പണപ്പെരുപ്പം വരുതിയിലാവുന്നില്ല; ഇനിയും നിരക്ക് വർധനക്ക് സാധ്യതയെന്ന് ഫെഡ്

  • മൂന്നു ദിവസത്തെ വീഴ്ചക്ക് ശേഷം സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 8.00 ന് 57.50 പോയിന്റ് ഉയർന്നാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്
  • ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി മിനിറ്റ്സിലും പല അംഗങ്ങളും ഉയർന്ന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടി

Update: 2023-02-23 02:30 GMT

കൊച്ചി: വിപണി കാത്തിരുന്ന യു എസ് ഫെഡ് മീറ്റിംഗ് മിനിറ്റ്സ് ഇന്നലെ പ്രസിദ്ധീകരിച്ചു. ഇപ്പോഴും കമ്മിറ്റിയുടെ ദീർഘകാല ലക്ഷ്യമായ 2 ശതമാനത്തിന് മുകളിൽ പണപ്പെരുപ്പം നിലകൊള്ളുന്നതിനാൽ നിരക്ക് വർദ്ധനവ് ഇനിയും വേണ്ടി വരുമെന്നാണ് കമ്മിറ്റിയുടെ തീരുമാനമെന്ന് എല്ലാ അംഗങ്ങളും വിശ്വസിക്കുന്നതായി അതിൽ രേഖപ്പെടുത്തിയിരുന്നു. ഇത് ഫെഡിന്റെ മാർച്ചിലും മെയ് മാസത്തിലും നടക്കാനിരിക്കുന്ന അടുത്ത രണ്ട് മീറ്റിംഗുകളിൽ നിരക്ക് വർധനക്കിടയാക്കുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നു. അതിന്റെ പ്രതിഫലനമെന്നോണം ആഗോള വിപണി ഇന്നലെയും താഴ്ചയിലായിരുന്നു.

ഇന്നലെ തന്നെ പുറത്തായ ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി മിനിറ്റ്സിലും പല അംഗങ്ങളും ഉയർന്ന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടിയതായി കാണാം. അതേസമയം ചിലർ നിരക്ക് വളരെയധികം കർശനമാക്കുന്നതിന്റെ ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്നലെ, ആഭ്യന്തര വിപണിയിൽ നാലാം ദിവസവും തുടർച്ചയായി സൂചികകൾ താഴേക്ക് പോയിരുന്നു. സെൻസെക്സ് 927.74 പോയിന്റ് ഇടിഞ്ഞ് 59,744.98 ലും നിഫ്റ്റി 272.40 പോയിന്റ് കുറഞ്ഞ് 17,554.30 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റിയാകട്ടെ 677.70 പോയിന്റ് ഇടിഞ്ഞ് 39,995.90-ലാണ് അവസാനിച്ചത്. വിപണിയെ കൈപിടിച്ചുയർത്താൻ പ്രത്യേകിച്ച് ആവേശകരമായ വാർത്തകളൊന്നും കാണാനുമില്ല.

നിഫ്റ്റി മെറ്റൽ 2.64 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി പി എസ് യു ബാങ്കും റീയൽറ്റിയും ആട്ടോയും, ഐ ടീയും, ഓയിൽ ആൻഡ് ഗ്യാസുമെല്ലാ 1.00 ശതമാനത്തിനു മുകളിൽ താഴ്‌ന്നു. അദാനി എന്റർപ്രൈസസ് 10.58 ശതമാനം ഇടിഞ്ഞു 11404.85 പോയിന്റിലെത്തി. അദാനി പോർട്സും 6.19 ശതമാനം കൂപ്പുകുത്തി.

എന്നാൽ, മൂന്നു ദിവസത്തെ വീഴ്ചക്ക് ശേഷം സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 8.00 ന് 57.50 പോയിന്റ് ഉയർന്നാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ബുധനാഴ്ച (ഫെബ്രുവരി 22) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 371.56 കോടി രൂപയ്‌ക്ക്‌ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -579.82 കോടി രൂപയ്‌ക്ക്‌ ഓഹരികൾ അധികം വിറ്റു.

കേരള കമ്പനികൾ

ഇന്നലെ കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ കല്യാൺ ജൂവല്ലേഴ്‌സ് മാത്രമാണ് പച്ചയിലാവസാനിച്ചത്. വി ഗാർഡും, കൊച്ചിൻ ഷിപ്യാർഡും, 4 ശതമാനത്തോളം ഇടിഞ്ഞപ്പോൾ മുത്തൂറ്റ് ക്യാപിറ്റലും, കിറ്റെക്‌സും, ജ്യോതി ലാബുമെല്ലാം 2 ശതമാനത്തിലേറെ താഴ്‌ന്നു.

ആഗോള വിപണി

ഏഷ്യൻ വിപണികൾ ഇന്ന് മിശ്രിതമായയാണ് ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (156.13), ഹോങ്കോംഗ് ഹാങ്ങ് സെങ് (16.80), ദക്ഷിണ കൊറിയ കോസ്‌പി (27.11), ജക്കാർത്ത കോമ്പോസിറ്റ് (11.51), ചൈന ഷാങ്ങ്ഹായ് (7.24) എന്നിവ ഉയർന്ന് നിൽക്കുമ്പോൾ ജപ്പാൻ നിക്കേ (-368.78) താഴ്ചയിൽ തുടക്കം കുറിച്ചിരിക്കുന്നു.

ഇന്നലെ തുടർച്ചയായ നാലാം സെഷനിലും യുഎസ് സൂചികകൾ തകർന്നു. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ -84.50 പോയിന്റ് ഇടിഞ്ഞപ്പോൾ എസ് ആൻഡ് പി -6.29 പോയിന്റ് താഴ്‌ന്നു; എന്നാൽ, നസ്‌ഡേക് 14.77 പോയിന്റ് ഉയർച്ചയിലാണ് അവസാനിച്ചത്.

യൂറോപ്പിലും സൂചികകൾ പൊതുവെ താഴ്ച്ചയിലാണ് അവസാനിച്ചത്; പാരീസ് യുറോനെക്സ്റ്റും (-9.39), ലണ്ടൻ ഫുട്‍സീയും (-47.12) താഴ്ന്നപ്പോൾ ഫ്രാങ്ക്ഫർട് ഡി എ എക്‌സ് (+2.27) നേരിയ നേട്ടം കൈവരിച്ചു.

വിദഗ്ധാഭിപ്രായം

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി സൂചികയിൽ ഉയർന്ന തലങ്ങളിൽ നിന്നുള്ള വിൽപ്പന സമ്മർദ്ദം തുടർന്നു. സൂചിക ഇപ്പോൾ ഒരു അധിക വില്പനയുടെ മേഖലയിലാണ് വ്യാപാരം നടത്തുന്നത്, അത് 40000-ന് മുകളിൽ നിലനിൽക്കുകയാണെങ്കിൽ 40600/ 40800 ലെവലിലേക്ക് ഒരു പുൾ ബാക്ക് റാലിക്ക് സാക്ഷ്യം വഹിക്കാനിടയുണ്ട്.

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റി 50 സൂചിക ദൈനംദിന, പ്രതിവാര ചാർട്ടിൽ ഉയർന്നതും താഴ്ന്നതുമായ രൂപീകരണത്തോടെ ഡൗൺ ട്രെൻഡിലാണ് വ്യാപാരം നടത്തുന്നത്. മൊമെന്റം ഇൻഡിക്കേറ്റർ RSI ഒരു തകർച്ചയുടെ വക്കിലാണ്; അത് ദുർബലമായ മേഖലയിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. സൂചിക 18000 മാർക്കിന് താഴെ നിൽക്കുന്നിടത്തോളം കാലം ബെയറിഷ് പ്രവണത തുടരും; മാത്രമല്ല, 17400/ 17200 ലെവലിലേക്ക് വഴുതി വീഴാനും സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന ഒരു ഫണ്ടായ ഇന്റർനെറ്റ് ഫണ്ട് ഇയ്യ്‌, ബുധനാഴ്ച സപ്ലൈ ചെയിൻ കമ്പനിയായ ഡൽഹിവറിയിലെ (ഓഹരി വില 335.90 രൂപ) 1.7 ശതമാനം ഓഹരികൾ 414 കോടി രൂപയ്ക്ക് തുറന്ന വിപണി ഇടപാടിലൂടെ വിറ്റഴിച്ചു.

ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ അനുബന്ധ സ്ഥാപനത്തെ ഏറ്റെടുക്കാൻ സഹായിക്കുന്നതിനായി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഒരു വിഭാഗം ബുധനാഴ്ച ബയോകോണിൽ (ഓഹരി വില 222.25 രൂപ) 1,070 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.

യുഎസ് ഡോളർ = 82.88 രൂപ (+9 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 81.82 ഡോളർ (-1.48%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,200 രൂപ (0 രൂപ)

ബിറ്റ് കോയിൻ = 20,87,686 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.12 ശതമാനം ഉയർന്ന് 104.23 ന് വ്യാപാരം നടക്കുന്നു.

Tags:    

Similar News