സ്വയം 'കത്തുന്ന' ഇവി വാഹനങ്ങള്‍: വിപണിയില്‍ ആശങ്ക, കരുതലോടെ കമ്പനികള്‍

കുതിച്ചുയരുന്ന ഇന്ധന വിലയില്‍ നട്ടം തിരിയുന്ന വാഹന ഉടമകള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് (ഇവി)ചുവടുമാറ്റാന്‍ തുടങ്ങിയിരിക്കുന്നു. ദിനം പ്രതി ഉയരുന്ന പെട്രോള്‍-ഡീസല്‍ വിലകള്‍ പൊതുജനങ്ങള്‍ക്ക് അത്രത്തോളം അസഹനീയമായി മാറിയിരിക്കുന്നു എന്ന് സാരം. ഇതാണ് ഇലക്ട്രിക് വാഹനങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തിയത്. ഇരുചക്ര വാഹന വിപണിയില്‍ പ്രകടമായ മാറ്റമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്നത്. ഒറ്റ ചാര്‍ജില്‍ ദീര്‍ഘദുര യാത്ര സാധ്യമാകുമെന്നതും ചാര്‍ജിംഗ് ചെലവ് കുറവാണെന്നതുമാണ് ഇവി വാഹനങ്ങളെ ജനപ്രിയമാക്കിയത്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ ഇരുചക്ര ഇവി മേഖലയ്ക്ക് വെല്ലുവിളിയായിക്കഴിഞ്ഞു. ഇവി […]

Update: 2022-04-19 20:00 GMT

കുതിച്ചുയരുന്ന ഇന്ധന വിലയില്‍ നട്ടം തിരിയുന്ന വാഹന ഉടമകള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് (ഇവി)ചുവടുമാറ്റാന്‍ തുടങ്ങിയിരിക്കുന്നു. ദിനം പ്രതി ഉയരുന്ന പെട്രോള്‍-ഡീസല്‍ വിലകള്‍ പൊതുജനങ്ങള്‍ക്ക് അത്രത്തോളം അസഹനീയമായി മാറിയിരിക്കുന്നു എന്ന് സാരം. ഇതാണ് ഇലക്ട്രിക് വാഹനങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തിയത്. ഇരുചക്ര വാഹന വിപണിയില്‍ പ്രകടമായ മാറ്റമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്നത്. ഒറ്റ ചാര്‍ജില്‍ ദീര്‍ഘദുര യാത്ര സാധ്യമാകുമെന്നതും ചാര്‍ജിംഗ് ചെലവ് കുറവാണെന്നതുമാണ് ഇവി വാഹനങ്ങളെ ജനപ്രിയമാക്കിയത്.

എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ ഇരുചക്ര ഇവി മേഖലയ്ക്ക് വെല്ലുവിളിയായിക്കഴിഞ്ഞു. ഇവി വാഹനങ്ങളിലുണ്ടാകുന്ന തീപ്പിടിത്തം മൂലം വന്‍ നാഷനഷ്ടങ്ങളും ജീവഹാനിയും വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പൊതു ജനങ്ങളെ കാര്യമായി ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇതോടെ ഇവി ഇരുചക്ര വാഹനങ്ങളുടെ ബുക്കിംഗില്‍ ഏകദേശം 10 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ഇരുചക്ര ഇവികള്‍ ആദ്യമായി വിപണിയിലെത്തിച്ച ഒകിനോവ ഓട്ടോടെക്ക് 3215 ഇലക്ട്രിക് വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

തുടര്‍ച്ചയായ തീപിടുത്തങ്ങള്‍ വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. ആളുകള്‍ തീരുമാനം താല്‍ക്കാലികമായി മാറ്റിയിട്ടുണ്ടെന്നാണ് പൊതുവിലുള്ള അഭ്യൂഹം. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് വാങ്ങാനായി കാത്തിരിക്കുകയാണ് ഭൂരിപക്ഷം ആളുകളും. മാത്രമല്ല, ഇത്രയധികം തീപിടുത്തങ്ങള്‍ ഉണ്ടായതിനാല്‍ കൂടുതല്‍ മികച്ച വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കമ്പനികള്‍ ശ്രമിക്കുമെന്ന ധാരണ പൊതു ജനങ്ങള്‍ക്കുണ്ട്. വാഹനങ്ങള്‍ കത്തിപ്പിടിക്കുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതും സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചിട്ടുണ്ട്.

2021 സാമ്പത്തിക വര്‍ഷത്തില്‍ 41,046 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് 2022 സാമ്പത്തിക വര്‍ഷമായപ്പോഴേക്കും 2,31,338 ഇവി സ്‌ക്കൂട്ടറുകളാണ് വിറ്റത്. 2020 ല്‍ ഇത് വെറും 24,843 മാത്രമായിരുന്നു. അതേസമയം ഈ പ്രശ്നങ്ങളൊന്നും ബുക്കിംഗിനെ ബാധിച്ചിട്ടില്ലെന്നാണ് പല ഡീലര്‍മാരും സൂചിപ്പിക്കുന്നത്. നിലിവലെ ആശങ്കകള്‍ താല്‍ക്കാലികം മാത്രമാണെന്നാണ് ഇവരുടെ അഭിപ്രായം.

അതേസമയം ഇവി വാഹനങ്ങളുടെ അപകടങ്ങളില്‍ കേന്ദ്ര ഗതാഗത മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനോടും സെന്റര്‍ ഓഫ് ഫയര്‍ എക്സ്പ്ലോസീവ് ആന്‍ഡ് എണ്‍വിയോണ്‍മെന്റ് സേഫ്റ്റി (സിഎഫ്ഇഇഎസ്)യോടുമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒകിനോവ ഓട്ടോടെക്ക്, ഹീറോ ഇലകട്രിക്, ഒല ഇലക്ട്രിക്, ടിവിസ്, പ്യുവര്‍ ഇവി, ആംപേറെ, ഏതര്‍ എനര്‍ജി എന്നിവയാണ് നിലവില്‍ ഇരുചക്ര ഇവി വാഹന രംഗത്തെ പ്രധാന കമ്പനികള്‍. ഇവി വാഹനങ്ങളുടെ പ്രശ്നങ്ങള്‍ ഒരു വശത്ത് നില്‍ക്കുമ്പോഴും വിപണിയില്‍ വളര്‍ച്ച പ്രകടമാണ്. യമഹ, ഹോണ്ട, സുസുകി എന്നിവ പുതിയ ഇവി മോഡലുകല്‍ വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നതും ഈ തരംഗത്തിന്റെ ഭാഗമാണ്.

Tags:    

Similar News