താരമായി കോക്കോ; വില താഴ്ന്ന് റബര്‍

    Update: 2024-02-08 12:51 GMT

    റബര്‍ കയറ്റുമതിക്ക് കേരളം അടിയന്തിര നീക്കം ആരംഭിക്കേണ്ട സമയം അതിക്രമിച്ചതായി കാര്‍ഷിക മേഖല. അന്താരാഷ്ട്ര വിപണി വിലയെക്കാള്‍ ക്വിന്റ്റലിന് 2000 രൂപ കേരളത്തില്‍ താഴ്ന്ന് നില്‍ക്കുന്നതിനാല്‍ വിദേശത്ത് നിന്നും കൂടുതല്‍ ആവശ്യകാരെത്തുമെന്നാണ് ഉല്‍പാദന മേഖലയുടെ വിലയിരുത്തല്‍. ബാങ്കോക്കില്‍ മികച്ചയിനം റബര്‍ വില 18,400 രൂപയില്‍ നീങ്ങുമ്പോള്‍ ഇന്ത്യയില്‍ നിരക്ക് 16,400 രൂപ മാത്രമാണ്.

    സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷനും, റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനും കയറ്റുമതി ലൈസെന്‍സുണ്ട്. ആഭ്യന്തര വിദേശ റബര്‍ വിലകള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചത് അവസരമാക്കി കെട്ടികിടക്കുന്ന റബര്‍ ചൈനയിലയ്ക്കും ജപ്പാനിലേയ്ക്കും ഷിപ്പ്മെന്റിന് അവസരം ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും രക്ഷനേടാനാവും. ഒരു വ്യാഴവട്ടം മുന്‍പ് റബര്‍ വില ഇടിഞ്ഞ അവസരത്തില്‍ മാര്‍റ്റിംഗ് ഫെഡറേഷനും സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷനും റബര്‍ കര്‍ഷകരില്‍ നിന്നും ഷീറ്റ് സംഭരിച്ച് ഉല്‍പാദകര്‍ക്ക് താങ്ങ് പകര്‍ന്നിരുന്നു.

    ആഗോള വിപണിയില്‍ മുന്നേറി കൊക്കോ

    ആഗോള വിപണിയില്‍ കൊക്കോ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കൈമാറ്റം നടന്നു. ലണ്ടന്‍ എക്സ്ചേഞ്ചില്‍ വര്‍ഷാരംഭത്തില്‍ 4000 ഡോളറില്‍ ഇടപാടുകള്‍ നടന്ന കൊക്കോ കഴിഞ്ഞ രാത്രി റെക്കോര്‍ഡായ 5427 ഡോളറിലേയ്ക്ക് പ്രവേശിച്ചു. വിലക്കയറ്റം കണ്ട് മുഖ്യ ഉല്‍പാദന രാജ്യങ്ങള്‍ കൈവശമുള്ള കൊക്കോ അടുത്ത വാരം വില്‍പ്പനയ്ക്ക് ഇറക്കാന്‍ തയ്യാറാവുമോ, അതോ കൂടുതല്‍ ആകര്‍ഷകമായ വിലയ്ക്ക് വേണ്ടി അവര്‍ ചരക്കില്‍ പിടിമുറുക്കുമോയെന്നതിനെ ആശ്രയിച്ചാവും മുന്നിലുള്ള ദിവസങ്ങളില്‍ ഇടപാടുകള്‍ നടക്കുക. ഹൈറേഞ്ചില്‍ ഉണക്ക കൊക്കോ കിലോ 360 രൂപയിലും പച്ച കൊക്കോ 150 രൂപയിലും വിപണനം നടന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില കുത്തനെ ഉയര്‍ന്നതിനാല്‍ പുതിയ ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കാന്‍ മദ്ധ്യകേരളത്തിലെ കര്‍ഷകര്‍ ഉത്സാഹിക്കുന്നുണ്ട്.

    ഏലം

    ഏലക്ക വിലയില്‍ കാര്യമായ വ്യതിയാനമില്ല. ആഭ്യന്തര വിദേശ വാങ്ങലുകാര്‍ ചരക്ക് സംഭരിച്ചിട്ടും ശരാശരി ഇനങ്ങള്‍ കിലോ 1520 രൂപയിലും മികച്ചയിനങ്ങള്‍ 1918 രൂപയിലും കൈമാറി. നെടുക്കണ്ടത്ത് നടന്ന ലേലത്തില്‍ മൊത്തം 49,952 കിലോഗ്രാം ഏലക്കയുടെ ഇടപാടുകള്‍ നടന്നു.


    Full View


    Tags:    

    Similar News