സുരക്ഷയുടെ കാര്യത്തില്‍ സ്റ്റാര്‍ റേറ്റിംഗ്, വാഹനവില കൂടുമോ?

ക്രാഷ് ടെസ്റ്റിംഗിലെ സ്റ്റാര്‍ റേറ്റിംഗ് അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന പദ്ധതി ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ഒരാള്‍ക്ക് വാങ്ങുന്ന വാഹനത്തിന്റെ സുരക്ഷ വിലയിരുത്താന്‍ പൊതുവായ റേറ്റിംഗ് സംവിധാനം നിലവിലില്ല. കേന്ദ്ര ഉപരതല ഗതാഗത മന്ത്രാലയിത്തിന്റെ പുതിയ നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ ഉപഭോക്താവിന് വാഹനങ്ങളുടെ സുരക്ഷ വിലയിരുത്താം. അതിനനുസരിച്ച് സ്വന്തമാക്കുകയും ആകാം. ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്ഫോമായായിരിക്കും ഭാരത് എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം). മികവുറ്റ വാഹനങ്ങള്‍ക്ക് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുമെന്നതിനാല്‍ നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ കാര്‍ […]

Update: 2022-06-27 06:46 GMT

ക്രാഷ് ടെസ്റ്റിംഗിലെ സ്റ്റാര്‍ റേറ്റിംഗ് അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന പദ്ധതി ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ഒരാള്‍ക്ക് വാങ്ങുന്ന വാഹനത്തിന്റെ സുരക്ഷ വിലയിരുത്താന്‍ പൊതുവായ റേറ്റിംഗ് സംവിധാനം നിലവിലില്ല. കേന്ദ്ര ഉപരതല ഗതാഗത മന്ത്രാലയിത്തിന്റെ പുതിയ നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ ഉപഭോക്താവിന് വാഹനങ്ങളുടെ സുരക്ഷ വിലയിരുത്താം. അതിനനുസരിച്ച് സ്വന്തമാക്കുകയും ആകാം.

ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്ഫോമായായിരിക്കും ഭാരത് എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം). മികവുറ്റ വാഹനങ്ങള്‍ക്ക് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുമെന്നതിനാല്‍ നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ കാര്‍ കമ്പനികള്‍ക്കിടയില്‍ മത്സരം വര്‍ധിക്കാനും സാധ്യതയുണ്ട്. മാത്രമല്ല കയറ്റുമതി സംബന്ധിച്ച യോഗ്യതകളിലും ഭാരത് എന്‍സിഎപി സ്റ്റാര്‍ റേറ്റിംഗ് ഇടം പിടിക്കുന്നതോടെ ഇന്ത്യന്‍ വാഹനങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഡിമാന്‍ഡ് വിദേശ വിപണിയില്‍ നിന്നും പ്രതീക്ഷിക്കാം. സാധാരണ പെട്രോള്‍, ഡീസല്‍ എഞ്ചിനുള്ള വാഹനങ്ങള്‍ക്ക് പുറമേ സിഎന്‍ജി, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കും മാര്‍ക്കറ്റില്‍ കൂടുതല്‍ വില്‍പന ലഭിക്കുന്നതിനും ക്രാഷ് ടെസ്റ്റിംഗ് റേറ്റിംഗ് സഹായകരമായേക്കും.

എന്നാല്‍ കേന്ദ്ര തീരുമാനം വന്ന് ഏതാനും ദിവസങ്ങള്‍ക്കകം, തന്നെ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി എന്‍സിഎപി സ്റ്റാര്‍ റേറ്റിംഗുമായി ബന്ധപ്പെട്ട് വേറിട്ട നിലപാടുമായി രംഗത്ത് വന്നത് ഏറെ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. യുറോപ്യന്‍ നിലവാരത്തിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരാനാകില്ലെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് സ്റ്റാര്‍ റേറ്റിംഗുള്ള കാറുകള്‍ പുറത്തിറക്കാമെന്നുമാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കിയത്. ഇതിന് അധികമായി തുക അടയ്ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ഏജന്‍സികളുടെ റേറ്റിംഗ് ടെസ്റ്റുകള്‍ നടത്താന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ ഓട്ടോമേറ്റീവ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ ഭാഗമായി ക്രാഷ് ടെസ്റ്റിന് വിധേയമാകുന്നുണ്ട്. മണിക്കൂറില്‍ ശരാശരി 56 കി.മീ വേഗതയിലാണ് ഈ പരിശോധനകള്‍ നടക്കുന്നതെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഭാരത് എന്‍സിഎപിയില്‍ ടെസ്റ്റിംഗ് അല്‍പം വ്യത്യസ്തമാണ്. മണിക്കൂറില്‍ 64 കി.മീ വേഗതയിലാണ് ഭാരത് എന്‍സിഎപിയില്‍ ക്രാഷ് ടെസ്റ്റ് നടത്തേണ്ടി വരിക. റേറ്റിംഗ് ടെസ്റ്റിനായി മാരുതി അടക്കമുള്ള കമ്പനികള്‍ വളരെ ദൃഢമായ ബോഡി വാഹനങ്ങളില്‍ സജ്ജീകരിക്കേണ്ടി വരും. ഇതിന് 10,000-20,000 രൂപ വരെ നിര്‍മാണ ചെലവില്‍ വര്‍ധനവരും. ഈ തുകയ്ക്ക് പുറമേയാണ് എയര്‍ബാഗും അത്യാധുനിക സെന്‍സറും ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവ്.

വാഹന വില്‍പന കുതിപ്പില്‍

സെമികണ്ടക്ടര്‍ ക്ഷാമം എന്നത് ഏതാനും മാസങ്ങളായി ആഗോളതലത്തിലുള്ള വാഹന നിര്‍മ്മാണ മേഖലയെ തളര്‍ത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ വാഹന വില്‍പന ഉയരുകയാണ്. മിക്ക കമ്പനികളുടേയും നാലാം പാദ റിപ്പോര്‍ട്ട് പ്രകാരം വില്‍പനയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. മാത്രമല്ല ഇലക്ട്രിക്ക് മോഡല്‍ ഉള്‍പ്പടെയുള്ളവയ്ക്ക് വില വര്‍ധിച്ചിട്ടുമുണ്ട്. എന്നിട്ടും പുതിയ വാഹനങ്ങള്‍ക്ക് പ്രിയമേറുകയാണ്.
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ് എന്നിവ 2022 മെയ് മാസത്തില്‍ ശക്തമായ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍, ഹോണ്ട കാര്‍സ്, സ്‌കോഡ എന്നിവയുടെ മോഡലുകള്‍ക്ക് ഇക്കഴിഞ്ഞ മേയില്‍ ശക്തമായ ഡിമാന്‍ഡുണ്ടായി. ഈ കാലയളവില്‍ ആഭ്യന്തര മൊത്തക്കച്ചവടത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടായിയെക്കാള്‍ മുന്നിലാണ് ടാറ്റ മോട്ടോഴ്സ്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ (എംഎസ്‌ഐ) ആഭ്യന്തര വില്‍പ്പന മെയ് മാസത്തില്‍ 1,34,222 യൂണിറ്റായിരുന്നു. 2021 മെയ് മാസത്തില്‍ 35,293 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ മേയില്‍ 1.03 ലക്ഷം യൂണിറ്റായി ചുരുങ്ങിയ പാസഞ്ചര്‍ വാഹന വ്യവസായം ഈ വര്‍ഷം മെയ് മാസത്തില്‍ 2.94 ലക്ഷം യൂണിറ്റായി കുതിച്ചുയര്‍ന്നു. കഴിഞ്ഞ മാസം, ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന കമ്പനിയുടെ മിനി കാറുകളുടെ വില്‍പ്പന 17,408 യൂണിറ്റായി ഉയര്‍ന്നു, 2021 മെയ് മാസത്തില്‍ ഇത് 4,760 ആയിരുന്നു. കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പനയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ടാറ്റ മോട്ടോഴ്സ് 43,341 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പന നടത്തി.

Tags:    

Similar News