ഒൻപതാം ദിവസം ആശ്വാസം പകർന്ന് സൂചികകൾ; പക്ഷെ, സിംഗപ്പൂർ നിഫ്റ്റി തുടക്കം താഴ്ചയിൽ
- പണപ്പെരുപ്പം വരുതിയിലാവാത്തിടത്തോളം കാലം വിപണിയിലെ ഈ അസ്ഥിരതയും നിലനിൽക്കും.
- യുഎസ് സൂചികകൾ ചൊവ്വാഴ്ചത്തെ നേട്ടം കൈവെടിഞ്ഞു
കൊച്ചി: കഴിഞ്ഞ എട്ട് ട്രേഡിംഗ് സെഷനുകളിലെ ഇടിവിന് ശേഷം ബുധനാഴ്ച വിപണികൾ മികച്ച തിരിച്ചുവരവ് നടത്തി. ബിഎസ്ഇ സെൻസെക്‌സ് 448.96 പോയിന്റ് അഥവാ 0.76 ശതമാനം ഉയർന്ന് 59,411.08 എന്ന നിലയിലെത്തി. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി സെൻസെക്സ് 2,357.39 പോയിന്റ് അഥവാ 3.84 ശതമാനം ഇടിഞ്ഞിരുന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂലധനം ഏകദേശ 261 ലക്ഷം കോടി രൂപയായി ഉയർന്നു.
എൻഎസ്ഇ നിഫ്റ്റി 146.95 പോയിൻറ് അഥവാ 0.85 ശതമാനം ഉയർന്ന് 17,450.90 ൽ അവസാനിച്ചു. സൂചിക 17,500 ലെവൽ മറികടക്കാൻ പരാജയപ്പെട്ടാൽ വീണ്ടും വിൽപ്പന സമ്മർദ്ദത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് ബാങ്ക് രൂപക് ദേ പറയുന്നത്. ബാങ്ക് നിഫ്റ്റി 429.10 പോയിന്റ് ഉയർന്നു 40698.15 പോയതിലാണ് അവസാനിച്ചത്.
പണപ്പെരുപ്പം വരുതിയിലാവാത്തിടത്തോളം കാലം വിപണിയിലെ ഈ അസ്ഥിരതയും നിലനിൽക്കും. കാരണം ആർബിഐ നിരക്ക് വർധന തുടരുന്നത് കമ്പനികളുടെ വളർച്ചയെ ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നാണയ നിർണയ സമിതിയുടെ - മോണിറ്ററി പോളിസി കമ്മിറ്റി - അടുത്ത യോഗം 2023 ഏപ്രിൽ 6-8 നാണ് നടക്കാനിരിക്കുന്നത്.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.30 ന് 64.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം ബുധനാഴ്ച (മാർച്ച് 1) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,498.66 കോടി രൂപയ്‌ക്ക് അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -424.88 കോടി രൂപയ്‌ക്ക് ഓഹരികൾ അധികം വിറ്റു.
കേരള കമ്പനികൾ
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ഇന്നലെ കൊച്ചിൻ ഷിപ് യാർഡ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്, ഹാരിസൺ മലയാളം, എച് എം ടി, കല്യാൺ ജൂവല്ലേഴ്‌സ്, കിംസ്, കിറ്റെക്സ്, മണപ്പുറം, മുത്തൂറ്റ് ക്യാപിറ്റൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ്, വണ്ടർ ല എന്നിവയെല്ലാം ഉയർന്നു. റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും, ശോഭയും ഇടിഞ്ഞപ്പോൾ പുറവങ്കര പച്ചയിലവസാനിച്ചു.
ആഗോള വിപണി
ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്രമായാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ങ്ഹായ് (-4.32), ഹോങ്കോംഗ് ഹാങ്ങ് സെങ് (-283.89), ജപ്പാൻ നിക്കേ (-71.53) തായ്‌വാൻ (-33.28), എന്നിവ താഴ്ചയിൽ തുടക്കം കുറിച്ചിരിക്കുന്നു. എന്നാൽ ദക്ഷിണ കൊറിയ കോസ്‌പി (5.34), ജക്കാർത്ത കോമ്പോസിറ്റ് (1.70) എന്നിവ നേട്ടത്തിലാണ്.
യുഎസ് സൂചികകൾ ചൊവ്വാഴ്ചത്തെ നേട്ടം കൈവെടിഞ്ഞു. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ 5.14 പോയിന്റ് നേരിയ നേട്ടത്തിലായപ്പോൾ എസ് ആൻഡ് പി -18.76 പോയിന്റും, നസ്‌ഡേക് -76.06 പോയിന്റും താഴ്ചയിലാണ് അവസാനിച്ചത്.
യൂറോപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലണ്ടൻ ഫുട്‍സീയും (38.65), ഉയർന്നപ്പോൾ പാരീസ് യുറോനെക്സ്റ്റും (-33.68), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-60.12) ചുവപ്പിൽ അവസാനിച്ചു.
ശ്രദ്ധിക്കേണ്ട ഓഹരികൾ
സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഭീമനായ എൻടിപിസി (ഓഹരി വില 172.25 രൂപ) ജലസംരക്ഷണത്തിന് സഹായിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ എയർ കൂൾഡ് കണ്ടൻസർ ജാർഖണ്ഡിലെ നോർത്ത് കരൺപുര സൂപ്പർ ക്രിട്ടിക്കൽ തെർമൽ പ്ലാന്റിൽ കമ്മീഷൻ ചെയ്തു.
സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ റീട്ടെയിൽ ബിസിനസ്സ് 11,603 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി ആക്സിസ് ബാങ്ക് (ഓഹരി വില 865.15 രൂപ) ബുധനാഴ്ച അറിയിച്ചു.
ജാപ്പനീസ് കമ്പനിയായ സോഫ്റ്റ്ബാങ്കിന്റെ വിഭാഗമായ എസ്‌വിഎഫ് ഡോർബെൽ (കേമാൻ) ബുധനാഴ്ച വിതരണ ശൃംഖലയായ ഡൽഹിവേരിയിലെ (ഓഹരി വില 348.15 രൂപ) അതിന്റെ 3.8 ശതമാനം ഓഹരികൾ 954 കോടി രൂപയ്ക്ക് ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ വിറ്റഴിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് (ഓഹരി വില 2431.10 രൂപ) ഫെബ്രുവരിയിൽ വില്പനയിൽ 10 ശതമാനം വർധന രേഖപ്പെടുത്തി 3,94,460 യൂണിറ്റുകളായി.
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് പഞ്ചാബ് നാഷണൽ ബാങ്ക് (ഓഹരി വില 50.15 രൂപ) ൽ ലയിച്ചതിന് ശേഷം വായ്പാ ദാതാവിലേക്ക് വന്ന കനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസിലെ ഓഹരി വിറ്റഴിക്കില്ലെന്ന് പിഎൻബി ബുധനാഴ്ച അറിയിച്ചു.
മ്യൂച്വൽ ഫണ്ട് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ നിന്ന് അന്തിമ രജിസ്‌ട്രേഷൻ ലഭിച്ചതായി ധനകാര്യ സേവന സ്ഥാപനമായ ബജാജ് ഫിൻസെർവ് ലിമിറ്റഡ് (ഓഹരി വില 1343.90 രൂപ) അറിയിച്ചു.
കോൾ ഇന്ത്യ (ഓഹരി വില 218.75 രൂപ) നടപ്പു സാമ്പത്തിക വർഷം ഫെബ്രുവരി വരെ 619.7 ദശലക്ഷം ടൺ ഉൽപ്പാദനത്തോടെ ശക്തമായ വളർച്ച രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.3 ശതമാനം വളർച്ചയാണിത്.
ഐഷർ മോട്ടോഴ്സിന്റെ (ഓഹരി വില 3138.80 രൂപ) ഭാഗമായ ബൈക്ക് നിർമ്മാതാക്കളായ റോയൽ എൻഫീൽഡ്ന്റെ ഫെബ്രുവരിയിലെ മൊത്തം വിൽപ്പന 21 ശതമാനം വർധനവോടെ 71,544 യൂണിറ്റിലെത്തി. ഒരു വർഷം മുമ്പ് കമ്പനി 59,160 യൂണിറ്റുകൾ വിറ്റഴിച്ചതായി റോയൽ എൻഫീൽഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ടിവിഎസ് മോട്ടോറിന്റെ (ഓഹരി വില 1062.95 രൂപ) ഫെബ്രുവരിയിലെ വിൽപ്പന 1.97 ശതമാനം ഇടിഞ്ഞ് 2,76,150 യൂണിറ്റായതായി കമ്പനി ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 2,81,714 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു.
യുഎസ് ഡോളർ = 82.49 രൂപ (-9 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 83.11 ഡോളർ (+0.41%)
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,160 രൂപ (+15 രൂപ)
ബിറ്റ് കോയിൻ = 20,49,499 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.39 ശതമാനം ഉയർന്ന് 104.49 ന് വ്യാപാരം നടക്കുന്നു.
ഐ പി ഓ
നന്ദൻ നിലകെനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കളായ ഡിവ്ജി ടോർക്ക് ട്രാൻസ്ഫർ സിസ്റ്റത്തിന്റെ (Divgi TorqTransfer Systems) പ്രാരംഭ പബ്ലിക് ഓഫറിന് ബുധനാഴ്ച വിൽപ്പനയുടെ ആദ്യ ദിവസം 12 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു. 38,41,800 ഓഹരികൾക്കെതിരെ 4,75,800 ഓഹരികൾക്കുള്ള ബിഡ്ഡുകൾ ലഭിച്ചുവെന്ന് എൻഎസ്ഇയിലെ ഒരു അപ്‌ഡേറ്റ് പറയുന്നു. നാളെ അവസാനിക്കുന്ന ഐപിഒയ്ക്ക് 180 കോടി രൂപ വരെയുള്ള പുതിയ ഇഷ്യൂവും 39,34,243 ഓഹരികൾ വരെ വിൽപ്പനയ്ക്കുള്ള ഓഫറും ഉണ്ട്. ഒരു ഷെയറിന് 560-590 രൂപയാണ് വില നിരക്ക്.