തണലാകുമോ തലവേദനയാകുമോ സ്വപ്ന ഭവനം?

കോവിഡില്‍ തളര്‍ച്ചയിലായ റിയല്‍റ്റി മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാൽ അതോടൊപ്പം വീടുകൾക്ക് വിലയും ഉയരുകയാണ്. നിർമ്മാണ വസ്തുക്കളുടെ വില അനിയന്ത്രിതമായി ഉയർന്നതോടെ നിർമ്മാതാക്കൾ ഫ്ളാറ്റുകളുടേയും വീടുകളുടേയും വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായി. പണിപൂർത്തിയായ വീടുകൾക്ക് 15 മുതൽ 20 ശതമാനം വരെ വില ഉയരുമെന്നാണ് കൊച്ചിയിലെ പ്രമുഖ ബിൽഡർമാർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ വര്‍ധന സാധാരണക്കാരന് താങ്ങാനാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പണി പൂര്‍ത്തിയായ വീടുകള്‍ക്കാണ് നിലവില്‍ ആവശ്യക്കാരുള്ളത്. പ്രതിവര്‍ഷം ഭവന വില്‍പ്പന ഏകദേശം 12 ശതമാനം ഉയരുമെന്നാണ് […]

Update: 2022-04-30 05:11 GMT

കോവിഡില്‍ തളര്‍ച്ചയിലായ റിയല്‍റ്റി മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാൽ അതോടൊപ്പം വീടുകൾക്ക് വിലയും ഉയരുകയാണ്. നിർമ്മാണ വസ്തുക്കളുടെ വില അനിയന്ത്രിതമായി ഉയർന്നതോടെ നിർമ്മാതാക്കൾ ഫ്ളാറ്റുകളുടേയും വീടുകളുടേയും വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായി. പണിപൂർത്തിയായ വീടുകൾക്ക് 15 മുതൽ 20 ശതമാനം വരെ വില ഉയരുമെന്നാണ് കൊച്ചിയിലെ പ്രമുഖ ബിൽഡർമാർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ വര്‍ധന സാധാരണക്കാരന് താങ്ങാനാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

പണി പൂര്‍ത്തിയായ വീടുകള്‍ക്കാണ് നിലവില്‍ ആവശ്യക്കാരുള്ളത്. പ്രതിവര്‍ഷം ഭവന വില്‍പ്പന ഏകദേശം 12 ശതമാനം ഉയരുമെന്നാണ് ഏജന്‍സികള്‍ വലിയിരുത്തുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഭവന വില്‍പ്പന 42 ശതമാനത്തോളം വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

വില്‍പ്പനയില്‍ ഇടിവ്

“റിയല്‍റ്റി മേഖലയില്‍ ആവശ്യക്കാര്‍ ഏറുന്നുണ്ട്. അതേസമയം നിലവിലെ നിര്‍മ്മാണ വസ്തുക്കളുടെ വില വര്‍ധന കെട്ടിടങ്ങളുടെ വിലയിൽ പ്രതിഫലിക്കും. 15 മുതൽ 20 ശതമാനം വരെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. വിദേശ മലയാളികള്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളിൽ കൊച്ചിയിൽ കെട്ടിടങ്ങൾ വാങ്ങുന്നവരിൽ 70 ശതമാനവും ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ഒരു നിക്ഷേപം എന്ന രീതിയിലാണ് അവർ ഫ്ലാറ്റുകൾ വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. സ്വദേശീയരാണ് ഇപ്പോള്‍ ആവശ്യക്കാരില്‍ ഏറെയും. ജൂണോടു കൂടി വലിയ തോതിലുള്ള വില്‍പ്പന വര്‍ധനയുണ്ടാകുമെന്നതില്‍ സംശയമില്ല,” ക്രെഡായ് പ്രസിഡന്റ് രവി ജേക്കബ് പറയുന്നു.

കോവിഡിലും ഉയരുന്ന വില്‍പ്പന

നിക്ഷേപകരില്‍ കുറവുവന്നെങ്കിലും എന്‍ഡ് യൂസേഴ്‌സില്‍ (പണികഴിഞ്ഞ വീടുകള്‍ വാങ്ങുന്നവര്‍) കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് സ്‌കൈലയ്ന്‍ ബില്‍ഡേഴ്‌സിന്റെ കോര്‍പ്പറേറ്റ് സെയില്‍സ് വിഭാഗം ജനറല്‍ മാനേജര്‍ അനില്‍ ചാക്കോ പറയുന്നത്.

"ആഗോള തലത്തില്‍ കോവിഡ് രൂക്ഷമായപ്പോള്‍ വിദേശ മലയാളികള്‍ക്ക് നാട്ടില്‍ വീട് എന്നതൊരു അത്യാവശ്യ കാര്യമായി മാറി. അതുകൊണ്ടാണ് ഈ മേഖലയില്‍ വന്‍ ഉയര്‍ച്ച പ്രകടമായിരിക്കുന്നത്. റീസെയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ആവശ്യക്കാരേറെയാണെന്നതും ഇതില്‍ ചേര്‍ത്ത് പറയേണ്ട ഒന്നാണ്. ബംഗളൂരു, ഹൈദരാബാദ് പോലുള്ള മെട്രോകളില്‍ കോവിഡിന് ശേഷം വില്‍പ്പനയിൽ കുതിച്ച് കയറ്റമാണ് ഉണ്ടായത്. തെലങ്കാനയും ആന്ധ്രയിലും റിയല്‍റ്റി മേഖലയിലെ വളര്‍ച്ച ദൃശ്യമാണ്. മുന്‍പ് അധിക ഫണ്ട് കയ്യിലെത്തുമ്പോള്‍ നിക്ഷേപിച്ചിരുന്നത് റിയല്‍റ്റിയിലായിരുന്നു. ഇന്ന് അത്തരത്തിലുള്ള നിക്ഷേപം തീരെ കുറവാണ്. എടുത്തു പറയേണ്ട മറ്റൊന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ആളുകള്‍ക്ക് പ്രോപ്പര്‍ട്ടി നേരിട്ട് കാണാന്‍ അവസരങ്ങള്‍ വന്നു തുടങ്ങി. ഇത് വില്‍പ്പന വര്‍ധിക്കാന്‍ ഇടയായിട്ടുണ്ട്. ഭവന സമുച്ചയങ്ങള്‍ക്ക് പുറമെ ഭൂമി മാത്രമായി വാങ്ങുന്നവരും കൂടുതലാണ്."

" സിമന്റ്, സ്റ്റീല്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കള്‍ക്കൊക്കെ തന്നെ കാര്യമായ വില വര്‍ധനയുണ്ടായിട്ടുണ്ട്. കണക്കുകള്‍ പരിശോധിച്ചാല്‍ 2016 ല്‍ കിലോയ്ക്ക് 38 രൂപ മാത്രമുണ്ടായിരുന്ന സ്റ്റീലിന് ഈ വര്‍ഷം 97 രൂപയായിട്ടുണ്ട്. സിമെന്റിന്റെ കാര്യം പരിശോധിച്ചാലും ഇരട്ടി വര്‍ധന പ്രകടമാണ്. 2016 ല്‍ ചാക്കിന് 250 രൂപയായിരുന്ന സിമെന്റിന് 2022 ആയപ്പോഴേക്കും 410 രൂപയായി. ഈ വര്‍ധന നിര്‍മ്മാണ മേഖലയെ മൊത്തത്തില്‍ ബാധിച്ചിരിക്കുകയാണ്. അടിസ്ഥാനപരമായി വില വര്‍ധനയെ ബാധിക്കുന്നത് ഇതാണ്".

പുതിയ പ്രോജക്റ്റുകളുടെ വില ഉയരും

വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സിനെ സംബന്ധിച്ച് കോവിഡ് തൊട്ട് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതൊഴിച്ചാല്‍ വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടില്ലെന്നാണ് വീഗാലാന്‍ഡ് ഡെലപ്പേഴ്‌സിന്റെ പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് ജനറല്‍ മാനേജര്‍ ബിജോയ് ബാഹുലേയൻ പറയുന്നത്.

“അതിഥി തൊഴിലാളികള്‍ തിരിച്ചു പോയതും നിർമ്മാണ വസ്തുക്കളുടെ ലഭ്യതക്കുറവുമായിരുന്നു കാര്യങ്ങളെ പതുക്കെയാക്കിയത്. സ്വന്തമായി ഭവനം എന്ന തീരുമാനം ഉറപ്പിക്കാന്‍ പലര്‍ക്കും കോവിഡ് ഒരു ഘടകമായിട്ടുണ്ട്. നാൾക്കുനാൾ വില ഉയരുന്നതു കൊണ്ട് എത്രയും വേഗം വീടുകൾ സ്വന്തമാക്കാനാണ് ഉപഭോക്താക്കൾ ആഗ്രഹിക്കുന്നത്.ഇത് വിൽപ്പനയെ ത്വരിതപ്പെടുത്തി.” കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും വില്‍പ്പനയില്‍ വീഗാലാന്‍ഡിന് നഷ്ടങ്ങളില്ലെന്നാണ് ബിനോയ് വ്യക്തമാക്കിയത്. “ലക്ഷ്വറി സെഗ്മെന്റ് മാത്രം കൈകാര്യം ചെയ്യുന്ന വീഗാലാന്‍ഡിന് കോവിഡ് സമയത്തെ പരീക്ഷണം മാത്രമായിരുന്നു ബജറ്ററി സെഗ്മെന്റ്. ഇത് പൂര്‍ണ്ണ വിജയമായിരുന്നു. കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സ് ലക്ഷ്വറി സെഗ്മെന്റ് തന്നെയാണ്. 75 ശതമാനം ലക്ഷ്വറിയും, 25 ശതമാനം ബജറ്ററിയുമെന്ന അനുപാതത്തില്‍ തന്നെയാകും തുടര്‍ന്നു പോകുക” ബിജോയ് പറയുന്നു.

“50-55 ലക്ഷം രൂപയ്ക്ക് രണ്ട് ബെഡ് റൂം സൗകര്യവും, 60-65 ലക്ഷം രൂപയ്ക്ക് മൂന്ന് ബെഡ് റൂം സൗകര്യമാണ് വീഗാലാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്. നിര്‍മ്മാണ മേഖലയില്‍ സ്റ്റീല്‍ വില ഉയര്‍ത്തുന്ന വെല്ലുവിളി വലുതാണ്. ഒപ്പം പിവിസി ഐറ്റംസിന്റെ വില പ്രതീക്ഷിച്ചതിലും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പുതിയ പ്രോജക്റ്റുകൾ അവതരിപ്പിക്കുന്നതില്‍ ഈ വര്‍ധന പ്രകടമായിരിക്കും. അസംസ്‌കൃത വസ്തുക്കളില്‍ പോലും 35 ശതമാനത്തിന്റെ വിലക്കയറ്റമുണ്ടായിട്ടുണ്ട്. ഒരു കണ്ടെയ്‌നര്‍ ടൈല്‍സ് കൊച്ചിയിലെത്തിക്കാന്‍ 85,000 രൂപയിലധികം ചെലവ് വരും. മുന്‍പ് ഇത് 40,000 രൂപ മാത്രമായിരുന്നു.” ബിജോയ് വ്യക്തമാക്കി.

അഫോര്‍ഡബിള്‍ സെഗ്മെന്റില്‍ മികച്ച പ്രതികരണം

മൂന്ന് ഘടകങ്ങളാണ് വിലയുമായി ബന്ധപ്പെട്ട് റിയല്‍റ്റി മേഖലയിലുള്ളത്. ഭൂമി, നിര്‍മ്മാണം, നികുതി. ഇതിലെ വര്‍ധന ഉത്പന്നങ്ങളിലും പ്രതിഫലിക്കുമെന്നാണ് ഡ്രീം ഫ്‌ളവര്‍ മേധാവി ഫാസില്‍ എ എസ് പറയുന്നത്. “ആവശ്യകതയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് സമയത്ത് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്‍ വന്‍ കുറവുണ്ടായി. വില ഉയരുകയും ചെയ്തു. സ്റ്റീലിന്റെ വിലയാണ് സിമന്റിനേക്കാള്‍ കൂടുതല്‍ കാര്യമായി ബാധിക്കുക. ഇലക്ട്രിക്ക് ഉത്പന്നങ്ങള്‍ എല്ലാം ചൈനയില്‍ നിന്നുള്ള ഇറക്കുമതിയാണ്. കോവിഡ് കാലത്ത് ഇതും പ്രതിസന്ധി സൃഷ്ടിച്ചു. നേരിട്ടുള്ള നികുതിയാണ് ഇപ്പോഴുള്ളത്. അതിനാല്‍ 45 ലക്ഷം വരെയുള്ള ഫ്‌ളാറ്റുകള്‍ക്ക് ഒരു ശതമാനം നികുതിയും, 45 വര്‍ഷത്തിന് മുകളിലുള്ള ഫ്‌ളാറ്റുകള്‍ക്ക് 5 ശതമാനവുമാണ് നികുതി,” അദ്ദേഹം പറഞ്ഞു.

എന്നാല്‍ വില വര്‍ധന മൂലം ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഫാസിൽ വ്യക്തമാക്കുന്നത്. "ന്യായമായ പലിശയില്‍ ഭവന വായ്പകള്‍ ലഭിക്കുന്നത് ആളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ റഷ്യ-യുക്രെന്‍ യുദ്ധ പശ്ചാത്തലത്തില്‍ വിനിമയ നിരക്കിലുണ്ടായ വ്യത്യാസം ചില ഉപഭോക്താക്കളെ പിന്നോട് വലിക്കുന്നുണ്ട്. ഒപ്പം ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിലും നിരക്ക് വ്യത്യസം നിലവില്‍ വന്നു." അഫോര്‍ഡബിള്‍ സെഗ്മെന്റ് മികച്ച പ്രതികരണം തന്നെയാണ് എപ്പോഴും നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റയടിക്ക് എട്ട് ശതമാനത്തിന്റെ വര്‍ധനയാണ് ഭവന വിലയിലുണ്ടാവുകയെന്നാണ് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് (ഇന്‍ഡ്-റ)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വീടിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളിലെ വിലക്കയറ്റം പരിഗണിക്കുമ്പോള്‍ വീടുകളുടെ വില വര്‍ധന ന്യായീകരിക്കാവുന്നതാണെന്ന് ബിൽഡർമാർ അവകാശപ്പെടുന്നു.

Tags:    

Similar News