അതീവ ജാഗ്രതയില്‍, അവസാന ലാഭമെടുപ്പില്‍ നഷ്ടം നേരിട്ട് വിപണി

ആഗോള വിപണിയില്‍ വില്‍പ്പനയായിരുന്നുവെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കൂടുതല്‍ സമയവും ലാഭത്തിലായിരുന്നു. ഇതിനു കാരണം ക്രൂഡ് വിലയിലുണ്ടായ നേരിയ കുറവും, താഴെത്തട്ടില്‍ 'വാല്യു ബയിംഗ്' സംഭവിച്ചതുമാണ്. എന്നാല്‍, വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍ ലാഭമെടുപ്പിനുള്ള ശ്രമം നടന്നതിനാല്‍ സെന്‍സെക്സും നിഫ്റ്റിയും നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 105.82 പോയിന്റ് താഴ്ന്ന് (0.19 ശതമാനം) 54,364.85 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയും 64.45 പോയിന്റ് നഷ്ടത്തില്‍ (0.40 ശതമാനം) 16,237.40 ല്‍ അവസാനിച്ചു. ഇന്ത്യയുടെ 'വോളട്ടലിറ്റി ഇന്‍ഡെക്സ്' […]

Update: 2022-05-10 07:07 GMT

ആഗോള വിപണിയില്‍ വില്‍പ്പനയായിരുന്നുവെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കൂടുതല്‍ സമയവും ലാഭത്തിലായിരുന്നു. ഇതിനു കാരണം ക്രൂഡ് വിലയിലുണ്ടായ നേരിയ കുറവും, താഴെത്തട്ടില്‍ 'വാല്യു ബയിംഗ്' സംഭവിച്ചതുമാണ്. എന്നാല്‍, വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍ ലാഭമെടുപ്പിനുള്ള ശ്രമം നടന്നതിനാല്‍ സെന്‍സെക്സും നിഫ്റ്റിയും നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്സ് 105.82 പോയിന്റ് താഴ്ന്ന് (0.19 ശതമാനം) 54,364.85 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയും 64.45 പോയിന്റ് നഷ്ടത്തില്‍ (0.40 ശതമാനം) 16,237.40 ല്‍ അവസാനിച്ചു. ഇന്ത്യയുടെ 'വോളട്ടലിറ്റി ഇന്‍ഡെക്സ്' 1.23 ശതമാനം ഉയര്‍ന്നു. ഇത് സൂചിപ്പിക്കുന്നത് വിപണിയില്‍ നിലനില്‍ക്കുന്ന അതീവ ജാഗ്രതയാണ്.

പലിശ

വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ ഷോര്‍ട് പൊസിഷനില്‍ നിന്നിരുന്ന വ്യാപാരികളില്‍ പലരും ഈ അവസരത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറായി. എന്നിരുന്നാലും, ഡീലര്‍മാരുടെ അഭിപ്രായത്തില്‍ ഉയര്‍ന്ന തലത്തില്‍ പുതിയൊരു വില്‍പ്പന സമ്മര്‍ദ്ദം രൂപപ്പെട്ടു വന്നിട്ടുണ്ട്. ഇതിനു കാരണം വിപണിയുടെ ഹ്രസ്വകാല സ്വഭാവം ബെയറിഷായി മാറിയതാണ്. ആഗോള വളര്‍ച്ച മുരടിപ്പിക്കുന്ന തരത്തില്‍ പലിശ നിരക്കിലുണ്ടാകുന്ന വര്‍ദ്ധനവ് ഇതിന് ആക്കം കൂട്ടുന്നു. വിപണിയില്‍ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 2476 എണ്ണം കനത്ത നഷ്ടം നേരിട്ടു. എന്നാല്‍, 879 എണ്ണം നേട്ടം കൈവരിച്ചു. ബാങ്കിംഗ് ഓഹരികള്‍ക്ക് ഇന്ന് ആവശ്യക്കാരേറെ ഉണ്ടായിരുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 2.40 ശതമാനം ഉയര്‍ന്നു. കൊട്ടക് മഹീന്ദ്ര ബാങ്കും, എച്ച്ഡിഎഫ്സി ബാങ്കും ഒരു ശതമാനം വീതം ഉയര്‍ന്നു. ഐസിഐസിഐ ബാങ്കും, ബന്ധന്‍ ബാങ്കും നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറയുന്നു: "വിപണിയിലെ പണ ലഭ്യതക്കുറവ് സാമ്പത്തിക വളര്‍ച്ചയെ ദുര്‍ബലമാക്കുകയും ഓഹരികളുടെ വില കുറയ്ക്കുകയും ചെയ്യും. ചൈനയിലെ ലോക്ഡൗണും, ഡോളറിന്റെ മൂല്യ വര്‍ദ്ധനവും, സാമ്പത്തിക മാന്ദ്യത്തെപ്പറ്റിയുള്ള ഭയവും ക്രൂഡ് വിലകളില്‍ കുറവുണ്ടാക്കുന്നുണ്ട്. മെറ്റല്‍ ഓഹരികളുടെ തിളക്കം കുറയുന്നുണ്ട്. കാരണം, ആ മേഖലയുടെ അവലോകനം നെഗറ്റീവായി മാറുകയും അവയിലെ കമ്പനികളുടെ ലാഭം കുറയാനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു."

ക്രൂഡ് വില

തുടര്‍ച്ചയായ രണ്ടാം ദിവസവും ആഗോള ക്രൂഡ് വിലയില്‍ ഉണ്ടായ കുറവ് ഇന്ത്യയ്ക്ക് ഗുണകരമാണ്. കാരണം, ആഭ്യന്തര ഇന്ധന ഉപയോഗത്തിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. തിങ്കളാഴ്ച്ച ആറ് ശതമാനമാണ് വിലയില്‍ കുറവുണ്ടായതെങ്കില്‍, ഇന്ന് ഒരു ശതമാനം കൂടി കുറഞ്ഞു. ചൈനയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ എണ്ണയുടെ ആഗോള ഡിമാന്‍ഡില്‍ കുറവു വരുത്തുമെന്ന കണക്കുകൂട്ടലാണ് ഇതിനു കാരണം.

"ഈ വര്‍ഷത്തെ ആദ്യ നാലുമാസങ്ങളിലെ ചൈനയുടെ ക്രൂഡോയില്‍ ഇറക്കുമതി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, 4.8 ശതമാനം കുറഞ്ഞു. ഏപ്രിലിലെ ഇറാനില്‍ നിന്നുള്ള ചൈനയുടെ എണ്ണ വാങ്ങല്‍ 2021 ലെ അവസാന കാലയളവിനെയും, 2022 ന്റെ ആദ്യ കാലയളവിനെയും അപേക്ഷിച്ച് കുറഞ്ഞു. ഇതിനു കാരണം, കോവിഡ് നിയന്ത്രണങ്ങള്‍ മൂലം റിഫൈനറികളുടെ ഡിമാന്‍ഡിലുണ്ടായ കുറവും, റഷ്യയില്‍ നിന്നും ലഭിച്ച വിലകുറഞ്ഞ എണ്ണയുമാണ്," റിലയന്‍സ് സെക്യൂരിറ്റീസ് സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ശ്രീറാം അയ്യര്‍ പറഞ്ഞു.

Tags:    

Similar News