് (ഓഹരി വില: 3635.80 രൂപ) ബുധനാഴ്ച അറിയിച്ചു.

ഇന്ത്യയിൽ ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള മാറ്റം വളരെ വേഗത്തിൽ സംഭവിക്കുമെന്നും ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി വികസിപ്പിക്കുന്നതിനായി ഈ മേഖലയിൽ കാര്യമായ നിക്ഷേപം നടത്തുമെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. പ്രകൃതിവാതകം, ഇലക്ട്രിക്, ഹൈഡ്രജൻ എന്നിങ്ങനെ എല്ലാ വിഭാഗത്തിലും ഒന്നിലധികം ഹരിത ഇന്ധന ഓപ്ഷനുമായി ടാറ്റ മോട്ടോഴ്‌സ് (ഓഹരി വില: 418.20 രൂപ) വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിരാമൽ എന്റർപ്രൈസസിന്റെ (ഓഹരി വില: 830.85 രൂപ) ഭാഗമായ പിരാമൽ ക്യാപിറ്റൽ ആൻഡ് ഹൗസിംഗ് ഫിനാൻസ്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തങ്ങളുടെ റീട്ടെയിൽ ലോൺ ബുക്ക് ഇപ്പോൾ ഏകദേശം 25,000 കോടി രൂപയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയിലേക്ക് വളരുമെന്ന് പ്രതീക്ഷിക്കുന്നു.

ബിഎസ്ഇയിൽ ലഭ്യമായ ബ്ലോക്ക് ഡീൽ ഡാറ്റ പ്രകാരം ഫിനാൻഷ്യൽ സർവീസ് കമ്പനിയായ സൊസൈറ്റി ജനറൽ ഐസിഐസിഐ ബാങ്കിന്റെ (ഓഹരി വില: 866.30 രൂപ) 20,00,000 ഓഹരികൾ ബുധനാഴ്ച 173 കോടി രൂപക്ക് വാങ്ങി.

സ്തനാർബുദമുള്ള രോഗികൾക്കായി സൺ ഫാർമസ്യൂട്ടിക്കൽ (ഓഹരി വില: 1028.00 രൂപ) പാൽബോസിക്ലിബ് എന്ന പേരിൽ ഒരു കാൻസർ മരുന്ന് ബുധനാഴ്ച പുറത്തിറക്കി. സ്തനാർബുദം ഇന്ത്യയിൽ പ്രതിവർഷം 2.1 ലക്ഷം സ്ത്രീകളെ ബാധിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.

എഫ്എംസിജി പ്രമുഖരായ ഹിന്ദുസ്ഥാൻ യുണിലിവർ (ഓഹരി വില: 2593.25 രൂപ) ബുധനാഴ്ച 264.28 കോടി രൂപയ്ക്ക് ആരോഗ്യ-ക്ഷേമ കമ്പനിയായ സായ്‌വൈ വെഞ്ച്വേഴ്സിന്റെ (Zywie Ventures) 51 ശതമാനം ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി അറിയിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,130 രൂപ (-15 രൂപ)

യുഎസ് ഡോളർ = 81.56 രൂപ (-18 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 82.85 ഡോളർ (+0.22%)

ബിറ്റ് കോയിൻ = 15,42,699 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.08 ശതമാനം താഴ്‌ന്ന് 102.88 ആയി.

Tags:    

Similar News