അദാനിക്കെതിരെയുള്ള ഹിൻഡൻബർഗ് ആരോപണം ഇന്ന് വിപണികളെ പിടിച്ചുലക്കാം

  • പ്രമുഖ യുഎസ് റിസേർച് സ്ഥാപനമായ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പ് സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിംഗ് തട്ടിപ്പിലും ഏർപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചു.
  • 2022 ൽ കണക്കാക്കിയ 6.4 ശതമാനത്തേക്കാൾ 2023 ൽ ഇന്ത്യയുടെ ജിഡിപി 5.8 ശതമാനമായി കുറയുമെന്ന് യുഎൻ.

Update: 2023-01-27 02:56 GMT

കൊച്ചി: ഇന്ന് ആഭ്യന്തര ഓഹരി വിപണി ആശങ്കകൾക്കും അങ്കലാപ്പിനും ഇടയിൽ ആടിയുലയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രമുഖ യുഎസ് റിസേർച് സ്ഥാപനമായ ഹിൻഡൻബർഗ് ഒരു റിപ്പോർട്ടിൽ അദാനി ഗ്രൂപ്പ് ദശാബ്ദങ്ങളായി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിംഗ് തട്ടിപ്പിലും ഏർപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചു. കരീബിയൻ, മൗറീഷ്യസ് മുതൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് വരെ വ്യാപിച്ചുകിടക്കുന്ന അദാനി-കുടുംബ നിയന്ത്രണത്തിലുള്ള ഓഫ്‌ഷോർ ഷെൽ കമ്പനികളുടെ വിവരം റിപ്പോർട്ട് വിശദീകരിക്കുന്നു, ഇത് ഇന്ത്യയിലെ അവരുടെ കമ്പനികളിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സുഗമമാക്കാൻ ഉപയോഗിച്ചതായി റിപ്പോർട് അവകാശപ്പെടുന്നു. ഈ ആഘാതത്തിൽ ബുധനാഴ്ച ബിഎസ്ഇയിൽ അദാനി ട്രാൻസ്മിഷന്റെ ഓഹരി 8.87 ശതമാനവും അദാനി പോർട്‌സ് 6.30 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 5.59 ശതമാനവും അദാനി വിൽമർ, അദാനി പവർ എന്നിവ 5 ശതമാനം വീതവും അദാനി ഗ്രീൻ എനർജി 3.04 ശതമാനവും അദാനി എന്റർപ്രൈസസ് 1.54 ശതമാനവും ഇടിഞ്ഞു. അടുത്തിടെ ഏറ്റെടുത്ത സിമന്റ് കമ്പനികളായ അംബുജ സിമന്റ്‌സ്, എസിസി എന്നിവ 7 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ എൻ‌ഡി‌ടി‌വി 5 ശതമാനം താഴ്ന്നു.

സമ്പദ് ഘടനയുടെ കാര്യമെടുത്താൽ, ഉയർന്ന പലിശനിരക്കും ആഗോള സാമ്പത്തിക മാന്ദ്യവും നിക്ഷേപത്തെയും കയറ്റുമതിയെയും ബാധിക്കുന്നതിനാൽ 2022 ൽ കണക്കാക്കിയ 6.4 ശതമാനത്തേക്കാൾ 2023 ൽ ഇന്ത്യയുടെ ജിഡിപി 5.8 ശതമാനമായി കുറയുമെന്ന് യുഎൻ ബുധനാഴ്ച പ്രവചിച്ചു. ലോക ഉൽപ്പാദന വളർച്ച 2022-ൽ കണക്കാക്കിയ 3 ശതമാനത്തിൽ നിന്ന് 2023-ൽ 1.9 ശതമാനമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു, ഇത് അടുത്ത ദശകങ്ങളിലെ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കുകളിൽ ഒന്നായിരിക്കും.

ഇന്നലെ സെൻസെക്സ് 773.69 പോയിന്റ് ഇടിഞ്ഞ് 60,205.06 ലും നിഫ്റ്റി 226.35 പോയിന്റ് താഴ്ന്ന് 17,891.95 ലുമാണ് വ്യപരമവസാനിപ്പിച്ചത്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 8.00 ന് 57.50 പോയിന്റ്ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് ബജാജ് ഫിനാൻസ്, കൊച്ചിൻ മലബാർ, ഗോഡ്ഫ്രെ ഫിലിപ്സ്, ലൂസന്റ് ഇൻഡസ്ട്രീസ്, കല്യാണി സ്റ്റീൽസ്, എന്നീ കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ് ബി ബാങ്ക്, ജ്യോതി ലാബ്,കിംസ്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയൊഴികെ എല്ലാ ഓഹരികളും നഷ്ടത്തിൽ കലാശിച്ചു. റിയാലിറ്റി കമ്പനികളായ ശോഭയും പുറവങ്കരയും 2 ശതമാനത്തിലേറെ ഇടിഞ്ഞു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 25) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,378.49 കോടി രൂപക്ക് അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -2,393.94 കോടി രൂപക്ക് അധികം വിറ്റു.

ലോക വിപണി

ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ഹോങ്കോംഗ് (ഹാങ്ങ് സെങ്), ദക്ഷിണ കൊറിയ കോസ്‌പി (25.20), തായ്‌വാൻ (5.92), ജപ്പാൻ നിക്കേ (18.43), ജക്കാർത്ത കോമ്പോസിറ്റ് (33.40) എന്നിവയെല്ലാം ഉയർന്നാണ് ആരംഭിച്ചിട്ടുള്ളത്.

ഇന്നലെ യുഎസ്-ൽ ഡൗ ജോൺസ്‌ +205.57 പോയിന്റും എസ് ആൻഡ് പി 500 +44.21 പോയിന്റും നസ്‌ഡേക് +199.06 പോയിന്റും നേട്ടത്തിൽ അവസാനിച്ചു..

യൂറോപ്പിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല; ലണ്ടൻ ഫുട്‍സീ (+16.24) ഫ്രാങ്ക്ഫർട് ഡി എ എക്സ് (+51.21) പാരീസ് യുറോനെക്സ്റ്റ് (+52.11) എന്നിവ പച്ചയിലാണ് അവസാനിച്ചത്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

വിപണി മൂലധനത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ റിയൽറ്റി സ്ഥാപനമായ ഡിഎൽഎഫ് ലിമിറ്റഡ്ന്റെ (ഓഹരി വില: 352.05 രൂപ) ഏപ്രിൽ-ഡിസംബർ മാസങ്ങളിലെ വിൽപ്പന ബുക്കിംഗിൽ 45 ശതമാനം വളർച്ച കൈവരിച്ച് 6,599 കോടി രൂപയായി ഉയർന്നു.

2022 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് (ഓഹരി വില: 714.35 രൂപ) 236.93 കോടി രൂപയുടെ ഒറ്റപ്പെട്ട നഷ്ടം ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ കമ്പനി 103.88 കോടി രൂപ ലാഭം നേടിയതായി ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഐഡിബിഐ ബാങ്കിന്റെ (ഓഹരി വില: 52.65 രൂപ) നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് നേടിയ 4,760 കോടി രൂപ വായ്പയുടെ ഗണ്യമായ ഭാഗം വകമാറ്റിയെന്നാരോപിച്ച് ടെലികോം ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ജിടിഎല്ലിനെതിരെ (ഓഹരി വില: 7.35 രൂപ) സിബിഐ എഫ്‌ഐആർ ഫയൽ ചെയ്തു.

മൊബൈൽ ടവർ വെണ്ടറായ എടിസി ടെലികോം ഇൻഫ്രാസ്ട്രക്ചറിന് 1,600 കോടി രൂപയുടെ കടപ്പത്രങ്ങൾ നൽകാനുള്ള നിർദേശം ചർച്ച ചെയ്യാൻ കടക്കെണിയിലായ വോഡഫോൺ ഐഡിയയുടെ (ഓഹരി വില: 6.75 രൂപ) ബോർഡ് ചൊവ്വാഴ്ച യോഗം ചേരും.

ശക്തയായ ബുക്കിംഗുകളുടെ പിൻബലത്തിൽ ഈ മാസം മാരുതി സുസുക്കി ഇന്ത്യയുടെ (ഓഹരി വില: 8784.10 രൂപ) ഓർഡറുകൾ ഏകദേശം 4.05 ലക്ഷം യൂണിറ്റായി ഉയർന്നു.

ഫോളോഓൺ പബ്ലിക് ഓഫറിന് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് 5,985 കോടി രൂപ സമാഹരിച്ചതായി അദാനി എന്റർപ്രൈസസ് (ഓഹരി വില: 3388.95 രൂപ) അറിയിച്ചു. ബി‌എസ്‌ഇ വെബ്‌സൈറ്റിലെ സർക്കുലർ പ്രകാരം 33 ഫണ്ടുകളിലേക്ക് 3,276 രൂപ വീതം മൊത്തം 1,82,68,925 ഇക്വിറ്റി ഓഹരികൾ അനുവദിക്കാൻ കമ്പനി തീരുമാനിച്ചു.

2024-ഓടെ ഓട്ടോമോട്ടീവ് മേഖലയിൽ നെറ്റ് സീറോ കടം കൈവരിക്കുക എന്ന ലക്ഷ്യം ആഭ്യന്തര ബിസിനസിന്റെ കാര്യത്തിൽ ട്രാക്കിലാണെന്നു ടാറ്റ മോട്ടോഴ്‌സ് (ഓഹരി വില: 419.05 രൂപ) സിഎഫ്ഒ പിബി ബാലാജി ബുധനാഴ്ച പറഞ്ഞു. 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 57,000 കോടി രൂപയുടെ ഓട്ടോമോട്ടീവ് കടമുണ്ടായിരുന്ന കമ്പനിക്ക് 2023 സാമ്പത്തിക വർഷം ഏകദേശം 48,700 കോടി രൂപ കടവുമായി ആരംഭിക്കാനാവുമെന്ന് പ്രതീക്ഷ.

2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ ബാങ്കിന്റെ (ഓഹരി വില: 292.15 രൂപ) അറ്റ വരുമാനം 102 ശതമാനം കുതിച്ചു ചാടി 1,396 കോടി രൂപയിലെത്തി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,310 രൂപ (+40 രൂപ)

യുഎസ് ഡോളർ = 81.65 രൂപ (+2 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 87.66 ഡോളർ (+0.22%)

ബിറ്റ് കോയിൻ = 19,37,777 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.01 ശതമാനം ഉയർന്ന് 101.60 ആയി.

Tags:    

Similar News