കുരുമുളകിന് തിളക്കം; പുതുപ്പിറവി കാത്ത് കൊക്കോ
- കൊക്കോ സംഭരിക്കുന്നത് താഴ്ന്ന വിലയില്‍
- കാര്‍ഷിക മേഖലയില്‍ റബര്‍ വില്‍പ്പനയ്ക്ക് ഉത്സാഹമില്ല
ആഗോള വിപണിക്ക് ഒപ്പം ഇന്ത്യയിലും കുരുമുളക് വില നിത്യേനെ ഉയരുന്നത് കണ്ട് വന്‍കിടചെറുകിട കര്‍ഷകരും ഇടനിലക്കാരും കൂടുതല്‍ ഉയര്‍ന്ന വില സ്വപ്നം കണ്ട് തുടങ്ങി. വിയറ്റ്‌നാമും ബ്രസീലും ഇന്തോനേഷ്യയും വില ഉയര്‍ത്തിയത് കണ്ട് അയല്‍ രാജ്യമായ ശ്രീലങ്കയും നിരക്ക് ഉയര്‍ത്തി ക്വട്ടേഷന്‍ ഇറക്കി. കൊളംബോയിലെ കയറ്റുമതിക്കാര്‍ ടണ്ണിന് 6200 ഡോളറാണ് മുളകിന് ആവശ്യപ്പെടുന്നത്. ഇതിനിടയില്‍ വിപണി വില കൂടുതല്‍ ചൂടുപിടിക്കും മുന്നേ കൂടുതല്‍ ചരക്ക് സംഭരിക്കാന്‍ അന്തര്‍സംസ്ഥാന വ്യാപാരികള്‍ മത്സരിക്കുന്നു. ഉത്തരേന്ത്യന്‍ വ്യവസായികള്‍ ചുരുങ്ങിയ ദിവസങ്ങളില്‍ ക്വിന്റ്റലിന് 3400 രൂപ ഉയര്‍ത്തി, ഇന്ന് അണ്‍ ഗാര്‍ബിള്‍ഡ് മുളക് 60,500 രൂപയ്ക്ക് വാങ്ങി.
രാജ്യാന്തര കൊക്കോ വിലയില്‍ നേരിയ ഉണര്‍വ് കണ്ട് തുടങ്ങിയെങ്കിലും ഇന്ത്യന്‍ ചോക്ലേറ്റ് വ്യവസായികള്‍ സംസ്ഥാനത്തെ വിപണികളില്‍ നിന്നും താഴ്ന്ന വിലയ്ക്ക് തന്നെയാണ് ചരക്ക് സംഭരിക്കുന്നത്. ഹൈറേഞ്ചില്‍ കൊക്കോ കിലോ 500-550 രൂപയിലാണ് ഇടപാടുകള്‍ നടക്കുന്നത്. പച്ച കൊക്കോ വില 170 രൂപയില്‍ താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. മഴ തുടരുന്നതിനാല്‍ കര്‍ഷകര്‍ പുതിയ ചരക്ക് ഇറക്കുന്നത് കുറച്ചു.
രണ്ട് മാസത്തിനിടയില്‍ ആദ്യമായി ജപ്പാനീസ് എക്‌സ്‌ചേഞ്ചില്‍ റബര്‍ അഞ്ച് ദിവസങ്ങളില്‍ തുടര്‍ച്ചയായി മുന്നേറിയത് ഉല്‍പാദന രാജ്യങ്ങളില്‍ ആവേശം ഉളവാക്കി. രണ്ട് വര്‍ഷത്തിനിടയില്‍ ആദ്യമായി സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ വില കിലോഗ്രാമിന് 190 രൂപയില്‍ രണ്ട് ദിവസം വിപണനം നടന്നങ്കിലും കാര്‍ഷിക മേഖല റബര്‍ വില്‍പ്പനയ്ക്ക് ഉത്സാഹം കാണിച്ചില്ല.