ആഗോള പ്രശ്നങ്ങളിൽ അടിപതറി ഇന്ത്യൻ വിപണികൾ; ബെയറുകൾ പിടി മുറുക്കുന്നു

  • മൊത്തത്തിൽ നോക്കിയാൽ കഴിഞ്ഞ രണ്ടു മാസങ്ങളായി വിപണി ആടിയുലയുകയാണ്.
  • ആസ്റ്റർ ഡി എം, സി എസ് ബി ബാങ്ക്, കല്യാൺ ജൂവല്ലേഴ്‌സ്, കിറ്റെക്സ്, മണപ്പുറം, മുത്തൂറ്റ് ക്യാപിറ്റൽ, എന്നിവ ഇന്നലെ പച്ചയിലാണവസാനിച്ചത്.
  • കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,000 കോടി രൂപ വരെ സമാഹരിക്കാൻ ഫെഡറൽ ബാങ്ക്.

Update: 2023-03-16 01:45 GMT

കൊച്ചി: തുടർച്ചയായ അഞ്ചാം ദിവസവും വിപണി നഷ്ടത്തിൽ കലാശിച്ചു. സെൻസെക്സ് 344.29 പോയിൻറ് അഥവാ 0.59 ശതമാനം ഇടിഞ്ഞ് 57,555.90 പോയിൻറിലും എൻഎസ്ഇ നിഫ്റ്റി 71.15 പോയിൻറ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 16,972.15 പോയിൻറിലും എത്തി.

സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഇൻഡസ്ഇൻഡ് ബാങ്കാണ്, ഏകദേശം 2 ശതമാനം ഇടിവ്, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ട്വിൻസ്, എസ്‌ബിഐ, എച്ച്‌യുഎൽ, ടാറ്റ മോട്ടോഴ്‌സ്, നെസ്‌ലെ ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നിവയും നഷ്ടത്തിലായിരുന്നു. അതേസമയം, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ സ്റ്റീൽ, ടൈറ്റൻ, എൽ ആൻഡ് ടി തുടങ്ങിയ ഓഹരികൾ 3.03 ശതമാനം വരെ ഉയർന്നു.

മൊത്തത്തിൽ നോക്കിയാൽ കഴിഞ്ഞ രണ്ടു മാസങ്ങളായി വിപണി ആടിയുലയുകയാണ്. ഐപിഒ-കളും വളരെ നിര്ജീവമായിരുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 12 ഓഫറുകളിലൂടെ 478 കോടി രൂപ മാത്രമേ പ്രാരംഭ ഓഹരികൾക്ക് സമാഹരിക്കാനായുള്ളു. ഇതിൽ 10 എണ്ണവും ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) ആയിരുന്നു. ഡിസംബറിൽ ഐപിഒകളിലൂടെ കമ്പനികൾ 5,120 കോടി രൂപ സമാഹരിച്ചിരുന്നു. 2022 ൽ മൊത്തത്തിൽ, 38 കമ്പനികൾ 57,000 കോടി രൂപ സമാഹരിച്ചു; 2021 ൽ 63 കമ്പനികൾ സമാഹരിച്ച 1.2 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ് എന്ന കാര്യം ഓർക്കണം.

ഇന്ത്യയുടെ കയറ്റുമതിയും കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ 37.15 ബില്യൺ ഡോളറിനെതിരെ തുടർച്ചയായ മൂന്നാം മാസവും 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യൺ ഡോളറിലെത്തി. ഇറക്കുമതിയും 8.21 ശതമാനം ഇടിഞ്ഞ് 51.31 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 55.9 ബില്യൺ ഡോളറായിരുന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (മാർച്ച് 15) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,823.94 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,271.25 കോടി രൂപയ്ക്ക് അധിക വില്പനക്കാരായി.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, സി എസ് ബി ബാങ്ക്, കല്യാൺ ജൂവല്ലേഴ്‌സ്, കിറ്റെക്സ്, മണപ്പുറം, മുത്തൂറ്റ് ക്യാപിറ്റൽ, എന്നിവ പച്ചയിലാണവസാനിച്ചത്.

റിയാൽറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രയും ശോഭയും ഉയർന്നപ്പോൾ പുറവങ്കര 1.60 ശതമാനം ഇടിഞ്ഞു.

ആഗോള വിപണി

ഏഷ്യൻ വിപണികൾ ഇന്ന് രാവിലെ തുടക്കത്തിൽ സമ്മിശ്ര പ്രതികരണമാണ് കാഴ്ചവെക്കുന്നത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി (35.50) ഉയർന്നിട്ടുണ്ട്; എന്നാൽ ജപ്പാൻ നിക്കേ (-306.58), ജക്കാർത്ത കോമ്പോസിറ്റ് (-13.67), ദക്ഷിണ കൊറിയ കോസ്‌പി (-10.54), , ചൈന ഷാങ്ങ്ഹായ് (-20.01), തായ്‌വാൻ വെയ്റ്റഡ് (-118.34), ഹോങ്കോംഗ് ഹാങ്ങ് സെങ് (-341.90) എന്നിവ ചുവപ്പിലാണ് തുടക്കം.

ബുധനാഴ്ച യുഎസ് സൂചികകൾ താഴ്ചയിലാണ് അവസാനിച്ചത്. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ -280.83 പോയിന്റും, എസ് ആൻഡ് പി -27.36 പോയിന്റും താഴ്ന്നപ്പോൾ നസ്‌ഡേക് 5.90 പോയിന്റ് ഉയർച്ച നേടി.

യൂറോപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലണ്ടൻ ഫുട്‍സീയും (-292.66), പാരീസ് യുറോനെക്സ്റ്റും (-255.86), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-497.57) ചുവപ്പിൽ തന്നെ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ജെഎസ്‌ഡബ്ല്യു എനർജി (ഓഹരി വില: 256.20 രൂപ) ബോർഡ് ബുധനാഴ്ച സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 1 ലക്ഷം രൂപയുടെ 25,000 നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളിലൂടെ 2,500 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചതായി ഒരു ബിഎസ്ഇ ഫയലിംഗ് വ്യക്തമാക്കി.

ഒരു ലക്ഷം രൂപ വീതമുള്ള 55,000 നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ വഴി 550 കോടി രൂപ സമാഹരിക്കുന്നതിന് അനുമതി നൽകിയതായി ഒരു റെഗുലേറ്ററി ഫയലിംഗിൽ, മൈൻഡ്‌പേസ് REIT-യുടെ (ഓഹരി വില: 299.99 രൂപ) എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവിച്ചു.

പുനരുപയോഗ ഊർജ പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള സംയുക്ത സംരംഭം രൂപീകരിക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള എസ്‌ജെവിഎൻ (ഓഹരി വില: 31.35 രൂപ) ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി (ഓഹരി വില: 78.60 രൂപ) പ്രാരംഭ കരാറിൽ ഒപ്പുവച്ചു.

ഇന്ത്യൻ റെയിൽവേയ്ക്ക് 15.40 ലക്ഷം ചക്രങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ലേലത്തിൽ ടിറ്റാഗഡ് വാഗൺസുമായുള്ള കൺസോർഷ്യത്തിൽ രാംകൃഷ്ണ ഫോർജിംഗ്സ് (ഓഹരി വില: 281.35 രൂപ) ഏറ്റവും കുറഞ്ഞ തുകയോടെമുന്നിലെത്തിയതായി കമ്പനി ബുധനാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ വാതക സ്ഥാപനമായ ഗെയിൽ (ഓഹരി വില: 109.05 രൂപ) സ്വകാര്യ മേഖലയിലെ കെമിക്കൽ കമ്പനിയായ ജെബിഎഫ് പെട്രോകെമിക്കൽസ് ലിമിറ്റഡിനെ 2,079 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ പാപ്പരത്വ കോടതിയുടെ അംഗീകാരം നേടി.

കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,000 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിർദ്ദേശം തീരുമാനിക്കാൻ ശനിയാഴ്ച (മാർച്ച് 18) തങ്ങളുടെ ബോർഡ് യോഗം ചേരുമെന്ന് ഫെഡറൽ ബാങ്ക് (ഓഹരി വില: 126.60 രൂപ) ബുധനാഴ്ച ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ഇരുമ്പയിര് പര്യവേക്ഷണത്തിലും ഉൽപാദനത്തിലും ഏർപ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എൻഎംഡിസിയിലെ (ഓഹരി വില: 117.00 രൂപ) തങ്ങളുടെ ഓഹരിയുടെ 2 ശതമാനം 700 കോടി രൂപയ്ക്ക് വിറ്റതോടെ കമ്പനിയിലെ തങ്ങളുടെ മൊത്തം പങ്കാളിത്തം മാർച്ച് 14 വരെ 11.69 ശതമാനമായതായി എൽഐസി (ഓഹരി വില: 577.45 രൂപ) ബുധനാഴ്ച അറിയിച്ചു.

അഗ്രി-ഫുഡ് വ്യവസായത്തിനായി ബേയർ വികസിപ്പിച്ച ക്ലൗഡ് സൊല്യൂഷന്റെ ടോപ്പ് എസ്‌ഐ പങ്കാളികളിൽ ഒരാളായി തങ്ങളെ തിരഞ്ഞെടുത്തതായി പ്രമുഖ ആധുനികവൽക്കരണ, ഡിജിറ്റൽ എഞ്ചിനീയറിംഗ് കമ്പനിയായ സൊണാറ്റ സോഫ്റ്റ്‌വെയർ (ഓഹരി വില: 826.80 രൂപ) അറിയിച്ചു.

എൻകംബ്രൻസ് റിലീസ് വഴി സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന് 100 മില്യൺ യുഎസ് ഡോളർ തിരിച്ചടച്ചതായി വേദാന്ത ലിമിറ്റഡ് (ഓഹരി വില: 280.40 രൂപ) ബുധനാഴ്ച പറഞ്ഞു. ഇതോടെ 2023 മാർച്ച് വരെ കഴിഞ്ഞ 11 മാസത്തിനുള്ളിൽ 2 ബില്യൺ ഡോളർ കടം തിരിച്ചടച്ചതായി കമ്പനി അറിയിച്ചു,

ഉഗാണ്ട ആസ്ഥാനമായുള്ള സിപ്ല ക്വാളിറ്റി കെമിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 51.18 ശതമാനം ഓഹരികൾ വിൽക്കാൻ ആഫ്രിക്ക ക്യാപിറ്റൽ വർക്ക്‌സുമായി കരാർ ഒപ്പിട്ടതായി ഡ്രഗ് കമ്പനിയായ സിപ്ല (ഓഹരി വില: 877.95 രൂപ) അറിയിച്ചു.

യുഎസ് ഡോളർ = 82.65 രൂപ (+28 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 77.81 ഡോളർ (+0.46%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,305 രൂപ (-10 രൂപ)

ബിറ്റ് കോയിൻ = 21,08,806 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.43 ശതമാനം താഴ്ന്ന് 104.04 ന് വ്യാപാരം നടക്കുന്നു.

ഐപിഒ

ഗ്ലോബൽ സർഫേസസ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വിൽപ്പന ഇന്നലെ ഓഫറിന്റെ അവസാന ദിവസത്തിൽ 12.21 തവണ സബ്സ്ക്രൈബ് ചെയ്തു. 77.49 ലക്ഷം ഓഹരികൾക്കെതിരെ എൻ‌എസ്‌ഇ ഡാറ്റ പ്രകാരം. 9.46 കോടി ഇക്വിറ്റി ഷെയറുകൾക്കാണ് ബിഡ്ഡുകൾ ലഭിച്ചത്. ഒരു ഷെയറിന് ₹133-140 പ്രൈസ് ബാൻഡ് നിശ്ചയിച്ച ഈ ഓഫറിൽ നിന്ന് ₹155 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രകൃതിദത്ത കല്ലുകൾ സംസ്ക്കരിക്കുകായും എഞ്ചിനീയറിംഗ് ക്വാർട്സ് നിർമ്മിക്കുകയും ചെയ്യുന്ന കമ്പനിയാണ് ഗ്ലോബൽ സർഫേസുകൾ.

Tags:    

Similar News