ഏലം ഉൽപാദന മേഖലകളിൽ അന്തരീക്ഷ താപനില വർദ്ധിക്കുന്നത് കർഷകരെ തോട്ടങ്ങളിൽ നിന്നും പിന്നോക്കം വലിയാൻ നിർബന്ധിതരാക്കുന്നു. മഴയുടെ അഭാവത്തിൽ പല ഏല തോട്ടങ്ങളും വരൾച്ചയിൽ അകപ്പെടുമെന്ന സ്ഥിതിയാണ്. താപനില ഉയർന്നതോടെ ഏലം ശരങ്ങൾക്ക് വാട്ടം തട്ടുന്നത് ഉൽപാദകരെ സമ്മർദ്ദത്തിലാക്കി. പശച്മേഷ്യൻ രാജ്യങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും ഏലത്തിന് ആവശ്യകാരുണ്ട്, കാലാവസ്ഥ വ്യതിയാനം മൂലം ആകെ 14,065 കിലോ ഏലക്കയാണ് ഇന്ന് വിൽപ്പനക്ക് വന്നത്, ഇതിൽ 13,431 കിലോയും ലേലം കൊണ്ടു. ശരാശരി ഇനങ്ങൾ കിലോ 3003 രൂപയായും വലിപ്പം കുടിയ ഇനം 3449 രൂപയിലുമാണ്.
ഏഷ്യൻ റബർ വിപണികളിൽ ഉൽപ്പന്നത്തിന് തളർച്ച. ചൈനീസ് വ്യവസായികളിൽ നിന്നുള്ള ഡിമാൻറ് വരുന്ന മൂന്നാഴ്ച്ചകളിൽ കുറയാനുള്ള സാധ്യതകൾ മുൻ നിർത്തി ഷീറ്റ് വിറ്റു മാറാൻ റബർ ഉൽപാദന രാജ്യങ്ങൾ മത്സരിച്ചു. ചൈന ലൂണാർ ന്യൂഇയർ ആഘോഷങ്ങൾക്ക് ഒരുങ്ങുന്നതിനാൽ വാങ്ങലുകാർ രംഗത്ത് നിന്നും പിൻവലിയും. തായ്ലൻറ്റും ഇന്തോനേഷ്യയും മലേഷ്യയും വിൽപ്പനക്കാരാണ്. ബാങ്കോക്കിൽ റബർ 21,018 രൂപയിൽ നിന്നും 20,769 രൂപയായി. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 19,000 രൂപയിൽ സ്റെറഡിയായി നിലകൊണ്ടു.
രാജ്യാന്തര വിപണിയിൽ കുരുമുളക് വില ഉയർന്നതിൻറ ചുവട് പിടിച്ച് കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 100 രൂപ വർദ്ധിച്ച് 64,100 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ബ്രസീലിൻ കയറ്റുമതിക്കാർ കുരുമുളക് വില ഉയർത്തി. കഴിഞ്ഞ ദിവസം സ്റ്റോക്ക് ചുരുങ്ങിയത് മുൻ നിർത്തിയാണ് വിയെറ്റ്നാമും ഇന്തോനേഷ്യയും നിരക്ക് കൂട്ടിയിരുന്നു.
നാളികേരോൽപ്പന്നങ്ങളുടെ വില വീണ്ടും കുറഞ്ഞു. തമിഴ്നാട്ടിൽ കൊപ്രയ്ക്ക് 15,000 രൂപയിലെ താങ്ങ് നഷ്ടപ്പെട്ടത് ഉൽപാദകരിൽ ആശങ്ക ഉളവാക്കുന്നു, അതേസമയം വില ഇടിഞ്ഞിട്ടും മില്ലുകാർ ചരക്ക് സംഭരണ രംഗത്ത് സജീവമല്ല. ശബരിമല സീസൺ അവസാനിച്ചതാണ് നാളികേരോൽപ്പന്നങ്ങൾക്ക് ഡിമാൻറ് മങ്ങാൻ ഇടയാക്കിയത്. കൊച്ചിയിൽ തടർച്ചയായ രണ്ടാം ദിവസവും വെളിച്ചെണ്ണ, കൊപ്ര വിലകൾ ക്വിൻറ്റലിന് 100 രൂപ വീതം താഴ്ന്നു.