മഴ പിടിയില്‍ കേരളം; മുഖം മാറി കാര്‍ഷിക കേരളം

  • റബറിന് നേരിട്ട ദൗര്‍ലബ്യം വിട്ടുമാറാന്‍ കാലതാമസം നേരിടും
  • മഴയുടെ വരവ് കൊപ്രയ്ക്ക് കരുത്ത് പകര്‍ന്നേക്കും
  • ഇന്ന് കുരുമുളക് വിപണി പ്രവര്‍ത്തിച്ചില്ല.

Update: 2024-05-23 12:06 GMT

കാലവര്‍ഷം എത്തും മുന്നേ കേരളം കനത്ത മഴയുടെ പിടിയില്‍. ഉഷ്ണതംഗത്തില്‍ കരിഞ്ഞ് ഉണങ്ങിയ കാര്‍ഷിക മേഖലയ്ക്ക് കാലാവസ്ഥ മാറ്റം വന്‍ സ്വാധീനം ചെലുത്തും. സംസ്ഥാനത്തെ പ്രമുഖ വിപണികളില്‍ റബറിന് നേരിട്ട ദൗര്‍ലബ്യം വിട്ടുമാറാന്‍ കാലതാമസം നേരിടുമെന്ന വിലയിരുത്തല്‍ ടയര്‍ വ്യവസായികളെ വില ഉയര്‍ത്തി ഷീറ്റും ഒട്ടുപാലും സംഭരിക്കാന്‍ പ്രേരിപ്പിച്ചു. ടയര്‍ കമ്പനികള്‍ വിപണിയില്‍ പിടിമുറുക്കിയതോടെ ഈ മാസം ഇതാദ്യമായി നാലാം ഗ്രേഡ് റബറിന് ഒറ്റ ദിവസം 200 രുപ ഉയര്‍ന്ന് 18,600 ല്‍ വ്യാപാരം നടന്നു. ഒട്ടുപാല്‍ 11,600 രൂപയായും കയറി. വിദേശ വിപണികളിലും ഇന്ന് റബര്‍ വില വര്‍ദ്ധിച്ചു.

നാളികേരോല്‍പ്പന്ന വിപണി ചലന രഹിതം. മഴയുടെ വരവ് കൊപ്രയ്ക്ക് കരുത്ത് പകരുമെന്ന നിഗനമത്തിലാണ് ഉല്‍പാദകര്‍. അതേ സമയം കൊപ്രയാട്ട് വ്യവസായികളില്‍ നിന്നും ചരക്കിന് കാര്യമായ ഓര്‍ഡറുകള്‍ എത്താഞ്ഞത് ചെറുകിട വിപണികളെ നിര്‍ജീവമാക്കി. കൊച്ചിയില്‍ കൊപ്രയ്ക്ക് 10,000 രൂപയുടെ നിര്‍ണായക താങ്ങ് നഷ്ടപ്പെട്ട് 9900 രൂപയിലാണ് ഇന്ന് ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചത്. വെളിച്ചെണ്ണ വില 15,100 രൂപ. ബുദ്ധപൗര്‍ണ്ണമി പ്രമാണിച്ച് ഇന്ന് കുരുമുളക് വിപണി പ്രവര്‍ത്തിച്ചില്ല. കനത്ത മഴ മൂലം കര്‍ഷകരും ചരക്ക് ഇറക്കാന്‍ തയ്യാറായില്ല.


Tags:    

Similar News