ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാം, ബാങ്കുകളുടെ മുന്നറിയിപ്പ്
ആര്‍ ബി ഐ അടക്കം പല ഏജന്‍സികളും എസ് ബി ഐ ഉള്‍പ്പെടെയുളള ബാങ്കുകളും നിരന്തരം ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ പുതിയ വേഷത്തില്‍ അവതരിക്കുകയാണ്.
കോവിഡ് കാലത്ത് ഡിജിറ്റല്‍ പണമിടപാടുകളില്‍ വന്‍ കുതിച്ച് ചാട്ടമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയ്ക്ക്...
കോവിഡ് കാലത്ത് ഡിജിറ്റല്‍ പണമിടപാടുകളില്‍ വന്‍ കുതിച്ച് ചാട്ടമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയ്ക്ക് 71.7% വര്‍ധനയുണ്ടാകുമെന്നാണ് പഠനങ്ങള്‍. ഡിജിറ്റല്‍ സാക്ഷരത താരതമ്യേന കുറഞ്ഞ ഇന്ത്യ പോലുള്ള രാജ്യത്ത് സാമ്പത്തിക ഇടപാടുകളില്‍ ഈ രംഗത്തുണ്ടാകുന്ന കുതിച്ച് ചാട്ടം വലിയ നേട്ടമാണ്. എങ്കിലും ഇത്തരം ഇടപാടുകള്‍ കുതിച്ചുയരുമ്പോഴും അതിനനുസരണമായി ഡിജിറ്റല്‍ തട്ടിപ്പുകളും പെരുകുന്നുണ്ട്. ഇത് ആശങ്കയ്ക്കിടയാക്കുകയും ചെയ്യുന്നു. ആര്‍ ബി ഐ അടക്കം പല ഏജന്‍സികളും എസ് ബി ഐ ഉള്‍പ്പെടെയുളള ബാങ്കുകളും നിരന്തരം ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ പുതിയ വേഷത്തില്‍ അവതരിക്കുകയാണ്.
ആര്‍ ബി ഐ മുന്നറിയിപ്പ്
ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും അക്കൗണ്ട് തുറക്കുമ്പോള്‍ കെ വൈ സി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ നല്‍കണം. ഇത് ഇടയ്ക്കിടെ പുതുക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെടാറുണ്ട്. അക്കൗണ്ടുടമയെ ഉറപ്പാക്കുകയാണ് ഇവിടെ ലക്ഷ്യം. ഇത് പുതിയ വഴിയായി തട്ടിപ്പുകാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് കെ വൈ സി രേഖകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുതെന്ന് അക്കൗണ്ടുടമകള്‍ക്ക് ആര്‍ ബി ഐ മുന്നറിയിപ്പ് നല്‍കി. പരിചയമില്ലാത്ത ഉറവിടങ്ങളില്‍ നിന്ന് വരുന്ന അറിയിപ്പുകള്‍ക്ക് പിന്നാലെ പോയാല്‍ തട്ടിപ്പുകള്‍ക്കിരയായേക്കാമെന്ന് ആര്‍ ബി ഐ പറയുന്നു. കെ വൈ സി രേഖകള്‍ നല്‍കാനും പുതുക്കാനും ആവശ്യപ്പെട്ട് വരുന്ന എസ് എം എസ് സന്ദേശങ്ങളും ഫോണ്‍ വിളികളും പെരുകുമ്പോഴാണ് ഈ മുന്നറിയിപ്പ്. നേരത്തെ എസ് ബി ഐ അടക്കമുള്ള ബാങ്കുകളും ഇതേ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.