ആഭ്യന്തര വിപണി ശക്തം; എങ്കിലും ജാഗ്രത കൈവിടാറായിട്ടില്ലെന്ന് വിദഗ്‌ധർ

  • രാവിലെ 7.15-നു സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -82.50 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത ഇത് തുറക്കുന്നു.
  • ഭാരതി എയർടെൽ (ഓഹരി വില: 803.80 രൂപ) 5G നെറ്റ് വർക്കിംഗ് ഊർജിതമാക്കാൻ ടെലികോം മേഖലയിൽ 27,000-28,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതി തയ്യാറാക്കി.

Update: 2022-12-29 01:52 GMT

കൊച്ചി: വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വലിയ രീതിയിൽ പിന്മാറുന്നതിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ വർഷം അവസാനിക്കുന്നത്. 2022-ൽ ഏകദേശം 1.21 ലക്ഷം കോടി രൂപയാണ് അവർ ഇവിടെ നിന്നും പിൻവലിച്ചത്; ഇത് എക്കാലത്തെയും ഉയർന്ന വാർഷിക അറ്റ ഒഴുക്കാണ്. 2008-ൽ 53,000 കോടി രൂപ പിൻവലിച്ചതാണ് മുൻകാല റെക്കോർഡ്. വർധിച്ച പണപ്പെരുപ്പം, ഉയരുന്ന പലിശ നിരക്ക്, ആസന്നമാകുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണി എന്നീ ഘടകങ്ങളെല്ലാം ഇതിനു കാരണമായി പറയാം. എന്നാൽ, ഈ സാമ്പത്തിക വർഷത്തെ കണക്കുകൾ നോക്കിയാൽ ഏകദേശം 11,500 കോടി രൂപ മാത്രമേ അവർ പിൻവലിച്ചിട്ടുള്ളു എന്ന് കാണാം (2022 ജനുവരി-മാർച്ച് മാസങ്ങളിലാണ് 1,10,000 കോടി രൂപ പിൻവലിച്ചത്). ഡിസംബറിൽ അവർ ഇപ്പോഴും 11,077.88 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി തുടരുന്നു എന്നത് ആശ്വാസകരമാണ്. അതിനേക്കാൾ പ്രധാനം, ആഭ്യന്തര നിക്ഷേപകർ കഴിഞ്ഞ ഏപ്രിൽ മുതൽ 1,69,000 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി എന്നതാണ്. നമ്മുടെ സെൻസെക്സ് സൂചിക സർവകാല റെക്കോർഡ് ആയ 63,583.07 ൽ എത്തിയത് ഈ ഡിസംബർ 1-നാണ് എന്ന കാര്യവും വിസ്മരിച്ചുകൂട. ഇന്ത്യൻ സമ്പദ്ഘടന ശക്തമായി തുടരും എന്നതിന്റെ ഒരു സൂചകമായി ഇതിനെ കണക്കാക്കാം.

എങ്കിലും, ആഗോള അപകടസാധ്യതകൾ കുറഞ്ഞിട്ടില്ലാത്തതിനാൽ വരാനിരിക്കുന്ന ബജറ്റിൽ സർക്കാർ 'ആക്രമണാത്മക സാമ്പത്തിക ഏകീകരണത്തിന്' പോകേണ്ടതില്ലെന്ന് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി അംഗം ആഷിമ ഗോയൽ ബുധനാഴ്ച പറഞ്ഞു. അതായത്, ജാഗ്രത കൈവിടാറായിട്ടില്ലെന്നു ചുരുക്കം.

ഇന്നലെ സെന്‍സെക്‌സ് 17.15 പോയിന്റ് താഴ്ന്നു 60,910.28ലും നിഫ്റ്റി 9.80 പോയിന്റ് താഴ്ന്നു 18,122.50 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 31.80 പോയിന്റ് താഴ്ന്ന് 42,827.70 ൽ അവസാനിച്ചു.

രാവിലെ 7.15-നു സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -82.50 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത ഇത് തുറക്കുന്നു.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത്, കല്യാൺ ജൂവല്ലേഴ്‌സ്, കിംസ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, വി ഗാർഡ്, വണ്ടർല എന്നിവ പച്ചയിലാണ് അവസാനിച്ചത്.

എന്നാൽ ആസ്റ്റർ ഡി എം, സിഎസ്ബി ബാങ്ക്, ജ്യോതി ലാബ്, കിംസ്, മുത്തൂറ്റ് ക്യാപിറ്റൽ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവ നഷ്ടത്തിൽ കലാശിച്ചു. അതുപോലെ തന്നെ റിയാലിറ്റി കമ്പനികളായ പുറവങ്കരയും, ശോഭയും, പി എൻ സി ഇൻഫ്രയും ചുവപ്പിൽ തന്നെ അവസാനിച്ചു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 28) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 372.87 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -872.59 കോടി രൂപയുടെ വില്പനക്കാരായി.

വിദഗ്ധാഭിപ്രായം

രൂപക് ഡെ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റി സൂചിക മുന്നോട്ട് പോകുമ്പോൾ, കൂടുതൽ ദിശാസൂചനയുള്ള മുന്നേറ്റത്തിന് 18,155-ന് മുകളിലുള്ള നിർണായക നീക്കം ആവശ്യമാണ്. താഴെ തട്ടിൽ 18,070-ൽ സുസ്ഥിരമായ പിന്തുണ നിലനിൽക്കുന്നുണ്ട്.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികളിൽ ഹോങ്കോങ് ഹാങ്‌സെങ് (305.85) മാത്രം നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ, ചൈന ഷാങ്ഹായ് (-0.07), സൗത്ത് കൊറിയൻ കോസ്‌പി (-24.36), തായ്‌വാൻ (-133.94) ജപ്പാൻ നിക്കേ (-344.20), ജക്കാർത്ത കോമ്പസിറ്റ് (-72.51) എന്നിവയെല്ലാം ഇടിഞ്ഞിട്ടുണ്ട്.

ബുധനാഴ്ച അമേരിക്കൻ വിപണിയിൽ തകർച്ചയായിരുന്നു; ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (-365.85), എസ് ആൻഡ് പി 500 (-46.03), നസ്‌ഡേക് കോമ്പസിറ്റ് (-139.94) എന്നിവ താഴ്ന്നു.

യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (-69.50), പാരീസ് യുറോനെക്സ്റ്റ് (-40.17) എന്നിവ ഇടിഞ്ഞപ്പോൾ ലണ്ടൻ ഫുട്‍സീ (+24.18) പച്ചയിൽ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഭാരതി എയർടെൽ (ഓഹരി വില: 803.80 രൂപ) 5G നെറ്റ് വർക്കിംഗ് ഊർജിതമാക്കാൻ ടെലികോം മേഖലയിൽ 27,000-28,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു.

ജനപ്രിയ മെത്ത ബ്രാൻഡായ സ്ലീപ്‌വെല്ലിന്റെ നിർമ്മാതാക്കളായ ഷീല ഫോം ലിമിറ്റഡ് (ഓഹരി വില: 1296.80 രൂപ) അതിന്റെ എതിരാളിയായ കുർലോൺ ഏറ്റെടുക്കാനുള്ള അവസാന ചർച്ചകൾ നടത്തിവരികയാണെന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 2000 കോടി രൂപയാണ് ഏറ്റെടുക്കലിന് കണക്കാക്കിയിരിക്കുന്നത്.

പുന:സംഘടനയുടെ ഭാഗമായി, ബിഎം ഖൈതാൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തേയില ഉത്പാദകരായ മക്ലിയോഡ് റസ്സൽ ഇന്ത്യ ലിമിറ്റഡ് (ഓഹരി വില: 30.30 രൂപ) ഒന്നിലധികം നിക്ഷേപകരുമായി ചർച്ച നടത്തുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വർഷത്തിൽ ഏകദേശം 73 ദശലക്ഷം കിലോ തേയില ഉത്പാദിപ്പിക്കുന്ന കമ്പനിക്ക് നിലവിൽ 1,800 കോടി രൂപയുടെ കടമുണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള യുകോ ബാങ്ക് (ഓഹരി വില: 31.40 രൂപ) ഡെറ്റ് സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,000 കോടി രൂപ വരെ സമാഹരിക്കാൻ പദ്ധതിയിടുന്നതായി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

സ്മാർട്ട് മീറ്റർ ബിസിനസ്സ് ആരംഭിക്കുന്നതിനായി ഗുജറാത്തിൽ ബെസ്റ്റ് സ്മാർട്ട് മീറ്ററിംഗ് ലിമിറ്റഡ് എന്ന സബ്സിഡിയറി കമ്പനി രൂപീകരിച്ചതായി അദാനി ട്രാൻസ്മിഷൻ (ഓഹരി വില: 2564.45 രൂപ) ഒരു ബി‌എസ്‌ഇ ഫയലിംഗിൽ പ്രസ്താവിച്ചു.

പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോളിയ വസ്‌ത്രനിർമ്മാണ കമ്പനിയായ എസ്‌പി അപ്പാരൽസിന്റെ (ഓഹരി വില: 314.50 രൂപ) 1.64 ലക്ഷം ഓഹരികൾ 5.04 കോടി രൂപയ്ക്ക് ബൾക്ക് ഡീലിലൂടെ വിറ്റു. ഓഹരി ഒന്നിന് ശരാശരി 307.10 രൂപയ്ക്കാണ് വിറ്റത്.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,015 രൂപ (+20 രൂപ)

യുഎസ് ഡോളർ = 82.80 രൂപ (+7 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 82.84 ഡോളർ (-0.50%)

ബിറ്റ് കോയിൻ = 14,15,000 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.15% ശതമാനം ഉയർന്ന് 104.07 ആയി.

Tags:    

Similar News