കുരുമുളക് തിരിച്ചുവരവിന്റെ പാതയില്‍; വെളിച്ചെണ്ണ വില വര്‍ധിച്ചു

  • കൊപ്ര 100 രൂപയുടെ നേട്ടവുമായി 9300 ലേയ്ക്ക്
  • മാര്‍ക്കറ്റുകളില്‍ റബര്‍ ഷീറ്റിനും ലാറ്റക്‌സിനും ഒട്ടുപാലിനും ക്ഷാമം തുടരുന്നു
  • റബര്‍ കയറ്റുമതി സാധ്യതകള്‍ വിലയിരുത്താന്‍ നാളെ റബര്‍ ബോര്‍ഡ് യോഗം

Update: 2024-03-14 12:01 GMT

കേരളത്തിലെ മുഖ്യ മാര്‍ക്കറ്റുകളില്‍ റബര്‍ ഷീറ്റിനും ലാറ്റക്‌സിനും ഒട്ടുപാലിനും ക്ഷാമം തുടരുന്നു. ആഭ്യന്തര നിരക്കില്‍ കിലോ 35 രൂപ ഉയര്‍ന്നത് കണ്ട് കാര്‍ഷിക മേഖല ഉയര്‍ന്ന വിലയ്ക്കായി ചരക്ക് പിടിച്ചെങ്കിലും ടയര്‍ വ്യവസായികള്‍ വില ഉയര്‍ത്താന്‍ ഉത്സാഹം കാണിച്ചില്ല. അതേസമയം മലബാര്‍ മേഖലയിലും കൊച്ചി, കോട്ടയം വിപണികളില്‍ വില്‍പ്പനക്കാര്‍ ചുരുങ്ങിയത് ടയര്‍ നിര്‍മ്മാതാക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നു. എങ്കിലും വിദേശ റബര്‍ ഇറക്കുമതിക്ക് തന്നെയാണ് ടയര്‍ കമ്പനികള്‍ മുന്‍തൂക്കം നല്‍ക്കുന്നത്. ഇതിനിടയില്‍ റബര്‍ കയറ്റുമതി സാധ്യതകള്‍ വിലയിരുത്താന്‍ നാളെ റബര്‍ ബോര്‍ഡ് യോഗം ചേരുകയാണ്. സംസ്ഥാനത്ത് ആര്‍എസ്എസ് നാലാം ഗ്രേഡ് കിലോ 177 രുപയില്‍ വിപണനം നടന്നു.

സൗത്ത് ഇന്ത്യന്‍ കാര്‍ഡമത്തില്‍ നടന്ന ലേലത്തില്‍ വില്‍പ്പനയ്ക്ക് വന്ന 41,853 കിലോ ഏലക്കയില്‍ 41,643 കിലോയും വിറ്റഴിച്ചെങ്കിലും വാങ്ങലുകാര്‍ വില ഉയര്‍ത്താന്‍ തയാറായില്ല. ശരാശരി ഇനം ഏലക്ക കിലോ 1371 രൂപയായും മികച്ചയിനങ്ങള്‍ 1948 രൂപയിലും കൈമാറി. വരണ്ട കാലാവസ്ഥയില്‍ ഏലക്കതോട്ടങ്ങള്‍ നിലനില്‍പ്പ് ഭീഷണിയെ അഭിമുഖീകരിക്കുന്നതിനിടയില്‍ ഉല്‍പ്പന്ന വിലയും ഇടിയുന്നത് ഹൈറേഞ്ചിലെ കര്‍ഷകരെ സാമ്പത്തിക ഞെരുക്കത്തിലാക്കും. വില തകര്‍ച്ചയില്‍ നിന്നും കുരുമുളകിന്റെ തിരിച്ചുവരവ് മുന്‍ നിര്‍ത്തി കാര്‍ഷിക കേരളം വിപണിയുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നു. മദ്ധ്യവര്‍ത്തികള്‍ നിരക്ക് ഉയരുന്നത് കണ്ട് ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. അതേ സമയം അന്തര്‍സംസ്ഥാന വ്യാപാരികള്‍ രംഗത്ത് സജീവമല്ല. ഈസ്റ്റര്‍ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ഉല്‍പാദകര്‍ വീണ്ടും ചരക്കുമായി വിപണിയെ സമീപിക്കുന്ന അവസരത്തിനായി കാത്തു നില്‍ക്കുകയാണ് ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍. മുളക് വില ഇന്ന് 100 രൂപ ഉയര്‍ന്നു. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റ്റലിന് 200 രൂപ ഉയര്‍ന്നതിന്റെ ചുവട് പിടിച്ച് കൊപ്ര 100 രൂപയുടെ നേട്ടവുമായി 9300 ലേയ്ക്ക് കയറി. ഈസ്റ്റര്‍ അടുക്കുന്ന സാഹചര്യത്തില്‍ നാളികേര വിലയിലും ഉണര്‍വ് പ്രതീക്ഷിക്കാം.


Full View


Tags:    

Similar News