കേരളത്തില്‍ കൊക്കോവില താഴ്ന്നു; കുരുമുളക് വില ഉയരുമെന്ന് പ്രതീക്ഷ

  • അന്താരാഷ്ടതലത്തില്‍ കൊക്കോവില ഉയരുന്നു
  • നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല

Update: 2024-06-12 11:57 GMT

അന്താരാഷ്ട്ര കൊക്കോ വില വീണ്ടും ഉണര്‍ന്നു. മുഖ്യ ഉല്‍പാദന രാജ്യമായ ഐവറി കോസ്റ്റില്‍ നിന്നുള്ള രണ്ടാം വിളവും ചുരുങ്ങുമെന്ന അവസ്ഥ കൊക്കോ സംസ്‌കരണ യൂണിറ്റുകളുടെയും ചോക്ലേറ്റ് നിര്‍മ്മാതാക്കളുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിക്കുന്നു. ഐവറി കോസ്റ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കയറ്റുമതിക്കാരും പ്രതിസന്ധിയിലാണ്. നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് പ്രകടനങ്ങള്‍ക്ക് ശേഷം കുത്തനെ ഇടിഞ്ഞ അവധി വിലകള്‍ വീണ്ടും ഉയര്‍ന്നു. ഇതിനിടയില്‍ കേരളത്തില്‍ കൊക്കോ കിലോ 550 രൂപയില്‍ നിന്നും ഇന്ന് 390 ലേയ്ക്ക് താഴ്ന്നു.

കാലാവസ്ഥ വ്യതിയാനങ്ങള്‍ രാജ്യാന്തര കാപ്പി വിലയില്‍ പ്രതിഫലിക്കുന്നു. ബ്രസീലിയന്‍ കാലാവസ്ഥ മാറ്റങ്ങള്‍ നിക്ഷേപകരെ കാപ്പിയിലേയ്ക്ക് അടുപ്പിച്ചെങ്കിലും അതിന് അനുസൃതമായി ഇന്ത്യന്‍ വിലയില്‍ കാര്യമായ വ്യതിയാനം ഇനിയും ദൃശ്യമായില്ല. വയനാടന്‍ വിപണിയില്‍ കാപ്പി പരിപ്പ് 39,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വില ഉയരുമെന്ന പ്രതീക്ഷയില്‍ ഇടനിലക്കാര്‍ കാപ്പി ശേഖരിച്ചിട്ടുണ്ട്.

നാളികേരോല്‍പ്പന്നങ്ങളുടെ വില രണ്ടാഴ്ച്ചയായി സ്റ്റെഡിയാണ്. കൊച്ചിയില്‍ 9800 രൂപയിലാണ് കൊപ്രയുടെ വ്യാപാരം നടക്കുന്നത്, അതേ സമയം തമിഴ്‌നാട്ടില്‍ നിരക്ക് 9200 രൂപയില്‍ നീങ്ങുന്നതിനാല്‍ മില്ലുകാര്‍ സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാന്‍ തിടുക്കം കാണിക്കുന്നു.

കുരുമുളക് വില നാല് ദിവസം കൊണ്ട് 5000 രൂപയുടെ കുതിച്ചു ചാട്ടം കാഴ്ച്ചവെച്ചങ്കിലും കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും കൈവശമുള്ള ചരക്ക് വിപണിയില്‍ ഇറക്കാന്‍ തയ്യാറായില്ല. വരും മാസങ്ങളില്‍ ആഭ്യന്തര വിദേശ ഡിമാന്റ്റിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് കര്‍ഷകര്‍ റെക്കോര്‍ഡ് വിലക്കയറ്റത്തിനായി കാത്ത് നില്‍ക്കുന്നത് ചെറുകിട വിപണികളില്‍ ചരക്ക് ലഭ്യത കുറച്ചു. ഗാ ര്‍ബിള്‍ഡ് കുരുമുളക് വില 70,500 രൂപ.

Tags:    

Similar News