മങ്ങലേറ്റ് കുരുമുളക്; നാളികേര വില്‍പ്പനയില്‍ മുന്നേറ്റം

  • ഉല്‍പ്പന്നത്തിന് ഗുണമേന്‍മ കുറഞ്ഞതിനാല്‍ ഉത്തരേന്ത്യന്‍ വിപണികളില്‍ ശ്രീലങ്കന്‍, വിയെറ്റ്‌നാം ചരക്കിന് ഡിമാന്റ് മങ്ങി
  • അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റ്റലിന് 64,800 രൂപ
  • മൂന്നാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് നാളികേരോല്‍പ്പന്നങ്ങളില്‍ ഉണര്‍വ് ദൃശ്യമാവുന്നത്

Update: 2024-07-26 12:08 GMT

വിദേശ കുരുമുളക് വിറ്റു മാറാന്‍ ഇറക്കുമതി ലോബി തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നുണ്ടങ്കിലും ഉല്‍പ്പന്നത്തിന് ഗുണമേന്‍മ കുറഞ്ഞതിനാല്‍ ഉത്തരേന്ത്യന്‍ വിപണികളില്‍ ശ്രീലങ്കന്‍, വിയെറ്റ്‌നാം ചരക്കിന് ഡിമാന്റ് മങ്ങി. വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കനത്തതോടെ അന്തരീക്ഷ താപനിലയില്‍ സംഭവിച്ച മാറ്റം കുരുമുളകിലെ ജലാംശതോത് ഉയര്‍ത്തി. ചരക്കിന് കൂടുതല്‍ ഈര്‍പ്പം തട്ടിയാല്‍ പൂപ്പല്‍ ബാധയ്ക്ക് ഇടയാക്കും, അതായത് ചരക്ക് വീണ്ടും സംസ്‌ക്കരിക്കേണ്ട അധിക ബാധ്യത കുടി ഇറക്കുമതിക്കാരില്‍ പതിയുമെന്ന് വ്യക്തമായതാണ് സ്റ്റോക്ക് തിടുക്കത്തില്‍ കൈവിറ്റു മാറാന്‍ അവരെ പ്രേരിപ്പിക്കുന്നത്. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റ്റലിന് 64,800 രൂപ.

മഴ തേയിലയുടെ ഗുണനിലവാരത്തെ ബാധിച്ചത് വാങ്ങലുകാരെ വടക്കെ ഇന്ത്യന്‍ ലേല കേന്ദ്രങ്ങളില്‍ നിന്നും പിന്‍തിരിപ്പിച്ചു. ഇതോടെ കൊല്‍ക്കത്ത ലേലത്തില്‍ നിന്നും വാങ്ങലുകാര്‍ കൊച്ചി, കൂന്നുര്‍ ലേലങ്ങളില്‍ താല്‍പര്യം കാണിച്ചെങ്കിലും മഴ ഇവിടെയും ഉല്‍പ്പന്നത്തെ ബാധിച്ചു. ഇല, പൊടികളുടെ വില കുറഞ്ഞു. അറബ് രാജ്യങ്ങളും റഷ്യയും രംഗത്തുണ്ടങ്കിലും നിരക്ക് താഴ്ത്തിയാണ് അവര്‍ ശേഖരിക്കുന്നത്. ഓണം അടുത്തതോടെ ആഭ്യന്തര വ്യാപാരികള്‍ ഓര്‍ത്തഡോക്‌സ് ഇനങ്ങളില്‍ താല്‍പര്യം കാണിച്ചുതുടങ്ങി.

ചിങ്ങം അടുത്തതോടെ നാളികേരോല്‍പ്പന്ന വില ഉയര്‍ന്നു. ഓണം മുന്നില്‍ കണ്ട് മില്ലുകാര്‍ വെളിച്ചെണ്ണ വില 100 രൂപ ഉയര്‍ത്തിയതിന്റെ ചുവട് പിടിച്ച് കൊപ്രയും മികവ് കാണിച്ചു. മൂന്നാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് നാളികേരോല്‍പ്പന്നങ്ങളില്‍ ഉണര്‍വ് ദൃശ്യമാവുന്നത്.

ഉത്സവദിനങ്ങളിലെ വില്‍പ്പന മുന്നില്‍ കണ്ട് ഏലക്ക ശേഖരിക്കാന്‍ ലേല കേന്ദ്രങ്ങളില്‍ ഇടപാടുകാര്‍ കൂടുതല്‍ ഉത്സാഹം പ്രകടിപ്പിച്ചത് വീണ്ടും വിലക്കയറ്റ സാധ്യതകള്‍ക്ക് ശക്തി പകരുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍. ലേലത്തിന് ഇറങ്ങിയ കാല്‍ ലക്ഷം കിലോഗ്രാം ചരക്കില്‍ ഭൂരിഭാഗവും വാങ്ങലുകാര്‍ തിടുക്കത്തില്‍ ശേഖരിച്ചു. മികച്ചയിനങ്ങള്‍ 2793 രൂപയിലും ശരാശരി ഇനങ്ങള്‍ക്ക് 2278 രൂപയിലും കൈമാറി. മൊത്തം 25,466 കിലോ ഏലക്കയുടെ ലേലം നടന്നു.

Tags:    

Similar News