ബജറ്റ് അനുകൂല തരംഗത്തിന് കാത്ത് കാര്‍ഷിക മേഖല; ഏലത്തിന് ഡിമാന്റേറി

  • കാര്‍ഷിക അനുബന്ധ വ്യവസായങ്ങള്‍ക്ക് ഒന്നരലക്ഷം കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചത്
  • കാര്‍ഷികോല്‍പാദന മേഖലയില്‍ ഇത് വന്‍ മാറ്റത്തിന് അവസരം ഒരുക്കാം
  • ഇടപാടുകാരും ചരക്ക് സംഭരണത്തിന് ലേലത്തില്‍ മത്സരിച്ചതോടെ വില്‍പ്പനയ്ക്ക് വന്ന 30,611 കിലോഗ്രാം ഏലക്കയില്‍ 29,859 ചരക്കും വിറ്റു

Update: 2024-07-23 14:02 GMT

കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ബജറ്റ് പ്രഖ്യാപനം ഉല്‍പ്പന്ന വിലകളില്‍ അനുകൂലതരംഗം ഉളവാക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കാര്‍ഷിക അനുബന്ധ വ്യവസായങ്ങള്‍ക്ക് ഒന്നരലക്ഷം കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചത്. കാര്‍ഷികോല്‍പാദന മേഖലയില്‍ ഇത് വന്‍ മാറ്റത്തിന് അവസരം ഒരുക്കാം.

ഉത്സവ സീസണിലെ ബംബര്‍ വില്‍പ്പന മുന്നില്‍ കണ്ട് രാവിലെ തേക്കടിയില്‍ നടന്ന ഏലക്ക ലേലത്തില്‍ ആഭ്യന്തര സ്റ്റോക്കിസ്റ്റുകളും മറ്റ് ഇടപാടുകാരും ചരക്ക് സംഭരണത്തിന് ലേലത്തില്‍ മത്സരിച്ചതോടെ വില്‍പ്പനയ്ക്ക് വന്ന 30,611 കിലോഗ്രാം ഏലക്കയില്‍ 29,859 ചരക്കും വിറ്റു.

വിനായക ചതുര്‍ത്ഥി അടുത്തതോടെ മഹാരാഷ്ട്രയില്‍ നിന്നും ഏലത്തിന് പതിവിലും ആവശ്യം ഉയര്‍ന്നു. ഓണ ഡിമാന്റ് മുന്നില്‍ കണ്ട് കേരളത്തിലെ വന്‍കിട ഇടപാടുകാരും ഏലക്ക സംഭരണം ഊര്‍ജിതമാക്കി. മികച്ചയിനങ്ങള്‍ 2794 വരെ ഉയര്‍ന്നപ്പോള്‍ ശരാശരി ഇനങ്ങള്‍ക്ക് 2248ലും ഇടപാടുകള്‍ നടന്നു.

വിനിമയ വിപണി ജാപാനീസ് നാണയത്തിന്റ മൂല്യം മെച്ചപ്പെട്ടത് നിക്ഷേപകരെ റബറില്‍ നിന്നും പിന്‍തിരിപ്പിച്ചത് ഏഷ്യന്‍ മാര്‍ക്കറ്റുകളെ പിടിച്ച് ഉലച്ചു. റബര്‍ അവധി വിലകളെ ബാധിച്ച തളര്‍ച്ച പക്ഷേ റെഡിയില്‍ കാര്യമായി പ്രതിഫലിച്ചില്ല. അതേസമയം വിദേശത്ത് നിന്നുള്ള പ്രതികൂലവാര്‍ത്തകള്‍ക്ക് മുന്നിലും കേരളത്തില്‍ റബര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നാലാം ഗ്രേഡ് റബര്‍ കിലോ 215രൂപയിലും അഞ്ചാം ഗ്രേഡ് 211രൂപയിലും ലാറ്റക്‌സ് 162 രൂപയിലും കൈമാറി. മഴഅല്‍പ്പം ശമിച്ചതോടെ മദ്ധ്യകേരളത്തിലെ തോട്ടങ്ങളില്‍ റബര്‍ ടാപ്പിങ് വീണ്ടും സജീവമായി.

Tags:    

Similar News