ആഗോള വിപണി നേട്ടത്തിൽ; സിംഗപ്പൂർ നിഫ്റ്റി നിക്ഷേപകർക്ക് ആവേശം പകരുന്നു
- ജനുവരിയിൽ ഇന്ത്യയുടെ വ്യാപാര കമ്മി 17.75 ബില്യൺ.
- സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.30 ന് 43.50 പോയിന്റ് ഉയർച്ചയിൽ.
- വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 432.15 കോടി രൂപയ്ക്കു ഓഹരികൾ അധികം വാങ്ങി.
കൊച്ചി: ജനുവരിയിൽ ഇന്ത്യയുടെ വ്യാപാര കമ്മി 12 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 17.75 ബില്യൺ ഡോളറായി കുറഞ്ഞു. ജനുവരിയിലെ കയറ്റുമതി 6.58 ശതമാനം ഇടിഞ്ഞ് 32.91 ബില്യൺ ഡോളറിലെത്തിയപ്പോൾ ഇറക്കുമതി 3.63 ശതമാനം കുറഞ്ഞ് 50.66 ബില്യൺ ഡോളറിലെത്തി. എങ്കിലും കയറ്റുമതി കുറഞ്ഞത് ആശങ്കാജനകമാണ്. നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയ കയറ്റുമതി മേഖലകളിൽ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഇരുമ്പയിര്, പ്ലാസ്റ്റിക്, ലിനോലിയം, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആഗോള വിപണികളിലെ മാന്ദ്യമാണ് കയറ്റുമതി കുറയാൻ കാരണമായത്.
വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുചെലവുകൾ വർധിപ്പിക്കുകയാണ് വർഷങ്ങളായി സർക്കാരിന്റെ ശ്രമമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബുധനാഴ്ച ഒരു യോഗത്തിൽ പറഞ്ഞു. അടിസ്ഥാന മേഖലയ്ക്ക് ഇത് ഗുണകരമാവാൻ സാധ്യതയുണ്ട്. ഓഹരി വിപണിയിലും ഇത് പ്രതിഫലിക്കും.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.30 ന് 43.50 പോയിന്റ് ഉയർച്ചയിലാണ് വ്യാപാരം നടത്തുന്നത്.
ഇന്നലെ, 30-ഷെയർ ബിഎസ്ഇ സെൻസെക്സ് 242.83 പോയിന്റ് ഉയർന്ന് 61,275.09 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 86.00 പോയിന്റ് നേട്ടത്തിൽ 18015.85 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 87.70 പോയിന്റ് ഉയർന്ന് 41,731.35-ലാണ് അവസാനിച്ചത്.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം ബുധനാഴ്ച (ഫെബ്രുവരി 15) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 516.64 കോടി രൂപക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 432.15 കോടി രൂപക്കും ഓഹരികൾ അധികം വാങ്ങി.
കേരള കമ്പനികൾ
ഇന്നലെ കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, സി എസ് ബി ബാങ്ക്, ജിയോജിത്, കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ക്യാപ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ് എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.
റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രാ നേട്ടത്തിലായപ്പോൾ പുറവങ്കര, ശോഭ എന്നിവയെല്ലാം നേരിയ തോതിൽ ഇടിഞ്ഞു.
ത്രൈമാസ ഫലങ്ങൾ
ഫല പ്രഖ്യാപനങ്ങളുടെ ദിനങ്ങൾ മിക്കവാറും കഴിഞ്ഞു. ഇന്ന് നെസ്‌ലെ ഇന്ത്യ, ഷാഫ്‌ലർ ഇന്ത്യ എന്നീ കമ്പനികളുടെ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.
ആഗോള വിപണി
ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (71.41), ഹോങ്കോംഗ് ഹാങ്ങ് സെങ് (260.39), ദക്ഷിണ കൊറിയ കോസ്‌പി (41.92), ജപ്പാൻ നിക്കേ (200.34), ചൈന ഷാങ്ങ്ഹായ് (8.47) എന്നിവ ഉയർച്ചയിലാണ്. എന്നാൽ, ജക്കാർത്ത കോമ്പോസിറ്റ് (-27.32) താഴ്ചയിൽ തുടക്കം കുറിച്ചിരിക്കുന്നു.
ഇന്നലെ യുഎസ് സൂചികകൾ വീണ്ടും പച്ചയിലേക്കു മടങ്ങി. ഡൗ ജോൺസ് 38.78 പോയിന്റും എസ് ആൻഡ് പി 11.47 താഴ്ന്നപ്പോൾ നസ്‌ഡേക് 110.45 പോയിന്റും നേട്ടത്തിൽ അവസാനിച്ചു.
യൂറോപ്പിലും സൂചികകൾ ഉയർന്ന്.. പാരീസ് യുറോനെക്സ്റ്റും (87.05), ലണ്ടൻ ഫുട്‍സീയും (43.98), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (125.78) നേട്ടം കൈവരിച്ചു.
വിദഗ്ധാഭിപ്രായം
രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: സമീപകാലത്ത്, നിഫ്റ്റി സൂചിക 18350-18400 ലേക്ക് നീങ്ങിയേക്കാം. താഴത്തെ അറ്റത്ത്, പിന്തുണ 17950 ൽ കാണാവുന്നതാണ്.
കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ഇന്നലെ ബാങ്ക് നിഫ്റ്റി സൂചിക താഴ്ന്ന നിലയിൽ വാങ്ങലിന് സാക്ഷ്യം വഹിച്ചു, ബുള്ളുകൾക്ക് 41,400 ൽ പിന്തുണ നിലനിർത്താൻ സാധിച്ചിട്ടുണ്ട്. ഉയർന്ന തലത്തിൽ സൂചിക ഉടൻ തന്നെ 42,000 എന്ന തടസ്സത്തെ അഭിമുഖീകരിക്കുന്നു, അവിടെ കോൾ ഭാഗത്ത് ഉയർന്ന ഓപ്പൺ താൽപ്പര്യം കാണാനാവും. ഇപ്പോൾ സൂചിക 'ബൈ-ഓൺ-ഡിപ്പ്' മോഡിൽ തുടരുകയാണ്. ഒരിക്കൽ 42,000 ലെവൽ മറികടന്നാൽ 43,000-43,500 ലെവലിലേക്ക് ശക്തമായ ഷോർട്ട് കവറിംഗിന് സാക്ഷ്യം വഹിക്കും.
ശ്രദ്ധിക്കേണ്ട ഓഹരികൾ
ഭാവിയിലെ ഇന്ത്യൻ മൾട്ടി-റോൾ ഹെലികോപ്റ്ററിനും അതിന്റെ നാവിക പതിപ്പിനും ഉദ്ദേശിച്ചുള്ള എഞ്ചിന്റെ സംയുക്ത വികസനത്തിനായി സഫ്രാൻ ഹെലികോപ്റ്റർ എഞ്ചിനുകളും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (ഓഹരി വില 2482.55 രൂപ) വർക്ക്‌ഷെയർ കരാറിൽ ഒപ്പുവച്ചതായി എച്ച്എഎൽ ബുധനാഴ്ച അറിയിച്ചു.
ഇൻഡിഗോ സഹസ്ഥാപകൻ രാകേഷ് ഗാങ്‌വാളിന്റെ ഭാര്യ ശോഭ ഗാംഗ്‌വാൾ, വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്ത ഒരു ബ്ലോക്ക് ഡീലിലൂടെ ഇൻഡിഗോ എയർലൈനിന്റെ (ഓഹരി വില 1986.05 രൂപ) 4 ശതമാനം ഓഹരി 35.3 കോടി ഡോളറിനു വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
മധ്യപ്രദേശിലും മഹാരാഷ്ട്രയിലും 1,567 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ലേലക്കാരനായി പട്ടേൽ എഞ്ചിനീയറിങ്ങിനെയും (ഓഹരി വില 13.75 രൂപ) പങ്കാളികളെയും ബുധനാഴ്ച അറിയിച്ചു.
ഒഡീഷയിലെ ഒരു ബോക്‌സൈറ്റ് ബ്ലോക്കിന് മുൻഗണനയുള്ള ലേലക്കാരനായി പ്രഖ്യാപിച്ചതായി വേദാന്ത ലിമിറ്റഡ് (ഓഹരി വില 313.00 രൂപ) ബുധനാഴ്ച അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ഓഹരി വില 542.25 രൂപ) ബുധനാഴ്ച ഹ്രസ്വകാല വായ്പാ നിരക്കുകൾ മൂന്ന് വർഷത്തെ മെച്യൂരിറ്റിയിലേക്ക് 10 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ ഭീമനായ എൻ ടി പി സി (ഓഹരി വില 165.80 രൂപ) പുതിയതും നടന്നുകൊണ്ടിരിക്കുന്നതുമായ പ്രോജക്ടുകൾക്കുള്ള മൂലധനച്ചെലവുകൾക്കായി ജാപ്പനീസ് യെൻ മൂല്യത്തിൽ ഏകദേശം 6,213 കോടി രൂപ ടേം ലോൺ സമാഹരിക്കാൻ പദ്ധതിയിടുന്നു.
അമേരിക്കൻ വിപണിയിൽ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുന്ന രണ്ട് ജനറിക് മരുന്നുകൾ വിപണിയിൽ എത്തിക്കുന്നതിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് താൽക്കാലിക അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയൻസസ് (ഓഹരി വില 469.30 രൂപ) ബുധനാഴ്ച അറിയിച്ചു.
അടുത്ത സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിപണിയിലെ വ്യവസായത്തേക്കാൾ വേഗത്തിൽ വളരാൻ ആഗ്രഹിക്കുമ്പോൾ തന്നെ കയറ്റുമതി ഇടത്തരം മുതൽ ദീർഘകാല വരെയുള്ള മൊത്തത്തിലുള്ള വരുമാനത്തിൽ 10 ശതമാനമെങ്കിലും സംഭാവന ചെയ്യുമെന്ന് ഹീറോ മോട്ടോകോർപ്പ് (ഓഹരി വില 2572.00 രൂപ) പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ സിഎഫ്ഒ നിരഞ്ജൻ ഗുപ്ത പറഞ്ഞു.
മൂന്നാം പാദത്തിൽ പിറ്റി എഞ്ചിനീയറിങ്ങിന്റെ (ഓഹരി വില 307.55 രൂപ) പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 239.08 കോടി രൂപയായി; 2022 സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ ഇത് 265.46 കോടിയായിരുന്നു.
യുഎസ് ഡോളർ = 82.83 രൂപ (+5 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 85.54 ഡോളർ (-1.22%)
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,240 രൂപ (0 രൂപ)
ബിറ്റ് കോയിൻ = 20,10,501 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.21 ശതമാനം ഉയർന്ന് 103.45 ന് വ്യാപാരം നടക്കുന്നു.
എസ് എം ഇ ഐ പി ഓ
ഓട്ടോമൊബൈൽ ടയറുകളുടെ നിർമ്മാണത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്ന വിയാസ് ടയേഴ്‌സ് ലിമിറ്റഡ്ന്റെ (Viaz Tyres) 32,26,000 ഷെയറുകളുടെ പ്രാഥമിക ഓഹരി വില്പന ഇന്ന് ആരംഭിക്കുന്നു. ഒരു ഓഹരിക്കു 62 രൂപയാണ് വില. ഫെബ്രുവരി 21-ന് അവസാനിക്കും. ഇത് പിന്നീട് എൻ എസ് ഇ എമർജ് പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യും.