വിദേശപഠനം 'ടെന്‍ഷന്‍ഫ്രീ' ആക്കാം: സ്റ്റുഡന്റ് വിസയെടുത്തവര്‍ അറിഞ്ഞോളൂ
കുറഞ്ഞത് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി വിദേശത്തേക്ക് പഠിയ്ക്കാന്‍ പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇതില്‍ മലയാളികളും ഒട്ടേറെയുണ്ട്. യുകെ, കാനഡ, യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവയാണ് ഇക്കൂട്ടര്‍ പഠനത്തിനായി കുടിയേറുന്ന പ്രധാന രാജ്യങ്ങള്‍. കോവിഡിന് മുന്‍പ് വരെ കാര്യങ്ങള്‍ സുഗമമായിരുന്നുവെന്നും എന്നാല്‍ ഈ മഹാവ്യാധിയുടെ വ്യാപനം മൂലം പഠനം മുടങ്ങുക, ചെലവ് വര്‍ധിക്കുക, പാര്‍ട്ട് ടൈം ആയി ചെയ്തു വന്നിരുന്ന ജോലി നഷ്ടമാകുക തുടങ്ങിയ പ്രതിസന്ധിയിലൂടെ കടന്നു പോയെന്ന് വിദേശത്ത് പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ […]
കുറഞ്ഞത് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി വിദേശത്തേക്ക് പഠിയ്ക്കാന്‍ പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇതില്‍ മലയാളികളും ഒട്ടേറെയുണ്ട്. യുകെ, കാനഡ, യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവയാണ് ഇക്കൂട്ടര്‍ പഠനത്തിനായി കുടിയേറുന്ന പ്രധാന രാജ്യങ്ങള്‍. കോവിഡിന് മുന്‍പ് വരെ കാര്യങ്ങള്‍ സുഗമമായിരുന്നുവെന്നും എന്നാല്‍ ഈ മഹാവ്യാധിയുടെ വ്യാപനം മൂലം പഠനം മുടങ്ങുക, ചെലവ് വര്‍ധിക്കുക, പാര്‍ട്ട് ടൈം ആയി ചെയ്തു വന്നിരുന്ന ജോലി നഷ്ടമാകുക തുടങ്ങിയ പ്രതിസന്ധിയിലൂടെ കടന്നു പോയെന്ന് വിദേശത്ത് പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കോവിഡിന് ശമനമുണ്ടായെങ്കിലും ആഗോളതലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന പണപ്പെരുപ്പമാണ് ഇപ്പോള്‍ പ്രധാന വില്ലന്‍. ജീവിതച്ചെലവ് കൂടുന്ന സാഹചര്യത്തില്‍ വിദേശ പഠനം എന്നത് മിക്കവര്‍ക്കും അതികഠിനമായ ഞെരുക്കത്തിന്റെ നാളുകളായി മാറിയിരിക്കുകയാണ്.
പല രാജ്യങ്ങളിലുമുള്ള കോര്‍പ്പറേറ്റുകളില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നുവെന്ന വാര്‍ത്തയും വിദേശ വിദ്യാഭ്യാസത്തിനായി ഇറങ്ങിത്തിരിക്കുന്നവരെ നേരിയ തോതില്‍ ഭയപ്പെടുത്തുന്നുണ്ട്. എന്നാല്‍ പഠനകാലത്ത് കൃത്യമായ സാമ്പത്തിക അച്ചടക്കം മുതല്‍ 'വിദേശ കറന്‍സി ഉപയോഗിച്ച്' എങ്ങനെ അമിതച്ചെലവ് നിയന്ത്രിക്കാം എന്ന് വരെ വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ വായ്പ
വിദ്യാഭ്യാസ വായ്പയെ ആശ്രയിച്ചാണ് 90 ശതമാനം വിദ്യാര്‍ത്ഥികളും വിദേശത്തേക്ക് പോകുന്നത്. രൂപയുടെ മൂല്യമിടിവിന് പിന്നാലെ പലിശ നിരക്ക് ഉയര്‍ന്നതോടെ തിരിച്ചടവ് തുകയും വര്‍ധിച്ച സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിനാല്‍ തന്നെ പലിശയുടെ അമിതഭാരം ഒഴിവാക്കാന്‍ റീഫിനാന്‍സിംഗ് രീതി പിന്തുടരാം. നിങ്ങള്‍ റീഫിനാന്‍സ് ചെയ്യുമ്പോള്‍, വായ്പാദാതാവ് നിങ്ങളുടെ നിലവിലുള്ള വായ്പ കുറഞ്ഞ പലിശ നിരക്കില്‍ അടച്ചുതീര്‍ക്കുന്നു.
ഇതുവഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ പണം ലാഭിക്കാന്‍ കഴിയും. അതായത് പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്ന സമയത്തെടുത്ത വായ്പ റീഫിനാന്‍സ് ചെയ്യുമ്പോള്‍ ഭാവിയിലുണ്ടാകുന്ന തിരിച്ചടവ് ഭാരം കുറയുന്നു. റീഫിനാന്‍സ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ജോലി കൂടി കൈയ്യിലുണ്ടെങ്കില്‍ ബാങ്കിന് നിങ്ങളുടെ മേലുള്ള വിശ്വാസ്യത വര്‍ധിക്കും.
ബജറ്റിംഗ് മുഖ്യം
ബജറ്റിംഗ് എന്നത് ഏതൊരു സാഹചര്യത്തിലും ജീവിക്കുന്നയാള്‍ക്ക് മുഖ്യമാണ്. നിത്യ ചെലവുകള്‍ മുതല്‍ അപ്രതീക്ഷിതമായി വരുന്ന ചെലവുകള്‍ വരെ കൃത്യമായി നടത്തണമെങ്കില്‍ ബജറ്റിംഗ് അത്യാവശ്യമായി വേണ്ട ഒന്നുതന്നെയാണ്. വിദേശപഠനത്തിനിടെ നിങ്ങളുടെ വരുമാനത്തിന് പുറമേ (ജോലി ചെയ്യുന്നവര്‍ക്ക്) ഏതെങ്കിലും രീതിയില്‍ പണം ലഭിക്കാനുള്ള സാധ്യത മുന്നിലുണ്ടോ എന്ന് കൃത്യമായി നോക്കുക. സ്‌കോളര്‍ഷിപ്പ് ഒരു ഉദാഹരണമാണ്. അതാത് രാജ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേക നിക്ഷേപ പദ്ധതികളുമുണ്ട്. ഇവയെപറ്റി കൃത്യമായി അറിഞ്ഞിരിക്കുക.
കറന്‍സിയിലുണ്ട് കാര്യം
നിങ്ങള്‍ പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യത്തിന്റെ കറന്‍സിയും ഇന്ത്യന്‍ കറന്‍സിയും തമ്മില്‍ ആ സമയത്തുള്ള മൂല്യവ്യത്യാസം പ്രയോജനപ്പെടുത്താന്‍ പറ്റുമോ എന്ന നോക്കണം. ഇന്ത്യന്‍ രൂപയെക്കാളും മൂല്യമേറിയ കറന്‍സിയുള്ള രാജ്യത്താണ് നിങ്ങളുള്ളത് എങ്കില്‍ 'ഗ്യാന്‍ധന്‍' പോലുള്ള ചാനലുകള്‍ വഴി അമിത ചെലവുകളില്ലാതെ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിക്കാം. ഫോറക്‌സ് സേവനങ്ങളെ കുറഞ്ഞ ഫീസില്‍ കൈകാര്യം ചെയ്യാം എന്നതാണ് ഇതിന്റെ നേട്ടം.
വായ്പയെ പറ്റി എപ്പോഴും ഓര്‍ക്കാം
വായ്പ എടുക്കുമ്പോള്‍ അതിന്റെ വിശദവിവരങ്ങള്‍ വായിച്ചറിഞ്ഞിരിക്കണം. തിരിച്ചടവ് എന്നത് ഒരു തവണ പോലും മുടങ്ങിപ്പോകരുത്. സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കൃത്യമായി നിരീക്ഷിക്കണം. അത് നിങ്ങളുടെ പലിശ തിരിച്ചടവിനെ ബാധിക്കാന്‍ സാധ്യതയുണ്ടോ എന്ന് അറിയുന്നതിനാണിത്. വായ്പാ തിരിച്ചടവിനായി വരുമാനത്തില്‍ നിന്നും ഒരു അടിയന്തര ഫണ്ട് സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കൃത്യ സമയത്ത് തന്നെ പണം അടച്ച് പോകാന്‍ സാധിക്കും.
ജീവിതം ചിട്ടപ്പെടുത്താം സാമ്പത്തികമായി
ചിട്ട ഇല്ലെങ്കില്‍ എല്ലാം താറുമാറാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമ്പത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്. വരുമാനം ഉണ്ടെന്ന് കരുതി എല്ലാ കാര്യത്തിനും പണം അമിതമായി ചെലവഴിക്കാം എന്ന് കരുതണ്ട. ജീവിതരീതി ക്രമീകരിച്ച് പണത്തിന്റെ അധികമായ 'ഇറങ്ങിപ്പോക്ക്' തടയാം. ആദ്യമായി താമസം, ഭക്ഷണം തുടങ്ങിയവയാണ്. ഒരു റൂം മേറ്റിനൊപ്പം താമസിക്കുകയാണെങ്കില്‍ സിംഗിള്‍ റൂമിനേക്കാള്‍ പകുതി ചെലവില്‍ കാര്യങ്ങള്‍ നില്‍ക്കും.
ഒറ്റയ്ക്ക് പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് ഒന്നിലധികം പേര്‍ ഭക്ഷണം പാകം ചെയ്ത് കഴിയ്ക്കുന്നത്. ഇത് ചെലവ് കുറയ്ക്കും. ഒന്നിച്ച് താമസിക്കുമ്പോള്‍ വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങിയ ബില്ലുകളുടെ അടവിലും തുക ലാഭിക്കാം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. ഓരോ രാജ്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി ഡിസ്‌കൗണ്ട് കാര്‍ഡുകള്‍ ലഭിക്കും.
യാത്ര, ഷോപ്പിംഗ്, റീട്ടെയില്‍ സ്റ്റോര്‍, ബുക്കുകളുടെ പര്‍ച്ചേസ് മുതലായവയ്ക്ക് ഡിസ്‌കൗണ്ട് കാര്‍ഡുകള്‍ ലഭിക്കും. ഇത് സര്‍ക്കാര്‍ തലത്തില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നവയുമുണ്ട്. പഠനകാലമാണ് എന്ന് സ്വയം മനസിലാക്കി അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കാം. ഔട്ടിംഗ്, മറ്റ് ജങ്ക് ഫുഡുകള്‍, സിഗരറ്റ് വലി പോലുള്ള ദുശീലങ്ങള്‍ എന്നിവയ്ക്ക് ഗുഡ്‌ബൈ പറയാം. വിദേശ പഠനം 'ടെന്‍ഷന്‍ഫ്രീയാക്കാം'.