നൂറ്റാണ്ടിന്റെ ചരിത്രവുമായി ട്രംപ് മോട്ടോഴ്സ്

റ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവുമുണ്ട് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രൈംഫിന് പറയാന്‍.

Update: 2022-01-17 00:49 GMT

നൂറ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവുമുണ്ട് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രൈംഫിന് പറയാന്‍. സൈക്കിള്‍ നിര്‍മാതാക്കളായി തുടങ്ങി 1000 സി സി ട്വിന്‍ എഞ്ചിന്‍ മോട്ടോര്‍ ബൈക്ക് നിര്‍മാണത്തിലേക്കുള്ള ട്രൈംഫിന്റെ യാത്ര റെയ്‌സിങുകളുടേയും പരിഷ്‌കരണങ്ങളുടെയും കഥയാണ്.

1902 ലാണ് ട്രൈംഫ് എഞ്ചിനീയറിങ് ലിമിറ്റഡ് എന്ന സ്ഥാപനം പിറവിയെടുത്തത്. ഇംഗ്ലണ്ടിലെ കൊവന്‍ട്രിയില്‍ ആരംഭിച്ച കമ്പനി പിന്നീട് മെരിഡനിലേക്ക് ആസ്ഥാനം മാറ്റി. ജര്‍മനിയിലെ ന്യൂറംബെര്‍ഗില്‍ നിന്ന് കൊവന്‍ട്രിയിലേക്ക് കുടിയേറിയ സെയിഗ്‌ഫ്രൈഡ് ബെറ്റ്മാന്റെ സൈക്കിള്‍ എക്‌സ്‌പോര്‍ട്ട് ബിസിനസാണ് യഥാര്‍ത്ഥത്തില്‍ ട്രൈംഫ് മോട്ടോര്‍ സൈക്കിളിന്റെ പിറവിയിലേക്ക് നയിച്ചത്.

1886 ല്‍ ബെറ്റ്മാന്‍ തന്റെ സ്ഥാപനത്തിന്റെ പേര് ട്രൈംഫ് സൈക്കിള്‍ കമ്പനി എന്നാക്കി മാറ്റി. പിന്നാലെ ന്യൂറംബര്‍ഗില്‍ നിന്നുള്ള മോറിറ്റ്‌സ് ഷള്‍ട്ടെ ബെറ്റ്‌മെന്റെ കമ്പനിയില്‍ പങ്കാളിയായി. 1889 ല്‍ ട്രൈംഫ് ആദ്യമായി സൈക്കിള്‍ നിര്‍മിച്ചു. 1898 ല്‍ കൊവന്‍ട്രിയിലെ ഫാക്ടറിയില്‍ ട്രൈംഫ് ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ നിര്‍മിക്കാന്‍ തിരുമാനിച്ചു.

ഒടുവില്‍ 1902 ല്‍ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ പുറത്തെത്തി. സൈക്കിളില്‍ ബെല്‍ജിയന്‍ മിനര്‍വ എഞ്ചിന്‍ ഘടിപ്പിച്ചതായിരുന്നു ആ മോട്ടോര്‍ സൈക്കിള്‍. ആദ്യമോഡല്‍ ഒരു വര്‍ഷത്തിനകം തന്നെ 500 ലേറെയാണ് വിറ്റഴിക്കപ്പെട്ടത്. ഇതോടെ ന്യൂറംബര്‍ഗില്‍ പുതിയ പ്ലാന്റ് തുറന്നു. ന്യറംബര്‍ഗില്‍ നിന്ന് ഇറക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേകം പേര് നല്‍കി സബ്‌സിഡറി സ്ഥാപനം പോലെയായിരുന്നു ട്രൈംഫ് കൈകാര്യം ചെയ്തതത്.

ആദ്യകാലത്ത് മറ്റ് കമ്പനികളുടെ മോഡലിനെ അനുകരിച്ചായിരുന്നു ട്രൈംഫ് മോട്ടോര്‍ സൈക്കിളുകള്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍ 1905 ല്‍ പൂര്‍ണമായും ട്രൈഫ് ഡിസൈന്‍ ചെയ്ത് നിര്‍മിച്ച ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ വിപണിയിലെത്തി. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ആയിരം വാഹനങ്ങളാണ് ട്രൈംഫ് വിറ്റഴിച്ചത്. വിലകൂടിയ വാഹനത്തിനൊപ്പം തന്നെ ഗ്ലോറിയ എന്ന ചെറിയ വാഹനവും ഇതിനിടെ ട്രൈംഫ് പുറത്തിറക്കി.

ഒന്നാം ലോകമഹായുദ്ധകാലത്ത് മറ്റ് വാഹനനിര്‍മാതാക്കളെ പോലെ ട്രൈംഫിനും സൈന്യത്തിന് വേണ്ടി വാഹനങ്ങളും ആയുധഭാഗങ്ങളുമെല്ലാം നിര്‍മിച്ചുകൊടുക്കേണ്ടിവന്നു. ഇംഗ്ലണ്ട് ഉള്‍പ്പെട്ട സഖ്യശക്തികള്‍ക്കായി നിര്‍മിച്ചുകൊടുത്ത മോട്ടോര്‍ സൈക്കിളുകള്‍ സൈന്യത്തിന്റെ പ്രിയപ്പെട്ട വാഹനമായി. ട്രസ്റ്റി ട്രൈംഫ് എന്ന് പ്രശസ്തമായ മോഡല്‍ എച്ച് റോഡ്സ്റ്റര്‍, അന്ന് ലഭ്യമായ ഏറ്റവും ആധുനികമായ മോട്ടോര്‍ സൈക്കിളായാണ് സഖ്യശക്തികള്‍ വിലയിരുത്തിയത്.

യുദ്ധശേഷം സൈക്കിള്‍ നിര്‍മാണം നിര്‍ത്തി കാര്‍ നിര്‍മാണം ആരംഭിക്കുന്നതിനെ ചൊല്ലി ഉടമകള്‍ക്കിടയില്‍ തര്‍ക്കം രൂപപ്പെട്ടതോടെ ഷള്‍ട്ടെ കമ്പനി വിട്ടു. കമ്പനിയുടെ വരുമാനത്തിന്റെ വലിയ പങ്കും സൈക്കിളുകളുടെ കയറ്റുമതിയില്‍ നിന്നായി എന്നത് സൈക്കിള്‍ നിര്‍മാണം ഉപേക്ഷിക്കാതിരുന്ന ബെറ്റ്‌മെന്റെ തീരുമാനത്തെ ശരിവെച്ചു. യുദ്ധാനന്തരം 20 കളുടെ അവസാനത്തോടെയാണ് ട്രൈംഫിന്റെ എക്കാലത്തേയും പ്രസിദ്ധമായ സൂപ്പര്‍ സെവന്‍, സൂപ്പര്‍ എയിറ്റ് മോഡലുകള്‍ വികസിപ്പിച്ചത്.

1930 ലെ ഗ്രേറ്റ് ഡിപ്രഷിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ട്രൈംഫ് ജര്‍മനിയിലെ കമ്പനി വിറ്റു. സാമ്പത്തിക പ്രതിസന്ധികള്‍ക്കൊടുവില്‍ സൈക്കില്‍ നിര്‍മാണ യൂണിറ്റും ട്രൈംഫിന് പിന്നീട് വിറ്റഴിക്കേണ്ടിവന്നു. ഒടുവില്‍ 1933 ല്‍ ബെറ്റെമന്റേക്ക് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം നഷ്ടമാവുകയും കമ്പനിയില്‍ നിന്ന് വിരമിക്കേണ്ടിയും വന്നു. കമ്പനി കൂടുതല്‍ നഷ്ടത്തിലേക്ക് പോയതോടെ കാര്‍ നിര്‍മാണമടക്കം പ്രതിസന്ധിയിലാവുകയും 1939 ഓടെ കമ്പനി പാപ്പരാവുകയും ചെയ്തു. ശേഷം രക്ഷകനായി അവതരിച്ച ബ്രിട്ടീഷ് വ്യവസായിയായ ജാക്ക് സാങ്സ്റ്റര്‍ കമ്പനി ഏറ്റെടുക്കുകയും മോട്ടോര്‍ സൈക്കിള്‍ നിര്‍മാണം നവീകരിക്കുകയും ചെയ്തു.

അമേരിക്കയിലേക്ക് കയറ്റുമതി ആരംഭിച്ചതോടെ ട്രൈംഫ് മെല്ലെ പ്രതാപത്തിലേക്ക് മടങ്ങി. പിന്നീടുള്ള കാലം ശക്തിയേറിയ, സാങ്കേതിക വിദ്യയില്‍ മികച്ച മോഡലുകളാണ് ട്രൈംഫ് പുറത്തിറക്കിയത്. അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിസണില്‍ നിന്ന് വിപണിയില്‍ ശക്തമായ വെല്ലുവിളി നേരിട്ടകാലം കൂടിയായിരുന്നു അത്. ജപ്പാന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനികളുടെ വിപണിയിലേക്കുള്ള വരവോടെ ട്രൈംഫ് അടക്കമുള്ളവര്‍ നേരിട്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.

ബി എസ് എ അടക്കമുള്ള സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് പാപ്പരായി തീര്‍ന്നസാഹചര്യവും ഉടലെടുത്തു. സര്‍ക്കാര്‍ ഇടപെട്ട് ബിഎസ്എ, ട്രൈംഫ്, നോര്‍ട്ടണ്‍ എന്നിവയെ ലയിപ്പിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചുവെങ്കിലും അധികം നാള്‍ നീണ്ടുനിന്നില്ല. പ്രതിസന്ധി രൂക്ഷമായതോടെ 1974 ല്‍ മെരിഡന്‍ ഫാക്ടറിയും ട്രൈംഫ് അടച്ചുപൂട്ടി. ജോലി നഷ്ടപ്പെട്ടവരുടേയടക്കമുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നെയും പലശ്രമങ്ങളും നടത്തിയെങ്കിലും ട്രയമ്പ് പൂര്‍ണമായും ഇല്ലാതാവുകയും പകരം മെരിഡെന്‍ മോട്ടോര്‍ സൈക്കിള്‍ കോര്‍പറേഷന്‍ നിലവില്‍ വരുകയും ചെയ്തു.

പിന്നീട് 1983 ലാണ് ഇന്നത്തെ ട്രൈംഫ് മോട്ടോര്‍സ് പിറവിയെടുത്തത്. ജോണ്‍ ബ്ലൂര്‍ ആണ് ട്രൈംഫ് മോട്ടോര്‍സൈക്കിള്‍സ് (ഹിങ്ക്‌ലി) ലിമിറ്റഡ് എന്ന പുതിയ കമ്പനിയായി ആരംഭിച്ചത്. ട്രൈംഫിന്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹത്തിലാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ബ്ലൂര്‍ ട്രൈംഫ് പുനരാരംഭിച്ചത്. ആദ്യം ബോണെവില്ലെ കോവന്‍ട്രി എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം പിന്നീട് റിസീവറില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ട്രൈംഫ് എന്ന പേര് ഉപയോഗിക്കാന്‍ തുടങ്ങിയത്. ബ്ലൂറിന് കീഴില്‍ ലോകമെങ്ങും പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച ട്രൈംഫ് പതിയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് മടങ്ങുകയാണ്.

Tags:    

Similar News