കൊക്കോ വില വീണ്ടും കുതിപ്പില്‍; പ്രതീക്ഷ നല്‍കി ഏലം

  • പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൊക്കോ ക്ഷാമം വിട്ടുമാറാന്‍ കാലതാമസം നേരിടും
  • ഏഷ്യന്‍ വിപണികളില്‍ റബര്‍ ഒന്നര വര്‍ഷത്തെ ഉയര്‍ന്ന തലത്തിലേയ്ക്ക് മുന്നേറി
  • രണ്ടായിരം രൂപയ്ക്ക് മുകളില്‍ വിപണനം തുടരുന്നു

Update: 2024-05-16 11:45 GMT

രാജ്യാന്തര കൊക്കോ വില അതിശക്തമായ സാങ്കേതിക തിരുത്തലുകള്‍ക്ക് ശേഷം വീണ്ടും ഉയര്‍ന്ന് തുടങ്ങി. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ചരക്ക് ക്ഷാമം വിട്ടുമാറാന്‍ കാലതാമസം നേരിടുമെന്ന വിലയിരുത്തലാണ് കൊക്കോയ്ക്ക് പുതുജീവന്‍ പകരുന്നത്. രാജ്യാന്തര കൊക്കോ വില ടണ്ണിന് 11,000 ഡോളറില്‍ നിന്നും 6600 ലേയ്ക്ക് ഇടിഞ്ഞ ശേഷം ഇന്ന് 7300 ന് മുകളില്‍ ഇടം പിടിച്ചത് തിരിച്ചു വരവിന്റെ സൂചനയായി വിലയിരുത്താം. ചോക്ലേറ്റ് വ്യവസായികള്‍ പുതിയ സാഹചര്യത്തില്‍ കേരളത്തിലെ വിപണികളില്‍ വില ഉയര്‍ത്തി ചരക്ക് സംഭരിക്കുമെന്ന നിഗമനത്തിലാണ് കൊക്കോ കര്‍ഷകര്‍. കിലോ 680 രൂപയിലാണ് ഇടപാടുകള്‍ നടക്കുന്നത്.

റബര്‍

ഏഷ്യന്‍ വിപണികളില്‍ റബര്‍ ഒന്നര വര്‍ഷത്തെ ഉയര്‍ന്ന തലത്തിലേയ്ക്ക് ഇന്ന് ചുവടുവെച്ചത് മുഖ്യ റബര്‍ ഉല്‍പാദന രാജ്യങ്ങള്‍ക്ക് ആവേശം പകര്‍ന്നു. തുടര്‍ച്ചയായ നാലാം ദിവസവും തായ്ലന്‍ഡില്‍ ഷീറ്റ് വില ഉയര്‍ന്നതിന്റെ ചുവട് പിടിച്ച് ഇന്തോനേഷ്യന്‍, മലേഷ്യന്‍ മാര്‍ക്കറ്റുകളും സജീവമായി, രാജ്യാന്തര മാര്‍ക്കറ്റിലെ ഉണര്‍വ് കേരളത്തിലും പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ് നമ്മുടെ റബര്‍ മേഖല. വേനല്‍ മഴ അനുഭവപ്പെടുന്നുണ്ടങ്കിലും റബര്‍ ടാപ്പിങിന് കാലവര്‍ഷാരംഭം വരെ കാത്തിരിക്കേണ്ടി വരുമെന്ന് കാര്‍ഷിക മേഖല. കൊച്ചിയില്‍ നാലാം ഗ്രേഡ് കിലോ 180 രൂപയില്‍ വ്യാപാരം നടന്നു.

ഏലം

ഏലക്ക വില തുടര്‍ച്ചയായ പത്താം ദിവസവും കിലോ രണ്ടായിരം രൂപയ്ക്ക് മുകളില്‍ വിപണനം നടന്നു. ശരാശരി ഇനങ്ങളുടെ വില ഉയര്‍ന്ന് നില്‍ക്കുന്നത് ചെറുകിട കര്‍ഷകര്‍ക്ക് പ്രതീക്ഷപകരുന്നു. ഇന്ന് ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ കിലോ 2008 രൂപയില്‍ കൈമാറ്റം നടന്നു, മികച്ചയിനങ്ങള്‍ 2871 രൂപയില്‍ കൈമാറി. മൊത്തം 48,643 കിലോ ചരക്കിന്റെ ഇടപാടുകള്‍ നടന്നു.


Tags:    

Similar News