കുട്ടികളുടെ സ്വന്തം പേരില്‍ ഇനി മ്യുച്വല്‍ഫണ്ട്; സെബി
- രക്ഷിതാക്കളുടെ ജോയിന്റെ അക്കൗണ്ട് വേണ്ട
- പേഔട്ട് മാന്‍ഡേറ്റുകള്‍ മാറ്റണം
- പരിശോധിച്ച് ഉറപ്പുവരുത്തിയ ബാങ്ക് അക്കൗണ്ടിലേക്ക് പണം
കുട്ടികളുടെ പേരില്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപം തുടങ്ങാന്‍ സെബിയുടെ അനുമതി. രക്ഷിതാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ മ്യൂച്വല്‍ഫണ്ട് തുടങ്ങുമ്പോള്‍ ഇതുവരെ ജോയിന്റ് അക്കൗണ്ടുകളായിട്ടാണ് ആരംഭിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ കുട്ടികളുടെ ഭാവി ലക്ഷ്യമിട്ട് രക്ഷിതാക്കള്‍ ആരംഭിക്കുന്ന മ്യൂച്വല്‍ഫണ്ട് നിക്ഷേപ പദ്ധതി അവരുടെ പേരില്‍ തന്നെ നേരിട്ട് ആരംഭിക്കാം.
മെയ് 12 ന് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ ആരംഭിക്കുന്ന മ്യൂച്വല്‍ഫണ്ടുകള്‍ സംബന്ധിച്ച് 2019ല്‍ ഇറക്കിയ സര്‍ക്കുലറാണ് സെബി പരിഷ്‌കരിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവരുടെ മാതാപിതാക്കള്‍, നിയമപരമായ രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നോ കുട്ടികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ പേരിലോ ആരംഭിക്കുന്ന നിക്ഷേപ പദ്ധതികള്‍ സ്വീകരിക്കും.
പുതിയ സര്‍ക്കുലര്‍ പ്രകാരം, പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ പേരില്‍ നടത്തിയ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നുള്ള എല്ലാ റിഡംപ്ഷനുകളും പ്രായപൂര്‍ത്തിയാകാത്തയാളുടെ വെരിഫൈഡ് ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ക്രെഡിറ്റ് ചെയ്യപ്പെടുകയുള്ളൂ. അതായത് ഇനി മുതല്‍ മ്യൂച്വല്‍ഫണ്ട് ആരംഭിക്കാനും തിരിച്ചെടുക്കാനും കുട്ടികളുടെ പേരില്‍ തന്നെ സാധിക്കും. റിഡംപ്ഷന് മുമ്പ് പേ-ഔട്ട് ബാങ്ക് നിബന്ധനകള്‍ മാറ്റാന്‍ എഎംസികള്‍ നിര്‍ബന്ധിക്കണമെന്നും സെബി ആവശ്യപ്പെട്ടു.
സബ്സ്‌ക്രിപ്ഷന്റെ പേയ്മെന്റ് എവിടെ നിന്നാണെന്നതിന് ഇനി പ്രസക്തിയില്ല. ഫണ്ടില്‍ നിന്നുള്ള എല്ലാ വരുമാനവും പ്രായപൂര്‍ത്തിയാകാത്തയാളുടെ പരിശോധിച്ചുറപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് മാത്രമേ ക്രെഡിറ്റ് ചെയ്യപ്പെടുകയുള്ളൂ, അതായത്, എല്ലാ കെവൈസി നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് രക്ഷിതാവിന്റെ/നിയമപരമായ രക്ഷിതാവിന്റെ ചുമതലയിലുള്ള അക്കൗണ്ടായിരിക്കും ഇതെന്നും സെബിയുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.