വിപണിക്ക് മുന്നേറാന്‍ തടസങ്ങളേറെ
ഇന്ത്യന്‍ വിപണിയില്‍ ഇന്നും ചാഞ്ചാട്ടം തുടരാനാണ് സാധ്യത. ഇന്നലെ പുറത്തു വന്ന ഫെഡറല്‍ ഓപ്പൺ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗിന്റെ മിനിറ്റ്‌സ് വെളിവാക്കുന്നത് ഭൂരിപക്ഷ അംഗങ്ങളും വരും മാസങ്ങളില്‍ അര ശതമാനം പലിശ നിരക്കുയര്‍ത്തുന്നതിനോട് യോജിക്കുന്നുവെന്നാണ്. ഇത് അമേരിക്കന്‍ വിപണിയില്‍ മുന്നേറ്റത്തിന് കാരണമായെങ്കിലും മറ്റു വിപണികളില്‍ തിരിച്ചടി ഉണ്ടാക്കിയേക്കും. ഇന്നലെ ദക്ഷിണ കൊറിയയുടെ കേന്ദ്ര ബാങ്ക് അവരുടെ പലിശ നിരക്ക് തുടര്‍ച്ചയായ രണ്ടാം തവണയും ഉയര്‍ത്തി. മറ്റു പ്രമുഖ കേന്ദ്ര ബാങ്കുകളൊക്കെ കര്‍ശന പണനയം തന്നെ പിന്തുടരുവാന്‍ നിര്‍ബന്ധിതരായേക്കും. […]
;ഇന്ത്യന്‍ വിപണിയില്‍ ഇന്നും ചാഞ്ചാട്ടം തുടരാനാണ് സാധ്യത. ഇന്നലെ പുറത്തു വന്ന ഫെഡറല്‍ ഓപ്പൺ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗിന്റെ...
ഇന്ത്യന്‍ വിപണിയില്‍ ഇന്നും ചാഞ്ചാട്ടം തുടരാനാണ് സാധ്യത. ഇന്നലെ പുറത്തു വന്ന ഫെഡറല്‍ ഓപ്പൺ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗിന്റെ മിനിറ്റ്‌സ് വെളിവാക്കുന്നത് ഭൂരിപക്ഷ അംഗങ്ങളും വരും മാസങ്ങളില്‍ അര ശതമാനം പലിശ നിരക്കുയര്‍ത്തുന്നതിനോട് യോജിക്കുന്നുവെന്നാണ്. ഇത് അമേരിക്കന്‍ വിപണിയില്‍ മുന്നേറ്റത്തിന് കാരണമായെങ്കിലും മറ്റു വിപണികളില്‍ തിരിച്ചടി ഉണ്ടാക്കിയേക്കും.
ഇന്നലെ ദക്ഷിണ കൊറിയയുടെ കേന്ദ്ര ബാങ്ക് അവരുടെ പലിശ നിരക്ക് തുടര്‍ച്ചയായ രണ്ടാം തവണയും ഉയര്‍ത്തി. മറ്റു പ്രമുഖ കേന്ദ്ര ബാങ്കുകളൊക്കെ കര്‍ശന പണനയം തന്നെ പിന്തുടരുവാന്‍ നിര്‍ബന്ധിതരായേക്കും. ഇത് ആഗോള വളര്‍ച്ചാ സാധ്യതകള്‍ മുരടിപ്പിക്കും. ഏഷ്യ ഉള്‍പ്പെടെയുള്ള വളരുന്ന വിപണികളില്‍ നിക്ഷേപകരുടെ താല്‍പര്യത്തെ കെടുത്തിക്കളയുകയും ചെയ്യും.
ഏഷ്യന്‍ വിപണികള്‍
ഏഷ്യന്‍ വിപണികളിലെല്ലാം ഇന്ന് സമ്മിശ്ര പ്രതികരണമാണ് കാണുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ 8.38 ന് 0.39 ശതമാനം നേട്ടത്തിലാണ്. ജപ്പാനിലെ നിക്കി, ഷാങ്ഹായ് സൂചിക, ചൈന എ50, തായ് വാന്‍ വെയിറ്റഡ്, ഹാങ് സെങ് സൂചിക എന്നിവയെല്ലാം നഷ്ടത്തിലാണ്. ദക്ഷിണ കൊറിയയില്‍ പലിശ നിരക്കുയര്‍ന്നെങ്കിലും കോസ്പി നേരിയ നേട്ടം കാണിക്കുന്നു.
അമേരിക്കന്‍ വിപണി
അമേരിക്കന്‍ ഓഹരി വിപണികള്‍ ഇന്നലെ നേട്ടത്തിലാണ് അവസാനിച്ചത്. ഡൗജോണ്‍സ് 0.60 ശതമാനവും, എസ് ആന്‍ഡ് പി 500 0.95 ശതമാനവും, നാസ്ഡാക് 1.51 ശതമാനവും ഉയര്‍ന്നു. ഫെഡ് മീറ്റിംഗ് മിനിറ്റ്‌സ് പുറത്തു വന്നപ്പോള്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെപ്പറ്റി അവര്‍ പ്രകടിപ്പിച്ച ശുഭാപ്തി വിശ്വാസമാണ് വിപണികളുടെ ഉയര്‍ച്ചകളിലേക്ക് നയിച്ചത്. അമേരിക്കയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക പ്രതിസന്ധികളെയെല്ലാം മറികടക്കാനാകുമെന്ന് ഫെഡ് അംഗങ്ങള്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഇന്ന് യുഎസ് ജിഡിപി വളര്‍ച്ചാ അവലോകന കണക്കുകളും, തൊഴിലില്ലായ്മ നിരക്കും പുറത്തു വന്നേക്കും. ലോക വിപണികളില്‍ ചെറു ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇവയ്ക്ക് കഴിയും.
ക്രൂഡോയില്‍
ഏഷ്യയില്‍ ക്രൂഡോയില്‍ വില മാറ്റമില്ലാതെ തുടരുന്നു. വിതരണശൃംഖലയിലെ പ്രതിസന്ധികളും, യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ ഓയിലിനു മേല്‍ ഏര്‍പ്പെടുത്തിയേക്കാവുന്ന ഉപരോധങ്ങളും വില വര്‍ദ്ധനയ്ക്ക് സഹായകരമായ ഘടകങ്ങളാണ്. അമേരിക്കയിലെ എണ്ണ സംഭരണ കണക്കുകളിലും കുറവു വന്നിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം എണ്ണ വില ഉയരാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നു.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,803 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,229 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: "ഇന്ത്യന്‍ വിപണി ഇപ്പോഴത്തെ നിലയില്‍ തന്നെ സ്ഥിരത കൈവരിക്കാനോ, ഏകീകരണത്തിലേക്ക് പോകാനോ സാധ്യതയുണ്ട്. മാന്ദ്യത്തെപ്പറ്റിയുള്ള ഭീതികള്‍ ആവശ്യത്തിലേറെ കണക്കിലെടുത്തു കഴിഞ്ഞു എന്നൊരഭിപ്രായം അമേരിക്കന്‍ വിപണിയിലുണ്ട്. എസ് ആന്‍ഡ് പി 500 ന്റെ 19 ശതമാനം താഴ്ച്ചയില്‍ നിന്നുള്ള തിരിച്ചുവരവ് സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്. ആഭ്യന്തര വിപണിയില്‍, നിരന്തരമായ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പനയും ഉയരുന്ന ക്രൂഡോയില്‍ വിലകളും വലിയ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് ഇനിയും തുടരാനാണിട. വിപണിയില്‍ ഇപ്പോഴും അനിശ്ചിതത്വമാണ്. അതിനാല്‍, നിക്ഷേപകര്‍ മധ്യകാല-ദീര്‍ഘകാല ലക്ഷ്യത്തോടു കൂടി മികച്ച ഓഹരികള്‍ മാത്രമേ വാങ്ങാവു. ധനകാര്യ ഓഹരികള്‍, പ്രത്യേകിച്ച് മുന്‍നിര ബാങ്കുകള്‍, നിക്ഷേപത്തിന് അനുയോജ്യമാണ്."
കമ്പനി ഫലങ്ങള്‍
ഇന്നു പുറത്തുവരാനുള്ള പ്രധാന കമ്പനി ഫലങ്ങള്‍ ഹിന്‍ഡാല്‍കോ, കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസ്, എന്‍എംഡിസി, ഒബ്‌റോയ് റിയല്‍റ്റി, മദേഴ്‌സണ്‍ സുമി, ആസ്റ്റ്ര സെനിക ഫാര്‍മ, ഗുഡ്ഇയര്‍ ഇന്ത്യ, ജിഎസ്എഫ്‌സി, അബാന്‍ ഓഫ്‌ഷോര്‍, ജെറ്റ് എയര്‍വേസ്, ഓള്‍കാര്‍ഗോ ലോജിസ്റ്റിക്‌സ്, സുദര്‍ശന്‍ കെമിക്കല്‍സ് എന്നിവയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,790 രൂപ (മേയ് 26)
ഒരു ഡോളറിന് 74.98 രൂപ (മേയ് 26)
ബ്രെന്റ് ക്രൂഡ് ബാരലിന് 114.56 ഡോളര്‍ (8.33 am)
ഒരു ബിറ്റ് കോയിന്റെ വില 24,19,103 രൂപ (8.33 am)