അറിയാം, യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്
എല്ലാ ഇടപാടുകളും പരിശോധിക്കുന്നതിന് ഒടിപി പോലെ രണ്ട് ഘട്ട ഓതെന്റിക്കേഷന്‍ സംവിധാനം ഉപയോഗിക്കുന്നു.
വിവിധ ബാങ്കിംഗ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ) വികസിപ്പിച്ചെടുത്ത...
വിവിധ ബാങ്കിംഗ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ) വികസിപ്പിച്ചെടുത്ത ഒരു സംവിധനമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ). പണം കൈമാറ്റത്തിനുള്ള സാങ്കേതികവിദ്യയാണ് ഇത്. ബാങ്ക് അക്കൗണ്ടിന്റെ തിരിച്ചറിയല്‍ (യു പി ഐ) ഐഡിയും നാല് അക്ക വ്യക്തിഗത ഐഡന്റിഫിക്കേഷന്‍ നമ്പറും ഉപയോഗിച്ചാണ് ഇവിടെ പണം അയക്കുന്നതും സ്വീകരിക്കുന്നതും. അക്കൗണ്ട് ഉടമയ്ക്ക് പിന്‍ തിരഞ്ഞെടുക്കാവുന്നതാണ്.
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ ബി ഐ) ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും (ഐ ബി എ) എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്. വിസയ്ക്കും മാസ്റ്റര്‍കാര്‍ഡിനും സമാനമായ റുപേ പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ കെകാര്യം ചെയ്യുന്ന സ്ഥാപനമാണ് എന്‍പിസിഐ. ഇത് വിവിധ ബാങ്കുകളെ പരസ്പരം ബന്ധിപ്പിക്കാനും തുകകള്‍ കൈമാറാനും അനുവദിക്കുന്നു. എന്‍ പി സി ഐയുടെ ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസിന്റെ (ഐ എം പി എസ്്) അഡ്വാന്‍സ്ഡ് വേര്‍ഷനാണ് യുപിഐ.
യു പി ഐ പ്രവര്‍ത്തിക്കുന്നത്
യു പി ഐ യിലൂടെ പണം കൈമാറുന്നത് വളരെ എളുപ്പമാണ്. ഇതിന് സ്വീകര്‍ത്താവിന്റെ അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി, ബാങ്കിന്റെ പേര് എന്നിവ വേണമെന്നില്ല. പകരം, അവരുടെ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പര്‍, അല്ലെങ്കില്‍ യു പി ഐ ഐഡി എന്നിവ കൊണ്ട് മാത്രം പണം കൈമാറാനാകും. യു പി ഐ സേവനം നല്‍കുന്ന ആപ്പുകള്‍ ഉപയോഗിച്ച് ഇത്തരം ഇടപാടുകള്‍ നടത്താം. യു പി ഐ ആപ്പില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കി യുപിഐ ഐഡി ഉണ്ടാക്കാം. വിശദാംശങ്ങള്‍ നല്‍കികഴിഞ്ഞാല്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒ ടി പി അയയ്ക്കും. ലഭ്യമായ ഒടിപി ഉപയോഗിച്ച് യു പി ഐ ഐഡിക്കായി ഒരു പിന്‍ നമ്പര്‍ സൃഷ്ടിക്കാം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍, നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ നിന്ന് ഏതെങ്കിലും മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുത്ത് പണം അയയ്ക്കാം.
യു പി ഐ സുരക്ഷ
യു പി ഐ ഇടപാടുകള്‍ വളരെ സുരക്ഷിതമായ എന്‍ക്രിപ്ഷന്‍ ഫോര്‍മാറ്റ് ഉപയോഗിക്കുന്നു. അതിനാല്‍ ഇത് വളരെ സുരക്ഷിതമാണ്. എന്‍ പി സി ഐയുടെ ഐ എം പി എസ്് നെറ്റ്‌വര്‍ക്ക് പ്രതിദിനം ഏകദേശം 8,000 കോടി രൂപയുടെ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നു. എല്ലാ ഇടപാടുകളും പരിശോധിക്കുന്നതിന് ഒടിപി പോലെ രണ്ട് ഘട്ട ഓതെന്റിക്കേഷന്‍ സംവിധാനം ഉപയോഗിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങി വിവിധ ബാങ്കുകള്‍ യുപിഐ സംവിധാനം ലഭ്യമാക്കുന്നുണ്ട്.
ഓണ്‍ലൈന്‍ ഇടപാടുകള്‍ യു പി ഐ സംവിധാനം ലളിതമാക്കി. ഒന്നില്‍ അധികം ബാങ്ക് അക്കൗണ്ടുകള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരുകയാണ് യു പി ഐ ചെയ്യുന്നത്. വര്‍ഷം മുഴുവന്‍ ഏത് സമയത്തും യുപിഐ ഉപയോഗിച്ച് പണം കൈമാറ്റം നടത്താനാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ യുപിഐ ആപ്പുകള്‍ ലഭ്യമാണ്.