ആഗോള സൂചനകള്‍ വിപണിക്ക് പ്രതീക്ഷ നല്‍കുന്നില്ല

രണ്ടു ദിവസത്തെ വീഴ്ച്ചയ്ക്കുശേഷം ഇന്നും വിപണിയില്‍ പ്രതീക്ഷ നല്‍കുന്ന സൂചനകള്‍ ഒന്നും തന്നെയില്ല. രാവിലെ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.18 ന് 0.69 ശതമാനം നഷ്ടത്തിലാണ്. മറ്റു പ്രധാന ഏഷ്യന്‍ സൂചികകളെല്ലാം ഒരു ശതമാനത്തിനോടടുത്ത് നഷ്ടം കാണിക്കുന്നു. ഉയരുന്ന പണപ്പെരുപ്പ ഭീതിയും, മാന്ദ്യ സൂചനകളുമാണ് വിപണികളെ പിന്നോട്ടടിക്കുന്നത്. അമേരിക്കന്‍ വിപണി ഇന്നലെ അമേരിക്കന്‍ വിപണിയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സ് 0.54 ശതമാനം, എസ് ആന്‍ഡ് പി 500 0.75 ശതമാനം, നാസ്ഡാക് 0.72 […]

;

Update: 2022-06-01 22:21 GMT
രണ്ടു ദിവസത്തെ വീഴ്ച്ചയ്ക്കുശേഷം ഇന്നും വിപണിയില്‍ പ്രതീക്ഷ നല്‍കുന്ന സൂചനകള്‍ ഒന്നും തന്നെയില്ല. രാവിലെ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.18 ന് 0.69 ശതമാനം നഷ്ടത്തിലാണ്. മറ്റു പ്രധാന ഏഷ്യന്‍ സൂചികകളെല്ലാം ഒരു ശതമാനത്തിനോടടുത്ത് നഷ്ടം കാണിക്കുന്നു. ഉയരുന്ന പണപ്പെരുപ്പ ഭീതിയും, മാന്ദ്യ സൂചനകളുമാണ് വിപണികളെ പിന്നോട്ടടിക്കുന്നത്.
അമേരിക്കന്‍ വിപണി
ഇന്നലെ അമേരിക്കന്‍ വിപണിയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സ് 0.54 ശതമാനം, എസ് ആന്‍ഡ് പി 500 0.75 ശതമാനം, നാസ്ഡാക് 0.72 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് അമേരിക്കയില്‍ പ്രാരംഭ തൊഴിലില്ലായ്മ കണക്കുകള്‍ പുറത്തു വരും. വിപണിയെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഘടകങ്ങളില്‍ ഒന്നാണിത്. എന്നാല്‍, ഡോളര്‍ വളരെ ശക്തമായ നിലയിലാണ്.
ക്രൂഡ് ഓയില്‍
ഏഷ്യയില്‍ ക്രൂഡോയില്‍ വില നേരിയ തോതില്‍ താഴ്ന്നു. ആദ്യഘട്ട വ്യാപാരത്തില്‍ വ്യാപാരികള്‍ ലാഭമെടുക്കുവാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് 2.4 ശതാമനം താഴ്ന്ന് ബാരലിന് 113.53 ഡോളറായി. ഇന്ന് സുപ്രധാനമായ ഒപെക് മീറ്റിംഗ് നടക്കുകയാണ്. ഇതിനു മുന്നോടിയായാണ് വിപണിയില്‍ ലാഭമെടുപ്പ് നടന്നത്. സൗദി അറേബ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് പിന്തുണച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ടെങ്കിലും എണ്ണ വില പൊതുവേ ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യത. അതിനു രണ്ട് കാരണങ്ങളുണ്ട് ഒന്ന്, ആഗോള തലത്തില്‍ നിലനില്‍ക്കുന്ന വിതരണ തടസങ്ങളെല്ലാം മാറ്റമില്ലാതെ തുടരുകയാണ്. രണ്ട്, അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും എണ്ണയ്ക്ക് വര്‍ദ്ധിച്ച ഡിമാന്‍ഡാണുള്ളത്. ഈ സാഹചര്യത്തില്‍ ഒപെക് ഉത്പാദനം വര്‍ദ്ധിപ്പിച്ചാലും വില കുറഞ്ഞേക്കില്ല. ഇത് ഇന്ത്യന്‍ വിപണിക്ക് പ്രതീക്ഷ നല്‍കുന്നില്ല.
ആഭ്യന്തര വിപണി
ആഭ്യന്തര വിപണിയെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്ന് എണ്ണ വിലയാണ്. എല്ലാ സുപ്രധാന മേഖലകളും ഇതിന്റെ സ്വാധീനത്തില്‍പ്പെടും. ഇന്നലെ, എഫ്എംസിജി, ഏവിയേഷന്‍ ഓഹരികളില്‍ തളര്‍ച്ചയുണ്ടാകാനുള്ള പ്രധാനകാരണം ഉയരുന്ന ഇന്ധനവിലയാണ്. ഇന്ത്യയുടെ ഇറക്കുമതി-കയറ്റുമതി കണക്കുകളും, ട്രേഡ് ബാലന്‍സും ഇന്നു പുറത്തുവരും. വ്യാപാരക്കമ്മി ഉയര്‍ത്തുന്നതില്‍ ക്രൂഡോയിലിന് സുപ്രധാന സ്ഥാനമുണ്ട്. ദുര്‍ബലമായ ജിഡിപി വളര്‍ച്ച കണക്കുകളും വിപണിയെ നിരാശപ്പെടുത്തുന്നുണ്ട്. പണപ്പെരുപ്പത്തെ നേരിടാന്‍ ആര്‍ബിഐ ഇനിയും പലിശ നിരക്കുയര്‍ത്തിയാല്‍ വളര്‍ച്ച കൂടുതല്‍ കുറഞ്ഞേക്കാം. വായ്പയുടെ ചെലവ് വര്‍ദ്ധിക്കുന്നത് ഏറെക്കുറെ എല്ലാ മേഖലകളെയും ബാധിക്കും. ഈ കലണ്ടര്‍ വര്‍ഷം ഓഹരി സൂചികകള്‍ ഏകദേശം അഞ്ചു ശതമാനം വീഴ്ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിരന്തരമായ വില്‍പ്പന തുടരുകയാണ്. ഇന്നലെ അവര്‍ 1,930 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 984 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു, "വിപണിയുടെ തിരിച്ചുവരവ് വീണ്ടും ദുര്‍ബലമാകുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. അമേരിക്കന്‍ വിപണികളിലെ ദൗര്‍ബല്യവും, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പനക്കാരായി മാറുന്നതും വിപണിക്ക് തിരിച്ചടിയാണ്. പണപ്പെരുപ്പത്തിന്റെയും, നിരക്കു വര്‍ദ്ധനവിന്റെയും അടുത്തഘട്ടത്തേപ്പറ്റി സൂചനകളില്ലാത്തത് വിപണിയില്‍ നിരാശ പടര്‍ത്തുന്നുണ്ട്. വിപണിയുടെ ഗതി കൃത്യമാകുന്നത് വരെ വ്യാപാരം നടത്തുന്നത് ദുഷ്‌കരമാണ്. അതിനാല്‍, അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്. ഉയരുന്ന പണപ്പെരുപ്പം കുറച്ചുകാലത്തേക്കു കൂടി തുടര്‍ന്നേക്കാം എന്നതുകൊണ്ട് ഇത് ബാധിക്കാത്ത മേഖലകളില്‍ നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കണം. ഉദാഹരണമായി, കയറ്റുമതിക്കാര്‍, രാസവസ്തു ഉത്പാദകര്‍, ടെലികോം സ്ഥാപനങ്ങള്‍ എന്നിവ. കൂടാതെ, വിലക്കയറ്റത്തിന്റെ ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യാന്‍ കഴിവുള്ള കമ്പനികളെയും നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം."
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,750 രൂപ (ജൂണ്‍ 02)
ഒരു ഡോളറിന് 77.59 രൂപ (ജൂണ്‍ 02)
ബ്രെന്റ് ക്രൂഡ് ബാരലിന് 114.26 ഡോളര്‍ (8.23 am)
ഒരു ബിറ്റ് കോയിന്റെ വില 24,58,958 രൂപ (8.23 am)
Tags:    

Similar News