ദിശാസൂചനകളില്ലാതെ വിപണി; സിംഗപ്പൂർ നിഫ്റ്റി രാവിലെ ഉയർച്ചയിൽ

  • ടി സി എസ് പ്രതീക്ഷിച്ചതിലും ലാഭത്തിലായിരുന്നെങ്കിലും നിക്ഷേപകർ ഇന്നലെ പുറം തിരിഞ്ഞു നിന്നു. സെൻസെക്സ് 631.83 പോയിന്റ് താഴ്ന്ന് 60,115.48 ലും നിഫ്റ്റി 187.05 പോയിന്റ് താഴ്ന്നു 17,914.15 ലുമാണ് ക്ലോസ് ചെയ്തത്.
  • കാര്യങ്ങൾ പുരോഗമിച്ചാൽ 25 ബേസിസ് പോയിന്റ് വർദ്ധനവ് തള്ളിക്കളയാനാവില്ലെന്ന് സാൻ ഫ്രാൻസിസ്കോ ഫെഡ് പ്രസിഡന്റ് മേരി ഡാലി തിങ്കളാഴ്ച ഒരു പരിപാടിയിൽ പറഞ്ഞിരുന്നു.

Update: 2023-01-11 02:28 GMT

കൊച്ചി: പ്രത്യേകിച്ച് കണക്കുകളൊന്നും പുറത്തു വരാനില്ലാത്ത ഒരു ദിവസമാണ് ഇന്ന്. വമ്പൻ കമ്പനികളുടെയൊന്നും ത്രൈമാസ ഫലങ്ങൾ ഇന്നില്ല. ടി സി എസ് പ്രതീക്ഷിച്ചതിലും ലാഭത്തിലായിരുന്നെങ്കിലും നിക്ഷേപകർ ഇന്നലെ പുറം തിരിഞ്ഞു നിന്നു. സെൻസെക്സ് 631.83 പോയിന്റ് താഴ്ന്ന് 60,115.48 ലും നിഫ്റ്റി 187.05 പോയിന്റ് താഴ്ന്നു 17,914.15 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 568.00 പോയിന്റ് ഇടിഞ്ഞു 42,014.75 ൽ അവസാനിച്ചു.

പണപ്പെരുപ്പം ഉയരുമ്പോൾ വില സ്ഥിരത നിലനിർത്തുന്നതിന്, അതായത് സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കാൻ, പലിശ നിരക്ക് ഉയർത്തുമ്പോൾ അത് ജനപ്രിയമല്ലാതാവുന്നത് സ്വാഭാവികമാണെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്നലെ സ്വീഡനിൽ ഒരു മീറ്റിങ്ങിൽ പ്രസ്താവിച്ചു. എങ്കിലും, "ആവശ്യമായ നടപടികൾ" എടുക്കാനുള്ള ഫെഡിന്റെ കഴിവിൽ തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബറിലെ ലേബർ മാർക്കറ്റ് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം, അടുത്ത മീറ്റിംഗിൽ അമേരിക്കൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് വർദ്ധനയുടെ വേഗത കുറയ്ക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. കാര്യങ്ങൾ പുരോഗമിച്ചാൽ 25 ബേസിസ് പോയിന്റ് വർദ്ധനവ് തള്ളിക്കളയാനാവില്ലെന്ന് സാൻ ഫ്രാൻസിസ്കോ ഫെഡ് പ്രസിഡന്റ് മേരി ഡാലി തിങ്കളാഴ്ച ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. അതുകൊണ്ടായിരിക്കാം വിപണി പൊതുവെ മന്ദഗതിയിൽ നീങ്ങുന്നതെന്നാണ് വിദഗ്ധാഭിപ്രായം.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.45 ന് +21.50 പോയിന്റ് ഉയർച്ചയിലാണ് വ്യാപാരം നടക്കുന്നത്.

കേരള കമ്പനികൾ

ഇന്നലെ കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, ജിയോജിത്, കിംസ്, വണ്ടർ ല എന്നിവ വെള്ളിയാഴ്ച പച്ചയിലാണ് അവസാനിച്ചത്. കൊച്ചിൻ ഷിപ് യാർഡ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, കല്യാൺ ജൂവല്ലേഴ്‌സ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, കേരള കെമിക്കൽസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, മുത്തൂറ്റ് ക്യാപ് തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ ശോഭയും പുറവങ്കരയും പി എൻ സി ഇൻഫ്രയും നഷ്ടത്തിലായിരുന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 10) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,806.62 കോടി രൂപയ്ക്ക് വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -2,109.34 കോടി രൂപയ്ക്ക് അറ്റ വില്പനക്കാരായി.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ മിശ്രിതമായാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ഹായ് (+7.31), ഹോങ്കോങ് ഹാങ്‌സെങ് (+289.75), ജപ്പാൻ നിക്കേ (+271.32), സൗത്ത് കൊറിയൻ കോസ്‌പി (+3.65) എന്നിവ നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ, തായ്‌വാൻ (-33.94) ജക്കാർത്ത കോമ്പസിറ്റ് (-30.78) എന്നിവ ഇടിഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച ആഗോള വിപണികൾ ഉയർച്ചയിലായിരുന്നു. ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (+186.45), എസ് ആൻഡ് പി 500 (+27.16), നസ്‌ഡേക് കോമ്പസിറ്റ് (+106.98) എന്നിവയെല്ലാം ഉയരങ്ങളിലാണ് അവസാനിച്ചത്.

എന്നാൽ, യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+173.71), പാരീസ് യുറോനെക്സ്റ്റ് (+99.45), ലണ്ടൻ ഫുട്‍സീ (+66.04) എന്നിവ താഴ്ചയിലാണ് അവസാനിച്ചത്.

വിദഗ്ധാഭിപ്രായം

വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി: പലിശ നിരക്ക് 5 ശതമാനത്തിന് മുകളിൽ കുറച്ച് കാലത്തേക്ക് പിടിച്ചുനിൽക്കുമെന്ന് ഫെഡറൽ അധികൃതർ വ്യക്തമാക്കിയതോടെ ആഗോള വിപണികൾ അവരുടെ സമീപകാല നേട്ടങ്ങൾ മാറ്റിമറിച്ചു. ഐടി വരുമാന സീസണിലെ നിശബ്ദമായ തുടക്കം ആഭ്യന്തര വിപണിയിലെ വികാരങ്ങളെ കൂടുതൽ തളർത്തി. ഫെഡിന്റെ ഭാവി പദ്ധതികളെക്കുറിച്ച് വ്യക്തത ലഭിക്കുന്നതിനായി, വ്യാഴാഴ്ചത്തെ പ്രധാന പണപ്പെരുപ്പ സംഖ്യകൾ നിക്ഷേപകർ ഉറ്റുനോക്കുന്നു.

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റിയുടെ ഡെയ്‌ലി ചാർട്ടിലെ ഒരു ബെയറിഷ് ഘടന കൂടുതൽ തിരുത്തലിലേക്ക് വിരൽ ചൂണ്ടുന്നു. എന്നിരുന്നാലും, സൂചിക 17,750, 18,250 ബാൻഡുകൾക്കുള്ളിൽ നീങ്ങുന്നു. ഇരുവശത്തുമുള്ള നിർണായക ബ്രേക്ക്ഔട്ട് ശക്തമായ ഒരു നീക്കത്തിന് കാരണമായേക്കാം.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: "ബാങ്ക് നിഫ്റ്റി സൂചിക 43,000 ലെവലിൽ ഉയർച്ചയിൽ കടുത്ത പ്രതിരോധം നേരിടുന്നു. ഏറ്റവും ഉയർന്ന ഓപ്പൺ ഇന്ററസ്റ് 'കോൾ' വശത്ത് ഉയരുന്നുണ്ട്. താഴെ തട്ടിൽ 42,000-ൽ ഉള്ള പിന്തുണ ലംഘിച്ചാൽ, കൂടുതൽ വിൽപ്പന സമ്മർദ്ദം 41,500-41,400 മേഖലയിലേക്ക് നയിക്കപ്പെടും, ഇത് ബുള്ളുകളുടെ പ്രതിരോധത്തിന്റെ അവസാന നിരയായിരിക്കും."

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഫോർഡ് ഇന്ത്യയുടെ ഗുജറാത്തിലെ സാനന്ദിലുള്ള നിർമ്മാണ പ്ലാന്റ് ഏറ്റെടുക്കൽ പൂർത്തിയായതായി ടാറ്റ മോട്ടോഴ്‌സ് (ഓഹരി വില: 412.90 രൂപ) ചൊവ്വാഴ്ച അറിയിച്ചു. സാനന്ദ് പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ (ഓഹരി വില: 180.70 രൂപ) ചൊവ്വാഴ്ച മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് 35 ബേസിസ് പോയിന്റ് വരെ വർദ്ധിപ്പിച്ചു.

കമ്പനിയുടെ ഡിസംബർ പാദ ഫലങ്ങൾ നിക്ഷേപകരെ നിരാശപ്പെടുത്തിയതിനെത്തുടർന്ന് ടിസിഎസിന്റെ ഓഹരികൾ ചൊവ്വാഴ്ച 1 ശതമാനത്തിലധികം താഴ്ന്നു. ബിഎസ്ഇയിൽ ഓഹരി വില 1.01 ശതമാനം ഇടിഞ്ഞ് 3,286.20 രൂപയിലെത്തി.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ (ഓഹരി വില: 226.60 രൂപ) ഭാഗമായ ആസ്റ്റർ മെഡ് സിറ്റി തമിഴ്‌നാട്ടിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ ശൃംഖലയായ കാവേരി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസുമായി ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കൽ രംഗത്തു സഹകരിക്കുന്നു.

ഡിസ്‌കൗണ്ട് കാഷ് ഫ്ലോ രീതി ഉപയോഗിച്ച് ന്യായമായ വിപണി മൂല്യത്തിൽ മാക്‌സ് ലൈഫ് ഇൻഷുറൻസിന്റെ 7 ശതമാനം ഓഹരി സ്വന്തമാക്കാൻ മാക്‌സ് ഫിനാൻഷ്യൽ സർവീസസു (ഓഹരി വില: 77.45 രൂപ) മായി പുതുക്കിയ കരാറിൽ ഏർപ്പെട്ടതായി ആക്‌സിസ് ബാങ്ക് (ഓഹരി വില: 952.15 രൂപ) ചൊവ്വാഴ്ച അറിയിച്ചു.

2022 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ കൽക്കരി ഉൽപ്പാദനം 51 ശതമാനം വർധിച്ച് 14.55 ദശലക്ഷം ടണ്ണായി ഉയർന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള എൻ ടി പി സി (ഓഹരി വില: 167.95 രൂപ) അറിയിച്ചു.

ഹൃദയാഘാതം, പക്ഷാഘാതം, സ്റ്റെന്റുകളിൽ രക്തം കട്ടപിടിക്കൽ എന്നിവയ്ക്കുള്ള പ്രസുഗ്രൽ ഗുളികകളുടെ ജനറിക് പതിപ്പിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചതായി ലുപിൻ ലിമിറ്റഡ് (ഓഹരി വില:758.85 രൂപ) പറഞ്ഞു.

രക്തത്തിലെ ഉയർന്ന യൂറിക് ആസിഡിനെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഫെബുക്‌സോസ്റ്റാറ്റ് ഗുളികകളുടെ ജനറിക് പതിപ്പ് വിപണിയിലെത്തിക്കുന്നതിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ നിന്ന് അന്തിമ അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയൻസസ് (ഓഹരി വില:457.35 രൂപ) ചൊവ്വാഴ്ച അറിയിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,145 രൂപ (-15 രൂപ)

യുഎസ് ഡോളർ = 81.74 രൂപ (-61 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 79.49 ഡോളർ (-0.76%)

ബിറ്റ് കോയിൻ = 14,80,101 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.07 ശതമാനം ഉയർന്ന് 103.10 ആയി.

Tags:    

Similar News