ഉത്തരേന്ത്യക്കാരെ കാത്തിരിക്കുന്ന ജാതിക്ക; പൂക്കാലത്തിന്റെ വരവിനായി ഏലം

  • ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വിദേശ കുരുമുളക് താഴ്ന്ന വിലയ്ക്ക് ലഭ്യമായേക്കുമെന്ന് വിലയിരുത്തല്‍

Update: 2023-09-19 12:00 GMT

കുരുമുളക് വിപണി ഉയര്‍ന്ന തലത്തില്‍ നിന്നും സാങ്കേതിക തിരുത്തലിലേയ്ക്ക് വീണ്ടും പ്രവേശിച്ചു. രൂക്ഷമായ ചരക്ക് ക്ഷാമവും ശക്തമായ ആഭ്യന്തര ഡിമാന്റും ഉത്പന്ന വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ച ശേഷമാണ് തിരുത്തലിന്റെ പാദയിലേയ്ക്ക് വിപണി തിരിഞ്ഞത്. കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ചരക്ക് നീക്കം ചുരുങ്ങിയെങ്കിലും വിദേശ കുരുമുളക് ഇറക്കുമതിക്ക് വ്യവസായികള്‍ നടത്തുന്ന നീക്കം മദ്ധ്യവര്‍ത്തികളില്‍ സമ്മര്‍ദ്ദമുളവാക്കുന്നുണ്ട്. വന്‍തോതില്‍ വിദേശ കുരുമുളക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകളെ മുളക് വില്‍പ്പനയ്ക്ക് പ്രേരിപ്പിക്കുന്നു.

ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വിദേശ കുരുമുളക് താഴ്ന്ന വിലയ്ക്ക് ലഭ്യമായെന്ന വിവരമാണ് കാര്‍ഷിക മേഖലകളിലെ മദ്ധ്യവര്‍ത്തികളെ പരിഭ്രാന്തരാക്കിയത്. എന്നാല്‍ വന്‍കിട ചെറുകിട കര്‍ഷകര്‍ വിപണികളില്‍ നിന്നും അകന്നു നിന്നും. പിന്നിട്ടമാസങ്ങളിലെ വരണ്ട കാലാവസ്ഥ മൂലം അടുത്ത സീസണില്‍ ഉത്പാദനം കുറയുമെന്ന വിലയിരുത്തലാണ് അവരെ മാര്‍ക്കറ്റില്‍ നിന്നും അകറ്റിയത്. കൊച്ചിയില്‍ കുരുമുളക് വില ക്വിന്റലിന് 64,500 രൂപയാണ്.

മഴയില്‍ പൂക്കുന്ന ഏലം

അനുകൂല കാലാവസ്ഥ നേട്ടമാക്കി മാറ്റാനാവുമെന്ന വിശ്വാസത്തിലാണ് ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍. ഏതാനും ലേലങ്ങളില്‍ ഏലക്ക വരവ് അരലക്ഷം കിലോയ്ക്ക് മുകളിലെത്തിയത് കണക്കിലെടുത്താല്‍ ഇപ്പോത്തെ മഴ ഏലചെടികള്‍ പുഷ്പിക്കാന്‍ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ് കര്‍ഷകര്‍. ഇതിനിടയില്‍ സ്റ്റോക്കിസ്റ്റുകള്‍ കൈവശമുള്ള ഏലം വില്‍പ്പനയ്ക്ക് ഇറക്കാന്‍ ഉത്സാഹിക്കുന്നുണ്ട്. കുമളിയില്‍ നടന്ന ലേലത്തില്‍ 61,700 കിലോ വില്‍പ്പനയ്ക്ക് എത്തിയത് 56,600 കിലോയും ഇടപാടുകാര്‍ വാരികൂട്ടി. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ഏലത്തിനായി മത്സരിച്ചെങ്കിലും ശരാശരി ഇനങ്ങള്‍ കിലോ 1811 രൂപയിലും മികച്ചയിനങ്ങള്‍ 2399 രൂപയിലും കൈമാറ്റം നടന്നു.

വിപണി കാത്തിരിക്കുന്ന ജാതിക്ക

ജാതിക്ക, ജാതിപത്രി തുടങ്ങിയവ വില്‍പ്പനയ്ക്ക് ഇറക്കുന്നത് ഉത്പാദകര്‍ അല്‍പ്പം നിയന്ത്രിച്ചു. ഉത്സവ ഡിമാന്റ് മുന്നില്‍ കണ്ട് ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ മദ്ധ്യകേരളത്തിലെ വിപണികളില്‍ വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. അറബ് രാജ്യങ്ങളുമായ കച്ചവടങ്ങള്‍ ഉറപ്പിച്ച കയറ്റുമതിക്കാര്‍ മികച്ചയിനം ചരക്കാണ് ശേഖരിക്കുന്നത്. തെളിഞ്ഞ കാലാവസ്ഥ നിലനിന്നതിനാല്‍ ഉണക്ക് കൂടിയിനങ്ങള്‍ സ്റ്റോക്കിസറ്റുകള്‍ കാലടി, പെരുമ്പാവുര്‍ മേഖലകളിലെ വിപണികളില്‍ വില്‍പ്പനയ്ക്ക് ഇറക്കുന്നുണ്ട്. ജാതിക്ക തൊണ്ടന്‍ കിലോ 280 രൂപയിലും ജാതിപത്രി 1300 രൂപയിലും വിപണനം നടന്നു.

കൊപ്രക്ക് തിരിച്ചടി

വെളിച്ചെണ്ണയ്ക്ക് പ്രദേശിക ആവശ്യം കുറഞ്ഞതോടെ വ്യാപാരികള്‍ കൂടുതല്‍ ചരക്ക് ശേഖരിക്കുന്നതില്‍ നിന്നും പിന്നോക്കം വലിയുന്നത് കൊപ്ര മാര്‍ക്കറ്റിന് തിരിച്ചടിയായി മാറാന്‍ ഇടയുണ്ട്. മഴ മാറി കാലാവസ്ഥ വീണ്ടും തെളിഞ്ഞ സാഹചര്യത്തില്‍ ഗ്രാമീണ മേഖലകളില്‍ തേങ്ങാ വെട്ട് പുനരാരംഭിക്കാനും ഇടയുണ്ട്. പച്ചതേങ്ങയ്ക്ക് കിലോ 30 രൂപ പോലും ഉറപ്പ് വരുത്താനാവാത്ത അവസ്ഥയിലാണ് ഉല്‍പാദന കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്നത്.


Full View


Tags:    

Similar News