ബാങ്കുകള്‍ എംസിഎല്‍ആര്‍ കൂട്ടുന്നു, എല്ലാ വായ്പകളുടെയും ഇഎം ഐ ഉയരില്ല
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം അവരുടെ മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കില്‍ നേരിയതെങ്കിലും വര്‍ധന വരുത്തുന്നുണ്ട്. എസ്ബി ഐ, ബാങ്ക് ഓഫ് ബറോഡ, കോട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയവയെല്ലാം എംസിഎല്‍ആര്‍ നിരക്ക് കൂട്ടി. പരമാവധി 10 ബേസിസ് പോയിന്റ് (0.1 ശതമാനം) നിരക്കിലാണ് ബാങ്കുകള്‍ ഇത് കൂട്ടിയത്. ഇനിയും പല ബാങ്കുകളും ഇതേ പാത പിന്തുടര്‍ന്നേക്കാം. ഇത് ഭവന, വാഹന വായ്പാ തിരിച്ചടവുകളിൽ ഉയര്‍ച്ചയുണ്ടാക്കുമോ? എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ വായ്പയെങ്കില്‍ അതില്‍ ഈ […]
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം അവരുടെ മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കില്‍ നേരിയതെങ്കിലും വര്‍ധന വരുത്തുന്നുണ്ട്. എസ്ബി ഐ, ബാങ്ക് ഓഫ് ബറോഡ, കോട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയവയെല്ലാം എംസിഎല്‍ആര്‍ നിരക്ക് കൂട്ടി. പരമാവധി 10 ബേസിസ് പോയിന്റ് (0.1 ശതമാനം) നിരക്കിലാണ് ബാങ്കുകള്‍ ഇത് കൂട്ടിയത്. ഇനിയും പല ബാങ്കുകളും ഇതേ പാത പിന്തുടര്‍ന്നേക്കാം. ഇത് ഭവന, വാഹന വായ്പാ തിരിച്ചടവുകളിൽ ഉയര്‍ച്ചയുണ്ടാക്കുമോ?
എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ വായ്പയെങ്കില്‍ അതില്‍ ഈ വര്‍ധന പ്രതിഫലിച്ചേക്കും. എന്നാല്‍ ആര്‍എല്‍എല്‍ആര്‍ (റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ്) ഇബിഎല്‍ആര്‍ (എക്‌സ്‌റ്റേണല്‍ ബഞ്ച് മാര്‍ക്ക് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) അടിസ്ഥാനത്തിലാണ് നിങ്ങളുടെ വായ്പകളെങ്കില്‍ അതിന് വര്‍ധന ബാധകമാവില്ല. അതായത്, ഒരേ ബാങ്കില്‍ നിന്ന് തന്നെ എടുത്തിട്ടുള്ള എല്ലാ ഭവന, വാഹന വായ്പകള്‍ക്കും വര്‍ധന ബാധകമാവില്ല എന്നര്‍ഥം.
എംസിഎല്‍ആര്‍
നിലവിലുള്ള വായ്പകളില്‍ നല്ലൊരു ശതമാനവും എം എസി എല്‍ ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) അടിസ്ഥാനത്തിലുള്ളതായിരിക്കും. 2016 ഏപ്രില്‍ ഒന്നു മുതല്‍ ബാങ്കുകള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ക്കാണ് എം സി എല്‍ ആര്‍ നിരക്ക് ബാധകമാവുന്നത്. മുമ്പ് ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത് അടിസ്ഥാന വായ്പ നിരക്കുമായി (ബേസ് റേറ്റ്) ബന്ധിപ്പിച്ചായിരുന്നു.
2010 മുതലായിരുന്നു ഇത്. എന്നാല്‍ ആര്‍ ബി ഐ റിപ്പോയില്‍ വരുത്തുന്ന കുറവുകളൊന്നും ബാങ്കുകള്‍ യഥാസമയം അര്‍ഹിക്കുന്ന വിധത്തില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയിരുന്നില്ല. ഇത് വലിയ തോതില്‍ പ്രതിഷേധത്തിന് കാരണമായി. കാരണം ആര്‍ബി ഐ പലിശ കുറയ്ക്കുമ്പോള്‍ ആ ആനുകൂല്യം വായ്പകള്‍ക്ക് നല്‍കാതിരിക്കുകയും കൂട്ടുമ്പോള്‍ അതിനനുസിരിച്ച് ഉയര്‍ത്തുകയും ചെയ്യുന്ന അവസ്ഥയായിരുന്നു.
ആര്‍എല്‍എല്‍ആര്‍
ഈ ആക്ഷേപത്തെ തുടര്‍ന്നാണ് എം സി എല്‍ ആര്‍ നിരക്ക് കൊണ്ടു വന്നത്. പലിശ ഇളവ് കൈമാറുന്നതില്‍ ഇതും പരാജയപ്പെടുകയായിരുന്നു. പിന്നീട് ആര്‍ബി ഐയുടെ നിര്‍ദേശപ്രകാരം 2019 ഒക്ടോബറില്‍ എക്‌സേറ്റേണല്‍ ബഞ്ച് മാര്‍ക്ക് അധിഷ്ഠിത നിരക്കിലേക്ക് ബാങ്കുകള്‍ വായ്പ മാറ്റി. ഇതനുസരിച്ച് ബങ്കുകള്‍ ആര്‍ ബി ഐ യുടെ റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ആര്‍ എല്‍ എല്‍ ആര്‍( റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ്) നിരക്കിലാണ് പുതിയ വായ്പകള്‍ അനുവദിക്കുന്നത്. ഇതില്‍ ബാങ്കിന്റെ മാര്‍ജിനും ക്രെഡിറ്റ് റിസ്‌കും ചേര്‍ന്ന തുകയാകും വായ്പ നിരക്ക്. ഇവിടെ ആര്‍ബി ഐ റിപ്പോയില്‍ വരുത്തുന്ന വ്യതിയാനം നേരിട്ട്, താമസം വിന വായ്പകളില്‍ പ്രതിഫലിക്കും. അതായത് റിപ്പോ കൂട്ടിയാല്‍ വായ്പ പലിശ നേരിട്ട് കൂടും. മറിച്ചായാല്‍ കുറയും. അതുകൊണ്ട് ആര്‍എല്‍എല്‍ ആര്‍, ഇബിഎല്‍ആര്‍ അധിഷ്ഠിത വായ്പകള്‍ക്ക് നിലവിലെ നിരക്ക് വര്‍ധന ബാധകമാവില്ല. റിപ്പോയിൽ മാറ്റം വരുത്തിയിട്ടില്ല എന്നതു തന്നെ കാരണം.
ചിലതിന് പലിശ കൂടും
അതേസമയം, എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ വായ്പകളെങ്കില്‍ അത് ഇഎം ഐ ഉയര്‍ത്തും. എം സി എല്‍ ആറില്‍ പലിശ നിരക്ക് നിര്‍ണയിക്കുന്ന പല ഘടകങ്ങളില്‍ ഒന്നു മാത്രമാണ് റിപ്പോ നിരക്ക്. അതുകൊണ്ട് തന്നെ അത് ആര്‍ എല്‍ എല്‍ ആറിനേക്കാള്‍ എപ്പോഴും കൂടുതലുമായിരിക്കും (നിലവില്‍ പരമാവധി അര ശതമാനമാണ് രണ്ട് നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസം) ഇത്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ബാങ്കുകള്‍ പലിശ നിരക്ക് കൂട്ടിയാലും അടുത്ത റീസെറ്റ് പീരിയഡ് വരെ (ആറ് മാസം/ഒരു വര്‍ഷം) കാത്തിരിക്കേണ്ടി വരും. സാധാരണ വായ്പ അനുവദിക്കപ്പെട്ട തീയതി മുതലാണ് റീസെറ്റ് പീരിയഡ് കണക്കാക്കുന്നത്. നിങ്ങളുടെ റീസെറ്റ് പീരിയഡ് സെപ്റ്റംബറിലാണെങ്കില്‍ ഇന്ന് എംസിഎല്‍ആര്‍ കൂട്ടിയാലും അത് ബാധകമാകുക ആ മാസം മുതലായിരിക്കും.
വ്യത്യാസം അര ശതമാനം
നിലവില്‍ റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്സ് റിപ്പോ 3.35 ശതമാനവുമാണ്. പണപ്പെരുപ്പ നിരക്ക് പരിധി ലംഘിച്ചെങ്കിലും വളര്‍ച്ചാ ഘടകം പരിഗണിച്ച് പലിശ നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ച് നില്‍ക്കുകയാണ് കേന്ദ്ര ബാങ്ക്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന ധന നയ സമിതിയും ഇതേ നിലപാട് സ്വീകരിച്ചതോടെയാണ് ബാങ്കുകള്‍ എംസിഎല്‍ആര്‍ കൂട്ടാന്‍ തുടങ്ങിയത്. നിലവില്‍ പല ബാങ്കുകളുടെയും റിപ്പോ അധിഷ്ഠിത വായ്പ പലിശ നിരക്ക് 6.5-6.90 ശതമാനത്തിലേക്ക് താണിട്ടുണ്ട്. അതേ സമയം ഇതേ ബാങ്കുകളുടെ തന്നെ എം സി എല്‍ ആര്‍ നിരക്ക് അര ശതമാനം വരെ കൂടുതലുാണ് താനും.