ആ​ഗോള സംഭവങ്ങളും, കമ്പനി ഫലങ്ങളും വിപണിയുടെ ​ഗതി നിർണ്ണയിക്കും

കമ്പനികളുടെ ജൂൺ പാദ വരുമാനക്കണക്കുകൾ പല ഓഹരികളുടെയും വ്യക്തി​ഗത പ്രകടനത്തെ ഈ ആഴ്ച്ച സ്വാധീനിക്കും. എന്നാൽ, ആഗോള സാമ്പത്തിക ഘടകങ്ങളായിരിക്കും വിപണിയുടെ മൊത്തത്തിലുള്ള ഗതി നിർണയിക്കുക. പ്രധാന ഐടി ഓഹരിയായ വിപ്രോയുടെയും, മിഡ്-ക്യാപ് കമ്പനികളായ മാസ്ടെക്, കോർഫോജ്‌ എന്നിവയുടെയും ജൂൺ പാദ ഫലങ്ങൾ വരാനിരിക്കെ, ഐടി ഓഹരികൾ ശ്രദ്ധാകേന്ദ്രമായി നിലനിൽക്കും. കഴിഞ്ഞയാഴ്ച്ച ടിസിഎസ്, എച്ച്സിഎൽ ടെക്, മൈൻഡ് ട്രീ, എൽ ആൻഡ് ടി ഇൻഫോടെക് മുതലായ കമ്പനികളുടെ ഫലം പുറത്തു വന്നപ്പോൾ ഐടി ഓഹരികളിൽ വലിയ വില്പന […]

Update: 2022-07-17 08:48 GMT

കമ്പനികളുടെ ജൂൺ പാദ വരുമാനക്കണക്കുകൾ പല ഓഹരികളുടെയും വ്യക്തി​ഗത പ്രകടനത്തെ ഈ ആഴ്ച്ച സ്വാധീനിക്കും. എന്നാൽ, ആഗോള സാമ്പത്തിക ഘടകങ്ങളായിരിക്കും വിപണിയുടെ മൊത്തത്തിലുള്ള ഗതി നിർണയിക്കുക.

പ്രധാന ഐടി ഓഹരിയായ വിപ്രോയുടെയും, മിഡ്-ക്യാപ് കമ്പനികളായ മാസ്ടെക്, കോർഫോജ്‌ എന്നിവയുടെയും ജൂൺ പാദ ഫലങ്ങൾ വരാനിരിക്കെ, ഐടി ഓഹരികൾ ശ്രദ്ധാകേന്ദ്രമായി നിലനിൽക്കും. കഴിഞ്ഞയാഴ്ച്ച ടിസിഎസ്, എച്ച്സിഎൽ ടെക്, മൈൻഡ് ട്രീ, എൽ ആൻഡ് ടി ഇൻഫോടെക് മുതലായ കമ്പനികളുടെ ഫലം പുറത്തു വന്നപ്പോൾ ഐടി ഓഹരികളിൽ വലിയ വില്പന സമ്മർദ്ദമാണ് നേരിട്ടത്. അതിനാൽ വരാനിരിക്കുന്ന കമ്പനി ഫലങ്ങൾക്കു ശേഷമുള്ള മാനേജ്‌മെന്റ് തീരുമാനങ്ങൾ നിക്ഷേപകർ സൂക്ഷ്മമായി വീക്ഷിക്കും. ഈ കമ്പനികളുടെ ഭാഗത്തു നിന്നും ശുഭകരമല്ലാത്ത വാർത്തകൾ പുറത്തുവന്നാൽ ഐടി മേഖലയിലെ വിറ്റഴിക്കൽ തുടരുന്നതിനു കാരണമാകും.

ഇതിനു പുറമെ, മുൻനിര ഓഹരികളായ ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച് യു എൽ), റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ), ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെയും പാദഫലങ്ങൾ പുറത്തുവരും. എച്ച് യു എൽ, ആർഐഎൽ എന്നിവ അതാത് മേഖലകളിലെ മുൻനിര കമ്പനികളായതിനാൽ, ഇരു കൂട്ടരുടെയും പ്രകടനവും മുന്നോട്ടുള്ള വളർച്ചയെക്കുറിച്ചുള്ള മാനേജ്‌മെന്റ് തീരുമാനങ്ങളും അവരുടെ ഓഹരി വിലയേയും ഒപ്പം അതേ മേഖലയിലെ മറ്റു കമ്പനികളുടെ പ്രകടനത്തേയും സാരമായി സ്വാധീനിക്കും. കാലവർഷം രാജ്യവ്യാപകമായി തുടങ്ങിയതും, കഴിഞ്ഞ ആഴ്ചകളിൽ കമ്മോഡിറ്റി വിലയിലുണ്ടായ കുറവും എഫ്എംസിജി ഓഹരികളിൽ മുന്നേറ്റമുണ്ടാകുന്നതിനു കാരണമായിട്ടുണ്ട്.

ആഗോള വിപണിയിൽ, വരാനിരിക്കുന്ന കേന്ദ്ര ബാങ്കുകളുടെ പണനയ മീറ്റിംഗുകൾ അടുത്താഴ്ച നിർണായകമാകും. കഴിഞ്ഞ മാസം, യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) യൂറോസോണിലെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്, 11 വർഷത്തിലാദ്യമായി, നിരക്കു വർധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജൂലൈയിൽ 0.25 ശതമാനവും, വരും മാസങ്ങളിൽ ക്രമാനുഗതമായി വർധിപ്പിക്കാനുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ ചില വിപണി വിദ​ഗ്ധർ വിശ്വസിക്കുന്നത് ഈ മാസത്തെ പോളിസി മീറ്റിംഗിൽ ഉയർന്ന നിരക്കിലുള്ള വർധന ഉണ്ടായേക്കുമെന്നാണ്. ചൈന, ജപ്പാൻ, ഇന്തോനേഷ്യ, തുർക്കി, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും നിരക്കുകളും, പണനയവും തീരുമാനിക്കാൻ പ്രത്യേകം യോഗം ചേരുന്നുണ്ട്.

രൂപയുടെ മൂല്യത്തകർച്ചയും, വ്യാപാരക്കമ്മിയും, വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കലും, ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയുടെ ഗതി നിർണയിക്കുന്ന മറ്റു പ്രധാന ഘടകങ്ങളാണ്.

എങ്കിലും കഴിഞ്ഞ ആഴ്ചയിൽ ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും നിഫ്റ്റി അതിന്റെ നിർണ്ണായക നിലയായ 16,000 മറികടന്നത് ഒരു ശുഭ സൂചനയാണ്.

"ആഗോള തലത്തിൽ സ്ഥിതി ഇപ്പോഴും അനുകൂലമല്ല. എങ്കിലും ആഭ്യന്തര വിപണിയ്ക്ക്, താഴ്ന്ന നിലയിലുണ്ടായ വാങ്ങലുകൾ മൂലം, പിടിച്ചു നിൽക്കുന്നതിനു സാധിച്ചു. 15,850 - 15,950 നിലയാണ് ഇപ്പോഴത്തെ സുരക്ഷിതമായ പിന്തുണ നില. ആഗോള വിപണി അനുകൂലമാവുകയാണെങ്കിൽ, ആഭ്യന്തര വിപണിയും ഉയരാനാണ്‌ സാധ്യത. അതിനാൽ, നിർണ്ണായക നിലയിൽ നിന്ന് വിപണി താഴേക്കു പോവാത്തിടത്തോളം കാലം നമുക്കു ശുഭപ്രതീക്ഷയോടു കൂടിയിരിക്കാം. മറ്റൊരു വശത്ത്, വിപണി ഉയർന്നു വരാതിരിക്കാനുള്ള പ്രതികൂല ഘടകങ്ങളും നിലനിൽക്കുന്നുണ്ട്. അതിനാൽ, വരും ആഴ്ചയിൽ, 16,150-16,250 നിലയിൽ തൊട്ടടുത്ത പ്രതിരോധം പ്രതീക്ഷിക്കാം. ഇത് മറികടന്നാൽ മാത്രമേ വിപണിയിൽ വിശാലാടിസ്ഥാനത്തിലുള്ള ഒരു വാങ്ങൽ ഉണ്ടാവുകയുള്ളു," എയ്ഞ്ചൽ വൺ അനലിസ്റ്റുകൾ പറഞ്ഞു.

Tags:    

Similar News