തിടുക്കം കൂട്ടി നഷ്ടം വരുത്തേണ്ട, റിട്ടേണ്‍ സമര്‍പ്പിക്കാം മനസമാധാനത്തോടെ

ഒടുവില്‍ തിടുക്കപ്പെട്ട് പല രേഖകളും ഇല്ലാതെ റിട്ടേണ്‍ സമര്‍പ്പിച്ച് ഒഴിവാകും. പലപ്പോഴും ഇങ്ങനെ ചെയ്യുമ്പോള്‍ വലിയ സാമ്പത്തിക നഷടവും ഉണ്ടാകും.

Update: 2022-01-11 01:12 GMT
trueasdfstory

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന കാര്യത്തില്‍ പലപ്പോഴും അലംഭാവം കാണിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്...

 

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന കാര്യത്തില്‍ പലപ്പോഴും അലംഭാവം കാണിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് അവസാന നിമിഷം വരെ കാത്തിരിക്കും. ഒടുവില്‍ തിടുക്കപ്പെട്ട് പല രേഖകളും ഇല്ലാതെ റിട്ടേണ്‍ സമര്‍പ്പിച്ച് ഒഴിവാകും. പലപ്പോഴും ഇങ്ങനെ ചെയ്യുമ്പോള്‍ വലിയ സാമ്പത്തിക നഷടവും ഉണ്ടാകും.

വേണം സമാധാനം

പല സര്‍ട്ടിഫിക്കറ്റുകളും, ബാങ്കില്‍ നിന്ന് ലഭിക്കുന്ന വായ്പ തിരിച്ചടവ് രേഖ, സ്‌കൂള്‍ ഫീസ് രസീതുകള്‍, ഇന്‍ഷൂറന്‍സ് പ്രീമിയം അടവ് സംബന്ധിച്ച് പേപ്പറുകള്‍ ഇവയെല്ലാം തിടുക്കപ്പെട്ട് സംഘടിപ്പിക്കുക എളുപ്പമല്ല. അതുകൊണ്ട് കൃത്യ സമയത്ത് ഇവയൊക്കെ തയ്യാറാക്കി വയ്ക്കുക എന്നതാണ് സാമ്പത്തിക അച്ചടക്കമുള്ളവര്‍ ചെയ്യേണ്ടത്. ആദായ നികുതി റിട്ടേണ്‍ തുടര്‍ച്ചയായി ഫയല്‍ ചെയ്യുന്നത് ഭവന വായ്പ അടക്കമുള്ള കാര്യങ്ങള്‍ക്ക് ഇപ്പോള്‍ നിര്‍ബന്ധമാണ്. ചില രാജ്യങ്ങളില്‍ വിസ ആവശ്യങ്ങള്‍ക്കും ഇത് വേണം. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനു മുന്‍പ് ഈ രേഖകള്‍ തയ്യാറാക്കി വെക്കാം.

രേഖകള്‍ വേണം

പഴയ നികുതി സമ്പ്രദായം തിരഞ്ഞെടുത്തവരാണെങ്കില്‍ നികുതി ആനുകൂല്യത്തിനായി മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ നിക്ഷേപങ്ങളുടെ രേഖകള്‍ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് നേരിട്ട് ആദായ നികുതി വകുപ്പിന് നല്‍കി നികുതി ഒഴിവ് നേടാന്‍ അവസരമുണ്ട്. നികുതി ഒഴിവ് എന്ന ആകര്‍ഷണവലയത്തില്‍ നിക്ഷേപം നടത്തുകയും അലംഭാവം കൊണ്ട് ഇതിന്റെ ആനുകൂല്യം കിട്ടാതെ പോകുകയും ചെയ്യുന്ന സ്ഥിതി ഇവിടെ ഒഴിവാക്കാനാവും. എല്‍ ഐ സി പ്രീമിയം , മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡിപ്പോസിറ്റ്, ഭവനവായ്പ തിരിച്ചടവ്, ട്യൂഷന്‍ ഫീ എന്നിവയുടെ രസീതുകള്‍ ഇങ്ങനെ ഉപയോഗിക്കാം.

ഫോം 16 കിട്ടിയില്ലേ

ഉറവിടത്തില്‍ നിന്ന് നികുതി പിടിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണിത്. ശമ്പളവരുമാനക്കാര്‍ക്കെല്ലാം തൊഴിലുടമകള്‍ ഇത് നല്‍കും. ഫോം 16 എ വിഭാഗത്തില്‍ സാമ്പത്തിക വര്‍ഷം പിടിച്ച നികുതിയുടെ വിശദ വിവരങ്ങളും പാന്‍ നമ്പറുമാകും ഉണ്ടാകുക. ബി യില്‍ ശമ്പളത്തിന്റെ വിശദാംശങ്ങളാകും. ഒപ്പം നികുതി ഒഴിവുകളും. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ പോര്‍ട്ടലിലെ സ്വയം പൂരിപ്പിക്കപ്പെട്ട ഫോമുകളിലെ വിവരങ്ങളുമായി ഫോം 16 ഒത്തു നോക്കി സ്ഥിരീകരിക്കാം.

ഭവന വായ്പ

ആദായ നികുതി അടയ്ക്കുന്ന ഭൂരിഭാഗം പേര്‍ക്കും ഒഴിച്ചുകൂടാനാവാത്തതാണ് ഭവന വായ്പയുടെ അതാത് വര്‍ഷത്തെ തിരിച്ചടവ് സംബന്ധിച്ച രേഖകള്‍. ബന്ധപ്പെട്ട ബാങ്കില്‍ നിന്നും ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കും. പ്രിന്‍സിപ്പല്‍ തുകയിലേക്ക് ആ വര്‍ഷം അടച്ച പണവും പലിശയായി ബാങ്ക് ഈടാക്കിയ തുകയും ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് എന്ന ഈ രേഖയില്‍ ഉണ്ടാകും.

സ്ഥിര നിക്ഷേപം

പലിശ സര്‍ട്ടിഫിക്കറ്റുകളും കരുതി വയ്ക്കാം. നമ്മള്‍ സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും മറ്റും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയില്‍ 10,000 രൂപ വരെ കിഴിവിന് അര്‍ഹതയുണ്ടാകും. 25,000 രൂപ വരെ കുടുംബാംഗങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം നികുതി വിധേയമല്ല. മുതിര്‍ന്ന പൗരന്‍മാരാണെങ്കില്‍ ഈ പരിധി 50,000 രൂപയാണ്. ഈ സര്‍ട്ടിഫിക്കറ്റുകളും കരുതി വയ്ക്കണം.

 

Tags:    

Similar News