ഇന്റര്‍നെറ്റ് ബാങ്കിംഗ് വേഗതയേറിയതാണ്, എളുപ്പവും

പണമിടപാടുകളും മറ്റ് തെരഞ്ഞെടുത്ത ബാങ്കിംഗ് സേവനങ്ങളും നടത്തുന്നതിന് ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്കിന്റെ ശാഖ സന്ദര്‍ശിക്കേണ്ടതില്ല ഇവിടെ.

Update: 2022-01-16 06:31 GMT
trueasdfstory

വേഗത്തിലും എളുപ്പത്തിലുമുള്ള പണമിടപാടിന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന സംവിധാനമാണ് ഓണ്‍ലൈന്‍ ബാങ്കിംഗ് അഥവാ...

വേഗത്തിലും എളുപ്പത്തിലുമുള്ള പണമിടപാടിന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന സംവിധാനമാണ് ഓണ്‍ലൈന്‍ ബാങ്കിംഗ് അഥവാ ഇന്റര്‍നെറ്റ് ബാങ്കിംഗ്. പണമിടപാടുകളും മറ്റ് തെരഞ്ഞെടുത്ത ബാങ്കിംഗ് സേവനങ്ങളും നടത്തുന്നതിന് ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്കിന്റെ ശാഖ സന്ദര്‍ശിക്കേണ്ടതില്ല ഇവിടെ. അക്കൗണ്ട് ഉടമകള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാനായി അക്കൗണ്ട് ആരംഭിക്കുമ്പോഴോ അതിനുശേഷമോ രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്ത കസ്റ്റമര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ട് ലോഗിന്‍ ചെയ്ത് ഉപയോഗിക്കാം. ഓണ്‍ലൈനായി അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുക, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുക, വ്യാപാര ഇടപാടുകള്‍ നടത്തുക, തുകകള്‍ കൈമാറുക, ഇന്‍ഷുറന്‍സ് വാങ്ങുക, മൊബൈല്‍, ഡി ടി എച്ച് തുടങ്ങിയവയ്ക്ക് പണമടയ്ക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ ഇന്ന് സാധ്യമാണ്.

ഇന്റര്‍നെറ്റ് ബാങ്കിംഗിന്റെ ഗുണങ്ങള്‍

ഓണ്‍ലൈന്‍ ബാങ്കിംഗ് നല്‍കുന്ന സേവനങ്ങള്‍ ലളിതമായി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല എപ്പോഴും നിങ്ങള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതായത് നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും ബാങ്ക് ശാഖയില്‍ പോകാതെ തന്നെ പണം കൈമാറാനുമെല്ലാം കഴിയും. നിങ്ങളുടെ ജോലികള്‍ ഉപേക്ഷിച്ച് ബാങ്ക് ശാഖയില്‍ ക്യൂ നില്‍ക്കേണ്ടതില്ല. നിങ്ങള്‍ക്ക് എവിടെയായിരുന്നും നിങ്ങളുടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

നെറ്റ്ബാങ്കിംഗില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്തിനുള്ളിലെ ഏത് അക്കൗണ്ടിലേക്കും തുക കൈമാറാം. നിങ്ങള്‍ ബാങ്ക് ശാഖയില്‍ നടത്തുന്ന പണം ഇടപാടുകള്‍ക്ക്് രസീത് ലഭിക്കാറുണ്ട്. അത് നഷ്ടപ്പെടാനുള്ള സാധ്യതയേറെയാണ്. എന്നാല്‍ ഒരു ഇന്റര്‍നെറ്റ് ബാങ്കിംഗ് പോര്‍ട്ടലില്‍ നിങ്ങള്‍ നടത്തുന്ന എല്ലാ ഇടപാടുകളുടേയും രേഖകള്‍ സുരക്ഷിതമാണ്. ആവശ്യമെങ്കില്‍ ഇടപാടിന്റെ തെളിവായി നിങ്ങള്‍ക്ക് ഇത് കാണിക്കാം.

ശ്രദ്ധിക്കാം

പക്ഷെ ഇവിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് കണക്ഷന്‍ അത്യാവശ്യമാണ്. നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കില്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങളൊന്നും ഉപയോഗിക്കാന്‍ കഴിയില്ല. ചെറിയ തോതിലെങ്കിലും ഈ രംഗത്ത് നടക്കുന്ന തട്ടിപ്പുകളാണ് മറ്റൊരു പ്രശ്നം. സുരക്ഷിതമായ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ക്കായി ബാങ്കുകള്‍ എത്ര മുന്‍കരുതലുകള്‍ എടുത്താലും, ഇത്തരം ഇടപാടുകള്‍ പലപ്പോഴും
ഹാക്കിംഗിന് വിധേയമാണ്.

ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോള്‍ പൊതു വൈഫൈ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മികവുള്ള ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗിനായി ഉപയോഗിക്കണം. മാത്രമല്ല നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെയോ ഇന്റര്‍നെറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുണം. കൂടാതെ രണ്ട് മാസത്തിലൊരിക്കലെങ്കിലും ലോഗിന്‍ പാസേ്‌വേഡ് മാറ്റേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ പണമിടപാടുകളും ബാങ്കില്‍ നല്‍കിയിരിക്കുന്ന സ്വകാര്യ വിവരങ്ങളും സുരക്ഷിതമായിരിക്കാന്‍ സഹായിക്കും.

 

Tags:    

Similar News