ഇന്ത്യൻ റെയിൽവേയ്ക്ക് 'കവച'മാകാൻ, ഈ ബാറ്ററി മുഖ്യൻ

  • നിക്കൽ കാഡ്മിയം ബാറ്ററി നിർമാതാക്കളിൽ രണ്ടാമൻ
  • പ്യുർ ലീഡ് തിൻ ബാറ്ററി നിർമിക്കുന്ന ഏക ഇന്ത്യൻ കമ്പനി
  • 80 ലധികം രാജ്യങ്ങളിൽ സാനിധ്യം

Update: 2023-07-10 12:54 GMT

രാജ്യത്തെ തന്നെ നടുക്കിയ ഒഡിഷയിലെ ബാലസോർ ട്രെയിൻ ദുരന്തം നടന്നിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. 280 ലധികം ആളുകളുടെ ജീവൻ നഷ്‌ടപ്പെട്ട ഈ അപകടം, രാജ്യത്തുണ്ടായ ട്രെയിൻ അപകടങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച നാലാമത്തെ ദുരന്തമാണ്. മൂന്ന് ട്രെയിനുകൾ അപകടത്തിൽ പെട്ടതാണ് ദുരന്തത്തിന് ആക്കം കൂട്ടിയത്. ഇതിൽ ഷാലിമറിൽ നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു.

ഇതിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റുകയും സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചു കയറുകയും ചെയ്തതോടെ ദുരന്തത്തിന്റെ തീവ്രത വർധിച്ചു. ദുരന്തത്തിന് കാരണം സ്റ്റേഷനിലെ സിഗ്നൽ തകരാർ മൂലമാണെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ഇപ്പോൾ സീനിയർ സെക്ഷൻ എഞ്ചിനീയറടക്കമുള്ളവർക്കെതിരെ നടപടികൾ സ്വീകരിച്ചിരിക്കുന്നു.

എന്നാൽ ഇങ്ങനെയൊരു ട്രെയിൻ ദുരന്തം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് 'കവച്' എന്ന സുരക്ഷാ സാങ്കേതിക സംവിധാനത്തിന്റെ പ്രാധാന്യം വീണ്ടും ഉയർന്നു വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ ഗതാഗത സംവിധാനമുള്ള രാജ്യങ്ങളിൽ പ്രധാന രാജ്യമാണ് ഇന്ത്യ. സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'കവച്' സംവിധാനം നിലവിൽ ഇന്ത്യൻ റെയിൽവെയുടെ 2% റൂട്ടുകളിൽ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്.

2012 ലാണ് ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള ‘ഓട്ടോമേറ്റഡ് സിഗ്നലിങ് സംവിധാനം’ വികസിപ്പിക്കാൻ ആരംഭിച്ചത്. ആത്മനിർബർ ഭാരത് പദ്ധതിയുടെ ഭാഗമായി 2022 കേന്ദ്ര ബജറ്റിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ കൊണ്ട് വന്നത്. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ (ആർ.ഡി.ഒ.എസ്.)ആണ് ഈ സംവിധാനം വികസിപ്പിച്ചത്. 'കവച്' എന്ന പേരിൽ പിന്നീട് പുനർനാമകരണം ചെയ്ത ഈ സംവിധാനം നിർമിക്കുന്നതിനും സ്ഥാപിക്കുന്നതിനുമായി മൂന്ന് കമ്പനികൾക്കാണ് കരാർ ലഭിച്ചത്.

ഇപ്പോൾ വീണ്ടും ഇതിന്റെ ആവശ്യകത ഉയർന്നു വന്നതോടെ ഈ കമ്പനികളും നിക്ഷേപകരുടെ ശ്രദ്ധയിൽ ഇടംപിടിച്ചു എന്ന് പറയാം. എച്ച്ബിഎൽ പവർ സിസ്റ്റംസ്, കെർനെക്സ് മൈക്രോസിസ്റ്റംസ് എന്നി കമ്പനികൾക്കായിരുന്നു കരാർ ലഭിച്ചത്. കരാർ പ്രഖ്യാപനത്തെ തുടർന്നുണ്ടായ ദിവസങ്ങളിൽ കമ്പനികളുടെ ഓഹരികളിൽ ശക്തമായ മുന്നേറ്റം ഉണ്ടായിരുന്നു. ഈ ഒരു മാസത്തെ പ്രകടനം വിലയിരുത്തിയാലും ഇത് തുടരുന്നതായി കാണാം.

ഇതിൽ സ്‌മോൾ ക്യാപ് കമ്പനിയായ എച്ച്ബിഎൽ പവർ സിസ്റ്റംസിന്റെ കാര്യം നമുക്കൊന്നു പരിശോധിച്ചു നോക്കാം. ഇന്ത്യൻ റെയിൽവെയിൽ പൂർണമായും 'കവച്' നടപ്പിലാക്കുന്നതിന് 15 വർഷമെങ്കിലും കാലയളവ് വേണമെന്നാണ് കമ്പനിയുടെ ചെയർമാനും, എംഡിയുമായ എ.ജെ.പ്രസാദ് അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ കിലോമീറ്ററിന് 50 ലക്ഷത്തോളം ചിലവ് വരുന്ന ഈ പദ്ധതി ദീർഘകാലത്തേക്കുള്ള കമ്പനിയുടെ സാധ്യതകളെയാണ് ചൂണ്ടികാണിക്കുന്നത്.

കമ്പനിയെക്കുറിച്ച്

ആലുരു ഫാമിലി ട്രസ്റ്റിന്റെ ഉപസ്ഥാപനമായ കമ്പനി 1977 ൽ ഹൈദരാബാദിലാണ് സ്ഥാപിതമായത്. റിസേർച് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ മുൻനിര എഞ്ചിനീറിങ് കമ്പനികളിലൊന്നാണ് എച്ച്ബിഎൽ പവർ സിസ്റ്റംസ്. റെയിൽവേ കൂടാതെ, ഏവിയേഷൻ, ഡിഫൻസ്, ഓയിൽ ആൻഡ് ഗ്യാസ്, പവർ, ടെലികോം മേഖലകളിലും സേവനങ്ങൾ നൽകുന്നുണ്ട്. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി അഞ്ചു നിർമാണ യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. ആഗോള തലത്തിൽ 80 ലധികം രാജ്യങ്ങളിലാണ് കമ്പനിയുടെ സാന്നിധ്യമുള്ളത്. അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, എന്നിവിടങ്ങളിലൊക്കെ കമ്പനിയുടെ ഉപസ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 18%ത്തോളം വരുമാനം കയറ്റുമതിയിൽ നിന്നും ലഭിച്ചിരുന്നു.

ഉത്പന്നങ്ങളും സേവനങ്ങളും

ആസിഡ് ബാറ്ററികൾ, നിക്കൽ കാഡ്മിയം ബാറ്ററികൾ, സ്പെഷ്യലൈസ്ഡ് ബാറ്ററികൾ, ലിഥിയം ബാറ്ററികൾ, ബാറ്ററി ചാർജറുകൾ എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ. കൂടാതെ ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം, ട്രെയിൻ മാനേജ്‌മെന്റ് സിസ്റ്റം എന്നി സേവനങ്ങളും നൽകുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലും കമ്പനിയുടെ സേവനങ്ങൾ ലഭ്യമാണ്. ഇ മൊബിലിറ്റി ഡ്രൈവ് ട്രെയിൻ, മോട്ടോറുകൾ, ഇൻവെർറ്ററുകൾ, ഇവി ചാർജറുകൾ എന്നി സേവനങ്ങളും നൽകുന്നു. വ്യാവസായിക ഇലക്ട്രിക്ക് മേഖലയിലും കമ്പനിയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്.

നിക്കൽ കാഡ്മിയം ബാറ്ററി നിർമാതാക്കളിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ നിർമാതാക്കളാണ് ഇവർ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിക്കൽ കാഡ്മിയം ബാറ്ററി വിഭാഗത്തിൽ ആഭ്യന്തര ആഗോള വിപണികളിൽ വലിയ ഓർഡറുകൾ സ്വന്തമാക്കാൻ കമ്പനിക്ക് കഴിഞ്ഞു. കൂടാതെ പ്യുർ ലീഡ് തിൻ ബാറ്ററി (പിഎൽടി) നിർമിക്കുന്ന ഏക ഇന്ത്യൻ കമ്പനിയും എച്ച്ബിഎൽ പവർ സിസ്റ്റംസ് ആണ്.

ഏകദേശം 24%ത്തോളം വരുമാനം ലഭിക്കുന്ന ഡിഫൻസ് മേഖലയിൽ ഇന്ത്യൻ നേവിക്ക് സ്കോർപ്പിൻ ക്ലാസ് സബ്മറൈൻസിനുള്ള ടൈപ്പ് 4 ബാറ്ററികളുടെ നിർമാണവും വിതരണവും കമ്പനിയാണ് നൽകുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ ഈസ്റ്റേൺ റെയിൽവെയുടെ 120 ലോക്കോമോട്ടീവുകൾക്കുള്ള ടിസിഎഎസ്(ട്രാഫിക് കൊളീഷൻ അവോയ്ഡൻസ് സിസ്റ്റംസ്) നടപ്പിക്കുന്നതിനുള്ള കരാർ ഇതിനകം ലഭിച്ചിരുന്നു. സൗത്ത് സെൻട്രൽ റെയിൽവേയിൽ 347 കിലോമീറ്ററോളം ടിസിഎഎസ് സംവിധാനം വിജയകരമായി നടപ്പിലാക്കുകയും ചെയ്തു.

ഭാവി

കവചുമായി ബന്ധപ്പെട്ട കരാർ പ്രഖ്യാപനമാണ് ഈ ഓഹരിയിൽ ഇപ്പോൾ ഒരു മുന്നേറ്റം ഉണ്ടാക്കിയതെന്ന് പറയാം. എങ്കിലും മറ്റു മേഖലകളിലും ധാരാളം അവസരങ്ങൾ കമ്പനിക്കുണ്ട്. ലൈറ്റ് കൊമേർഷ്യൽ വെഹിക്കിൾ, പാസ്സഞ്ചർ ബസുകൾ അടക്കമുള്ള വാഹനങ്ങളിൽ ഇലക്ട്രിക് ഡ്രൈവ് ട്രെയിൻ കിറ്റുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവി വാഹനങ്ങൾക്ക് ഭാവിയിൽ അനന്ത സാദ്ധ്യതകൾ ഉള്ളതിനാൽ കമ്പനിക്കും അത് അനുകൂലമാകും. ഇവി വാഹനങ്ങൾക്ക് ഡിമാൻഡ് കൂടുന്നതിനാൽ കൂടുതൽ കാര്യക്ഷമമായ ബാറ്ററിയും, അത് ചാർജ് ചെയ്യുന്നതിനുള്ള സംവിധാനവും, അതിലേക്ക് നൽകേണ്ട ഊർജം അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഇതെല്ലം ഉൾപെടുത്തിക്കൊണ്ടാണ് ഇലക്ട്രിക് ഡ്രൈവ് ട്രെയിൻ കിറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത്.

ലീഡ് ആസിഡ് ബാറ്ററികൾ

ടെലികോം കമ്പനികൾക്ക് പ്രധാനമായും വിതരണം ചെയ്തിരുന്ന ബാറ്ററികളാണ് ലീഡ് ആസിഡ് ബാറ്ററി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെലികോം സെക്ടറിലുണ്ടായിട്ടുള്ള ആഘാതം കമ്പനിയിലും പ്രതിഫലിച്ചിരുന്നു. എങ്കിലും ഈ മേഖലയിൽ ലാഭകരമായ പദ്ധതികൾ ഏറ്റെടുക്കുന്നതിന് കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ആർമിയിൽ നിന്നും ലഭിച്ച കരാർ അത്തരത്തിൽ ഒന്നായിരുന്നു. വിവിധ മെട്രോ പ്രൊജെക്ടുകൾക്കുള്ള കരാറുകളും കമ്പനി കരസ്ഥമാക്കിയിരുന്നു.

ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് യുപിഎസ് ബാറ്ററികൾ ഉൾപ്പെടെ കയറ്റുമതി ചെയ്യുന്നതിനും കഴിഞ്ഞു. യുപിഎസ് ബാറ്റെറിയുടെ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ 12V യുപിഎസ് ബാറ്ററി ശേഷിയും കമ്പനി വർധിപ്പിച്ചു.

പാദഫലം

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 4% വർധിച്ച് 34.80 കോടി രൂപയായി. എബിറ്റെട 14.11% വർധിച്ചു.വില്പന 7.67 % ഉയർന്ന് 402.61 കോടി രൂപയായി. ഇപിഎസ് (Earnings Per Share ) 1.26 രൂപയായി.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മികച്ച ലാഭവളർച്ച രേഖപ്പെടുത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതെ സമയം വില്പന വളർച്ചയിൽ ഒരു ഇടിവാണ് രേഖപെടുത്തിയത്. മൂന്ന് വർഷത്തിനിടയിൽ 900% ത്തിലധികം റിട്ടേൺ നൽകാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. അഞ്ചു വർഷങ്ങൾക്ക് മുൻപ് 34 രൂപയിൽ വ്യാപാരം ചെയ്തു കൊണ്ടിരുന്ന ഓഹരി വില ഇപ്പോൾ 5 മടങ്ങോളം വർധിച്ച് 168 എന്ന ലെവലിലേക്ക് ഉയർന്നിട്ടുണ്ട്.

Tags:    

Similar News