റബര്‍വില ഇരുനൂറില്‍; കുരുമുളകിനും തിളക്കം

  • ഷീറ്റ് ക്ഷാമം സംസ്ഥാനത്ത് രൂക്ഷം
  • ഏലക്കയുടെ വിലയും ഉയര്‍ന്നു

Update: 2024-06-07 11:40 GMT

ഇന്ത്യന്‍ വിപണിയില്‍ റബര്‍ വില കിലോ 200 ലേയ്ക്ക് ഉയര്‍ന്നു. നിരക്ക് ഉയരുമെന്ന ഉറച്ച വിശ്വാസത്തില്‍ ഒരു വിഭാഗം കര്‍ഷകര്‍ ചരക്ക് ഇറക്കാതെ ഏതാനും മാസങ്ങളായി ശേഖരിച്ചു വെച്ചിരുന്നു. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ആകര്‍ഷകമായ നിരക്കിലേയ്ക്ക് നാലാം ഗ്രേഡ് എത്തിയ അവസരത്തിലും ചരക്കിന് വില്‍പ്പനക്കാര്‍ കുറവാണ്. മഴ മൂലം റബര്‍ വെട്ട് നിലച്ചതിനാല്‍ ഷീറ്റ് ക്ഷാമം രൂക്ഷമാണ്. അതുകൊണ്ട് തന്നെ ടയര്‍ കമ്പനികള്‍ വില ഇനിയും ഉയര്‍ത്താന്‍ തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകള്‍.

ഏലക്ക ലേലത്തില്‍ നിന്നും ചരക്ക് സംഭരിക്കാന്‍ ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും മത്സരിച്ചതോടെ ഇന്ന് ലേലത്തിന് എത്തിയ ചരക്ക് പൂര്‍ണമായി വിറ്റഴിഞ്ഞു. വാങ്ങല്‍ താല്‍പര്യം കനത്തതോടെ ശരാശരി ഇനങ്ങള്‍ കിലോ 2391 രൂപയായും മികച്ചയിനങ്ങള്‍ 3021 രൂപയായും ഉയര്‍ന്നു. മൊത്തം 11,138 കിലോ ഏലക്കയാണ് ലേലത്തിന് വന്നത്.

കുരുമുളക് വില 1100 രൂപയിലേക്ക് ഉയര്‍ന്നു. വരും ദിനങ്ങളില്‍ വിപണി കൂടുതല്‍ ചൂടുപിടിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ ചരക്ക് ഇറക്കുന്നില്ല. ഗാര്‍ബിള്‍ഡ് കുരുമുളക് വില 65,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Tags:    

Similar News