ക്രെഡിറ്റ്‌ലൈന്‍ നിരോധനം, പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍ക്ക് ആശയക്കുഴപ്പം

മുംബൈ: രാജ്യത്തെ ബാങ്കിതര പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കുന്നിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഫിന്‍ടെക്ക് കമ്പനികള്‍ പലതിനും സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതായി. അടുത്തിടെ ആരംഭിച്ച മിക്ക കമ്പനികളും അവരവരുടെ പ്ലാറ്റ്ഫോമുകളിലൂടെയുള്ള വായ്പാ വിതരണം വഴിയാണ് മാര്‍ക്കറ്റില്‍ സ്ഥാനം ഉറപ്പിച്ചത്. ക്രെഡിറ്റ് ലൈന്‍ രീതിയാണ് അവരുടെ സേവനങ്ങളുടെ ശ്രദ്ധാ കേന്ദ്രം. ആര്‍ബിഐ അറിയിപ്പ് വന്നതോടെ പല ഫിന്‍ടെക് സ്ഥാപനങ്ങളും പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴി പണമിടപാടുകള്‍ നടത്തുന്നത് വിലക്കിയിട്ടുണ്ട്. ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്ക് […]

Update: 2022-06-23 04:27 GMT

മുംബൈ: രാജ്യത്തെ ബാങ്കിതര പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കുന്നിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഫിന്‍ടെക്ക് കമ്പനികള്‍ പലതിനും സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതായി. അടുത്തിടെ ആരംഭിച്ച മിക്ക കമ്പനികളും അവരവരുടെ പ്ലാറ്റ്ഫോമുകളിലൂടെയുള്ള വായ്പാ വിതരണം വഴിയാണ് മാര്‍ക്കറ്റില്‍ സ്ഥാനം ഉറപ്പിച്ചത്. ക്രെഡിറ്റ് ലൈന്‍ രീതിയാണ് അവരുടെ സേവനങ്ങളുടെ ശ്രദ്ധാ കേന്ദ്രം. ആര്‍ബിഐ അറിയിപ്പ് വന്നതോടെ പല ഫിന്‍ടെക് സ്ഥാപനങ്ങളും പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴി പണമിടപാടുകള്‍ നടത്തുന്നത് വിലക്കിയിട്ടുണ്ട്. ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്ക് പിന്തുണ നല്‍കി പണം വിതരണം നടത്തിയിരുന്ന ബാങ്കുകളും ഈ സേവനം നിറുത്തലാക്കിയിരിക്കുകയാണ്.

2020-21 കാലയളവില്‍ കോവിഡ് പ്രതിസന്ധികാലത്ത് പ്രവര്‍ത്തനം ആരംഭിച്ച ഇത്തരം ഫിന്‍ടെക്ക് പ്ലാറ്റഫോമുകള്‍ അതിവേഗം വളര്‍ന്നതോടെ സീഡ് ഫണ്ടിംഗുകള്‍ വഴി വലിയ തുക നിക്ഷേപവും വന്നിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ നയം കമ്പനികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം എന്ന അവസ്ഥ വന്നതോടെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിനെ സമീപിക്കാനുള്ള ശ്രമത്തിലാണ് മിക്ക പ്ലാറ്റ്ഫോമുകളും. ആര്‍ബിഐയുടെ നീക്കത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. മാത്രമല്ല ബാങ്കിതര പ്രീപെയ്ഡ് പേയ്മെന്റ് ഉള്‍പ്പടെയുള്ള ഫിന്‍ടെക്ക് സേവനങ്ങള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടു വരുന്നതിന് പ്രത്യേക നിയമ ചട്ടക്കൂട് ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ആര്‍ബിഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മിക്ക ഫിന്‍ടെക്ക് പ്ലാറ്റ്ഫോമുകളും പിപിഐ സംബന്ധിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ആര്‍ബിഐ അറിയിപ്പിങ്ങനെ

പിപിഐ ക്രെഡിറ്റ് ലൈന്‍ വഴി (വായ്പ) പണം ലോഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ അത് നിര്‍ത്തണമെന്നും അല്ലെങ്കില്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം ഇറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ ആര്‍ബിഐ വ്യക്തമാക്കിയത്. സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മറ്റുമാണ് പിപിഐ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള വാലറ്റുകളില്‍ മുന്‍കൂര്‍ നിറച്ചിട്ടുള്ള പണം കൊണ്ടാണ് ഇത് ചെയ്യുക. ആമസോണ്‍ പേ, ബജാജ് ഫിനാന്‍സ്, ഒല ഫിനാന്‍ഷ്യല്‍ സര്‍വീസ്, പേയു പേയ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഫോണ്‍പേ തുടങ്ങിയവ അടക്കം 35 ഓളം പിപി ഐകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പല പിപിഐ സ്ഥാപനങ്ങളും ഉപഭോക്താക്കളെ നേടാന്‍ ബാങ്കുകള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി കൈകോര്‍ത്ത് വായ്പകള്‍ അനുവദിക്കാറുണ്ട്. അഥവാ ക്രെഡിറ്റില്‍ വാലറ്റുകളിലേക്ക് പണം നല്‍കാറണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഇനി നിയന്ത്രണമുണ്ടാകും. ബാങ്കിംഗ് പാര്‍ട്ടണര്‍മാരുമായി കൈകോര്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്ന ഫിന്‍ടെക് കമ്പനികള്‍ക്കും ഇത് ബാധകമാകും. പിപി ഐ കള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ് എന്ന നിലയ്ക്കാണ്. എന്നാല്‍ പല സ്ഥാപനങ്ങളും ക്രെഡിറ്റ് ഇന്‍സ്ട്രുമെന്റ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് തടയിടുകയാണ് ലക്ഷ്യം. പിപിഐകള്‍ക്ക് ഇടപാടുകള്‍ക്കായി കാര്‍ഡുകള്‍, വാലറ്റുകള്‍ തുടങ്ങിയ ഇന്‍സ്ട്രുമെന്റുകള്‍ പുറത്തിറക്കാനേ അനുമതിയുള്ളു. പേപ്പര്‍ വൗച്ചറുകള്‍ പുറത്തിറക്കുന്നതില്‍ നിന്നും ആര്‍ബിഐ ഇത്തരം സ്ഥാപനങ്ങളെ വിലക്കിയിട്ടുണ്ട്.

ജൂലൈ ഒന്ന് മുതല്‍

ജൂലൈ 1 മുതലാണ് ആര്‍ബിഐയുടെ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വന്നാല്‍ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് 2007 പ്രകാരമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അറിയിപ്പിലുണ്ട്. പ്രീ പേയ്ഡ് പെയ്മെന്റ്സ് ഇന്‍സ്ട്രുമെന്റ്-മാസ്റ്റര്‍ ഡയറക്ഷന് അനുവാദമുള്ള വിനിമയ രീതികള്‍ ഏതൊക്കെയെന്ന് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പണം ലോഡ്- റീ ലോഡ് ചെയ്യുന്നത് ക്യാഷായോ, ബാങ്ക് അക്കൗണ്ടിലേക്കുള്ള പണം നിക്ഷേപിക്കലായോ, അതാതു സമയത്തെ നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടുള്ള പ്രീ പേയ്ഡ് പെയ്മെന്റ്സ് ഇന്‍സ്ട്രുമെന്റ്സായോ, ഇന്ത്യയിലെ നിയന്ത്രണാധികാരമുള്ള സ്ഥാപനങ്ങള്‍ പുറപ്പെടുവിക്കുന്ന പേയ്മെന്റ് ഇന്‍സ്ട്രുമെന്റ്സായോ ആകാം. ഇതെല്ലാം ഇന്ത്യന്‍ രൂപയിലായിരിക്കണമെന്നും ആര്‍ബിഐ അറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.

 

Tags:    

Similar News